കർണാടകയിൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് അനുവദിച്ചിട്ടുള്ള സൗജന്യ യാത്ര പദ്ധതി സാമൂഹ്യ മാധ്യമങ്ങളിൽ പുതിയൊരു സംവാദത്തിന് തിരികൊളുത്തി. കിരൺ കുമാർ എന്ന വ്യക്തിയുടെ എക്സ് (മുൻപ് ട്വിറ്റർ) പോസ്റ്റാണ് ഈ ചർച്ചകൾക്ക് തുടക്കമിട്ടത്. അദ്ദേഹം മൈസൂറിലേക്കുള്ള തന്റെ യാത്രാനുഭവം പങ്കുവെച്ചുകൊണ്ട് ഉന്നയിച്ച ചില ചോദ്യങ്ങൾ സൗജന്യ യാത്രയുടെ സാമൂഹികവും സാമ്പത്തികവുമായ വശങ്ങളെക്കുറിച്ചുള്ള ഗൗരവമായ സംവാദങ്ങൾക്ക് വഴി തെളിയിക്കുകയാണ്.കർണാടക ആർടിസി ബസിൽ 210 രൂപ കൊടുത്ത് മൈസൂരുവിലേക്ക് യാത്ര ചെയ്ത അദ്ദേഹം, ബസിലെ 50 യാത്രക്കാരിൽ 30 പേർ സ്ത്രീകളായിരുന്നെന്നും അവർ ആധാർ കാർഡ് കാണിച്ചു സൗജന്യമായി യാത്ര ചെയ്യുകയായിരുന്നു എന്നും തന്റെ എക്സ് (മുൻപ് ട്വിറ്റർ) അക്കൗണ്ടിൽ കുറിച്ചു.
ഇതാണ് ‘ഇത് ന്യായമാണോ? ഇത് സമത്വമാണോ?’ എന്ന ചോദ്യമാണ് കിരൺ കുമാർ ഉന്നയിക്കുന്നത്.നല്ല ബസും മികച്ച റോഡും ഉണ്ടായിട്ടും എന്തുകൊണ്ട് സ്ത്രീകൾക്ക് മാത്രം സൗജന്യ യാത്ര നൽകുന്നു എന്ന് അദ്ദേഹം ചോദിച്ചു. 50 യാത്രക്കാരിൽ 30 പേർ സൗജന്യമായി യാത്ര ചെയ്യുമ്പോൾ ബാക്കിയുള്ള 20 പുരുഷന്മാർ മുഴുവൻ ബസിന്റെയും ചെലവ് വഹിക്കേണ്ടി വരുന്നതിലെ ഔചിത്യത്തെയും അദ്ദേഹം ചോദ്യം ചെയ്തു. പ്രായമായ ഒരാൾ ചില്ലറ കൊടുക്കാൻ ബുദ്ധിമുട്ടുന്നത് കണ്ടെന്നും എന്നാൽ സമ്പന്നയായ ഒരു യുവതി യാതൊരു പൈസയും കൊടുക്കാതെ വീഡിയോ കോൾ ചെയ്തു യാത്ര ചെയ്യുന്നത് കണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തിന് അധിക വരുമാനം ഉണ്ടെങ്കിൽ എന്തുകൊണ്ട് ഈ 20 പുരുഷന്മാർക്കും സൗജന്യ യാത്ര നൽകിക്കൂടാ എന്ന് കിരൺ ചോദിക്കുന്നു. വിമാനത്താവള ഷട്ടിൽ സർവീസുകൾ പോലെ സാർവത്രിക സൗജന്യ ബസ് സർവീസ് അദ്ദേഹം നിർദേശിച്ചു. ലോകമെമ്പാടും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കാണ് സബ്‌സിഡിയും ആനുകൂല്യങ്ങളും നൽകുന്നത്. എന്നാൽ ഇവിടെ ബംഗളൂരു, മൈസൂരു പോലുള്ള സമ്പന്ന നഗരങ്ങളിലെ സ്ത്രീകൾ സൗജന്യമായി യാത്ര ചെയ്യുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും ഇത് എത്രത്തോളം സുസ്ഥിരമാണെന്നും അദ്ദേഹം ചോദിച്ചു.സൗജന്യ യാത്രക്കായി ചിലവഴിക്കുന്ന പണം നഗരത്തിലെ മാലിന്യ നിർമ്മാർജനത്തിനോ റോഡുകളുടെ അറ്റകുറ്റപ്പണികൾക്കോ കർഷകർക്ക് വെള്ളം നൽകുന്നതിനോ ഉപയോഗിച്ചുകൂടെ എന്നും കിരൺ ചോദിക്കുന്നു.
വോട്ടിനു വേണ്ടിയുള്ള സൗജന്യങ്ങളുടെ ഒരു ദുഷിച്ച ചക്രവ്യൂഹത്തിൽ നമ്മൾ അകപ്പെട്ടിരിക്കുകയാണെന്നും അതിൽ നിന്ന് പുറത്തുകടക്കുന്നത് ബുദ്ധിമുട്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.സാമ്പത്തിക ശേഷിയുടെ അടിസ്ഥാനത്തിൽ മാത്രമേ സൗജന്യങ്ങളും സംവരണവും നൽകാവൂ എന്ന് മറ്റുചിലർ വാദിച്ചു. നിലവിൽ പുരുഷന്മാരാണ് കൂടുതൽ നികുതി അടയ്ക്കുന്നതെന്നും എന്നാൽ സ്ത്രീകൾ സൗജന്യ ആനുകൂല്യങ്ങൾ കൂടുതൽ അനുഭവിക്കുന്നുണ്ടെന്നും ചിലർ ചൂണ്ടിക്കാട്ടി. സൗജന്യ യാത്രയെക്കുറിച്ചുള്ള ഈ ചർച്ച ഇനിയും തുടരുമെന്ന് ഉറപ്പാണ്.