ബെംഗളൂരു: കൊലക്കേസില്‍ ജയിലില്‍ കഴിയുന്ന കന്നഡ നടൻ ദർശൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെന്ന അഭ്യൂഹം പരന്നതിനെ തുടർന്ന് ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രല്‍ ജയിലിന് സമീപം സംഘർഷാവസ്ഥ ഉടലെടുത്തു.നടൻ ആത്മഹത്യാശ്രമം നടത്തിയിട്ടില്ലെന്നും, പ്രചരിക്കുന്നത് കിംവദന്തികളാണെന്നും ജയിലിലെ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. ഞായറാഴ്ച രാത്രി മുതല്‍ വ്യാജപ്രചാരണം നടക്കുന്നുണ്ടെന്നും അവ വിശ്വസിക്കരുതെന്നും അവർ അഭ്യർത്ഥിച്ചു.വിഷയം വിവാദമായി മാറിയതോടെ ജയില്‍ ഡിജിപി അലോക് കുമാർ മാധ്യമങ്ങള്‍ക്ക് വിശദീകരണം നല്‍കി രംഗത്തെത്തി. സിനിമാ താരം ദർശന്റെ ആത്മഹത്യാശ്രമത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. അത്തരം അഭ്യൂഹങ്ങള്‍ വിശ്വസിച്ച് ആരും പരപ്പന അഗ്രഹാര സെൻട്രല്‍ ജയിലിനടുത്തേക്ക് വരരുതെന്നും അലോക് കുമാർ പറഞ്ഞു.നാളെയാണ് ദർശന്റെ വിവാഹ വാർഷിക ദിനം. ഈ ദിവസം കുടുംബത്തെ കാണാൻ ദർശൻ കോടതിയില്‍ നിന്ന് അനുമതി തേടിയിട്ടുണ്ട്. അപേക്ഷയില്‍ കോടതി ഇതുവരെ തീരുമാനമെടുത്തിട്ടില്ല.രേണുകസ്വാമി എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ദര്‍ശൻ ജയിലില്‍ കഴിയുന്നത്. കർണാടകയില്‍ വൻ ജനരോഷം സൃഷ്ടിച്ച സംഭവമായിരുന്നു രേണുകസ്വാമിയുടെ കൊലപാതകം.
ഒരു സാധാരണക്കാരനായ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനെ ദർശനും കൂട്ടരും ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയെന്നതാണ് കേസ്.2024 ജൂണ്‍ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നടി പവിത്ര ഗൗഡയ്ക്ക് രേണുകസ്വാമി അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്ന് ആരോപിച്ച് അയാളെ കൊലപ്പെടുത്തുകയായിരുന്നു എന്നതാണ് കേസ്. ഇതില്‍ ദർശനും മറ്റ് പത്ത് പേരും അറസ്റ്റിലായിരുന്നു. അന്വേഷണ റിപ്പോർട്ടില്‍ ദർശനും പവിത്ര ഗൗഡയും പ്രതിപ്പട്ടികയില്‍ പെട്ടിരുന്നു. ഇരയായ രേണുക സ്വാമി ഒരു മെഡിക്കല്‍ ഷോപ്പിലെ ജോലിക്കാരനായിരുന്നു, ചിത്രദുർഗ സ്വദേശിയായ ഇയാളെ ദർശനും മറ്റ് 10 പേരും ചേർന്ന് പട്ടാണഗെരെയിലെ ഒരു ഷെഡില്‍ വെച്ച് മർദ്ദിക്കുകയും കൊലപ്പെടുത്തുകയം ചെയ്തു എന്നാണ് ആരോപണം. ജൂണ്‍ 8 ന് രേണുകസ്വാമി കൊല്ലപ്പെട്ടു. അടുത്ത ദിവസമാണ് മൃതദേഹം കണ്ടെത്തിയത്.2024 ഡിസംബർ 13-ന് കർണാടക ഹൈക്കോടതി നടൻ ദർശനും മറ്റുള്ളവർക്കും സ്ഥിരം ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ 2025-ല്‍, ജാമ്യം റദ്ദാക്കി. നിലവില്‍ നടന്‍ വിചാരണ കാത്ത് ജയിലിലാണ്. ഇതിനിടെയാണ് അഭ്യൂഹം ഉയര്‍ന്നതും ആരാധകർ ജയിലിനു പുറത്ത് തടിച്ചു കൂടിയതും.