ബംഗളൂരുവിൽ മലയാളി വിദ്യാർഥികൾക്ക് നേരെ വീണ്ടും ഗുണ്ടാ ആക്രമണവും തട്ടിക്കൊണ്ടുപോകലും. കൃപനിധി കോളേജിലെ ബി.സി.എ മൂന്നാം വർഷ വിദ്യാർഥികളായ മുഹമ്മദ് ഫർഷിൻ, പ്രവീൺ പി., വിഷ്ണു ബി. എന്നിവരെയാണ് ആറംഗ സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചത്. ഞായറാഴ്ച പുലർച്ചെ 1.30ഓടെയാണ് സംഭവം.മുള്ളൂരിലെ പി.ജി താമസസ്ഥലത്തിന് സമീപം ആറു വിദ്യാർഥികൾ നിൽക്കുന്നതിനിടെയാണ് മൂന്ന് ബൈക്കുകളിലായെത്തിയ സംഘം ആക്രമണം നടത്തിയത്. മൂന്ന് വിദ്യാർഥികളെ ബലമായി ബൈക്കുകളിൽ കയറ്റിക്കൊണ്ടുപോയപ്പോൾ മറ്റ് മൂന്ന് പേർ ഓടി രക്ഷപ്പെട്ടു.തട്ടിക്കൊണ്ടുപോയ വിദ്യാർഥികളുടെ കണ്ണ് കെട്ടി അത്തിബേലെ-സർജാപ്പൂർ റോഡിന് സമീപമുള്ള വിജനപ്രദേശത്തേക്ക് കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു. മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ട് വിദ്യാർഥികളെ ക്രൂരമായി മർദ്ദിച്ച സംഘം, ഇവരിൽ നിന്ന് 27,000 രൂപയും ഒരു ഐഫോണും കവർന്നു.
ശേഷം പ്രവീണിനെയും വിഷ്ണുവിനെയും വിട്ടയച്ചെങ്കിലും മുഹമ്മദ് ഫർഷിനെ തടഞ്ഞുവെച്ച് വീണ്ടും മർദ്ദിച്ചു. ഫർഷിന്റെ കഴുത്തിൽ കത്തിവെച്ച് വീട്ടുകാരെ വീഡിയോ കോളിലൂടെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും ചെയ്തു. ഭയന്ന വീട്ടുകാർ 70,000 രൂപ ഓൺലൈനായി അയച്ചതായും റിപ്പോർട്ടുണ്ട്.തുടർന്ന് കുടുംബാംഗങ്ങൾ പോലീസിനെ സമീപിച്ചതിനെ തുടർന്ന് നടത്തിയ സൈബർ പരിശോധനയിൽ പ്രതികളുടെ ഫോൺ ലൊക്കേഷൻ കണ്ടെത്തി. പോലീസ് നടത്തിയ തിരച്ചിലിനിടെ പ്രതികൾ ഫർഷിനെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.ശരീരമാസകലം പരിക്കേറ്റ ഫർഷിൻ ചികിത്സയിലാണ്. വറത്തൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.ബംഗളൂരുവിൽ മലയാളി വിദ്യാർഥികളെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങളും ഭീഷണിപ്പെടുത്തലുകളും വർധിക്കുന്നതായി ആരോപണമുയരുന്ന സാഹചര്യത്തിൽ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാകുന്നു.