Home Uncategorized ബംഗളുരുവിൽ നിന്നും വന്ന യുവതിക്കും മക്കള്‍ക്കും ഉണ്ടായത് വിഷമകരമായ അനുഭവം; ഇത്തരം പ്രവര്‍ത്തികള്‍ മനുഷ്യര്‍ക്ക് ചേര്‍ന്നതല്ല; രോക്ഷത്തോടെ മുഖ്യമന്ത്രി

ബംഗളുരുവിൽ നിന്നും വന്ന യുവതിക്കും മക്കള്‍ക്കും ഉണ്ടായത് വിഷമകരമായ അനുഭവം; ഇത്തരം പ്രവര്‍ത്തികള്‍ മനുഷ്യര്‍ക്ക് ചേര്‍ന്നതല്ല; രോക്ഷത്തോടെ മുഖ്യമന്ത്രി

by admin

തിരുവനന്തപുരം: ബംഗളുരുവിൽ നിന്നും വന്ന യുവതിക്കും മക്കള്‍ക്കും കോട്ടയത്ത് ഉണ്ടായത് വിഷമകരമായ അനുഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് എതിരായുള്ള പോരാട്ടത്തിന് കളങ്കം സൃഷ്ടിക്കുന്നതാണ് ഇത്തരം കാര്യങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു. ബെംഗളുരുവില്‍ നിന്ന് എത്തി 14 ദിവസം ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ യുവതിയും മക്കളും വീട്ടില്‍ കയറാനാകാതെ എട്ട് മണിക്കൂറോളമാണ് റോഡില്‍ കഴിയേണ്ടി വന്നത്. സ്വന്തം വീട്ടുകാരും ഭര്‍തൃവീട്ടുകാരും ഇവരെ വീട്ടില്‍ സ്വീകരിച്ചില്ല. ഒടുവില്‍ അവര്‍ കളക്ടറേറ്റില്‍ അഭയം തേടി. ഇത്തരം അനുഭവങ്ങള്‍ മനുഷ്യത്വം എവിടെ എന്ന് നമ്മളെ ഓര്‍മിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭർത്താവും സ്വന്തം അമ്മയും കൈയൊഴിഞ്ഞു; പോകാനിടമില്ലാതെ ബംഗളുരുവിൽ നിന്നെത്തിയ യുവതിയും കുഞ്ഞുങ്ങളും

ക്വാറന്റീനില്‍ കഴിയുന്നവരെ ഒറ്റപ്പെടുത്തുക, ഊരുവിലക്ക് പോലെ അകറ്റി നിര്‍ത്തുക, ചികിത്സ കഴിഞ്ഞവര്‍ക്ക് വീട്ടില്‍ പ്രവേശനം നിഷേധിക്കുക പോലുള്ള സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സാധാരണ നിലയ്ക്ക് ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയാല്‍ മറ്റ് അപകടങ്ങളില്ലെന്ന് വ്യക്തമായവരെ അകറ്റി നിര്‍ത്തരുത്. അവരെ ശാരീരികാകലം പാലിച്ച് നല്ല രീതിയില്‍ സംരക്ഷിക്കണം. റൂം ക്വാറന്റീന്‍ ആണ് അവര്‍ക്ക് നിര്‍ദേശിച്ചത്. ഒരേ വീട്ടില്‍ അങ്ങനെ നിരവധിപ്പേര്‍ കഴിയുകയല്ലേ? ഒറ്റപ്പെട്ട ഇത്തരം ചില മനോഭാവങ്ങള്‍ നമ്മുടെ സമൂഹത്തിന്റെ പൊതുനിലയ്ക്ക് അപകീര്‍ത്തികരമാണ്.- മുഖ്യമന്ത്രി പറഞ്ഞു.

വിദേശങ്ങളില്‍ നിന്ന് വരുന്നവരെ സ്വീകരിക്കുകയും ആവശ്യമായ സൗകര്യങ്ങള്‍ നല്‍കുകയുമാണ് നമ്മുടെ നാടിന്റെ ഉത്തരവാദിത്തം. അതിന് പകരം അവരെ വീട്ടില്‍ കയറ്റാതെ ആട്ടിയോടിക്കുന്ന നടപടികള്‍ മനുഷ്യര്‍ക്ക് ചേര്‍ന്നതല്ല. വരുന്നവരില്‍ ചിലര്‍ക്ക് രോഗമുണ്ടാകാം. അത് പകരാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. അതിനാണ് ക്വാറന്റീന്‍. സര്‍ക്കാര്‍ നിര്‍ദേശം കൃത്യമായി പാലിക്കണം. ക്വാറന്റീന്‍ എന്നത്, അതില്‍ കഴിയുന്നവര്‍ക്ക് വിഷമകരമാണ്. പുറംലോകവുമായുള്ള ബന്ധം വിച്ഛേദിച്ച് കഴിയണം. നമ്മുടെ സഹോദരങ്ങള്‍ അതിന് തയ്യാറാകുന്നത് അവരുടെ മാത്രമല്ല എല്ലാവരുടെയും സുരക്ഷ കരുതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൊഴിലുള്‍പ്പെടെ നഷ്ടപ്പെട്ട് കടുത്ത സമ്മര്‍ദ്ദം നേരിടുന്ന അവസ്ഥയിലാണ് വലിയൊരു ശതമാനം പ്രവാസികളും തിരികെ വരുന്നത്. അവര്‍ക്കാവശ്യമായ മാനസിക പിന്തുണ നമ്മള്‍ നല്‍കണം. അതിന് നാം ബാധ്യസ്ഥരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ശാരീരികാകലം പാലിക്കുക. രോഗവ്യാപനസാധ്യത ഒഴിവാക്കുക. കൊവിഡ് രോഗവ്യാപനത്തിന്റെ സ്വഭാവം മനസ്സിലാക്കിയാണ് റൂം ക്വാറന്റീന്‍ നിര്‍ദേശിച്ചത്. വീട്ടിലുള്ളവര്‍ തന്നെ മാസ്‌ക് ധരിക്കുക, ശാരീരികാകലം പാലിക്കുക എന്നതൊക്കെ ഇതിന്റെ ഭാഗമാണ്. ക്വാറന്റീനില്‍ തുടരുന്നവരെ സഹായിക്കാന്‍ വാര്‍ഡ് തല കമ്മിറ്റികളും ദിശയും ഇ സഞ്ജീവനി ടെലിമെഡിസിന്‍ പദ്ധതിയുമുണ്ട്. രോഗം ഭേദമായാല്‍ പിന്നെ മറ്റൊരാളിലേക്ക് പകരില്ല. രോഗം മാറി വീട്ടിലെത്തിയവരെ മാറ്റി നിര്‍ത്തരുത്. ഇത് തെറ്റായ ധാരണയാണ്. ഇവര്‍ക്ക് ആരോഗ്യം ശരിയായി വീണ്ടെടുക്കാന്‍ സഹായം വേണം.

bangalore malayali news portal join whatsapp group

ഈ മഹാമാരിയെ തടഞ്ഞ് നിര്‍ത്താന്‍ നമുക്ക് വേണ്ടത് മനുഷ്യത്വമാണ്. ഈ ഘട്ടത്തെ കടന്ന് പോകേണ്ടതുണ്ട്. ഓര്‍ക്കേണ്ടത് ഈ രോഗം ചിലപ്പോള്‍ നാളെ ആര്‍ക്കും വരാം. അപ്പോള്‍ രോഗികളെ ശത്രുക്കളായി കാണരുത്. രോഗമാണ് ശത്രു. ഇത് മറക്കരുത്. ക്വാറന്റീനില്‍ കഴിയുന്നവര്‍ വിലക്ക് ലംഘിച്ച് പുറത്ത് പോകാന്‍ പാടില്ല എന്നത് നിര്‍ബന്ധമാണ്. ക്വാറന്റീനില്‍ കഴിയുന്നവരെ ശല്യപ്പെടുത്തും വിധം പെരുമാറരുത്. അങ്ങനെയുണ്ടായാല്‍ ശക്തമായ നടപടിയുണ്ടാകും. ഇത് ജനങ്ങളുടെ മൊത്തം ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group