ബെംഗളൂരു: നമ്മ മെട്രോ ട്രെയിനിലെ പിടി പൊട്ടി മൂക്കിന് പരിക്കേറ്റ യാത്രക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതിയുടെ ഉത്തരവ്.ഉപയോക്താക്കള്‍ക്ക് നല്‍കുന്ന സേവനത്തില്‍ വീഴ്ച വരുത്തിയതിനാണ് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡിനെതിരെ കണ്‍സ്യൂമര്‍ കമ്മീഷന്റെ നടപടി.ഗംഗാനഗര്‍ എക്സ്റ്റന്‍ഷന്‍ സ്വദേശിയായ എം.ജി. നാഗരാജു (49) എന്ന യാത്രക്കാരന്റെ പരാതിയിലാണ് കണ്‍സ്യൂമര്‍ കമ്മീഷന്‍, BMRCL 5,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ടത്. 2025 ജനുവരി 18-നായിരുന്നു പരാതിക്ക് ആധാരമായ സംഭവം. അന്ന് രാജാജി നഗറില്‍ നിന്ന് കെ.ആര്‍. മാര്‍ക്കറ്റിലേക്ക് തിരക്കേറിയ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു നാഗരാജു.
സീറ്റുകള്‍ ഒഴിവില്ലാതിരുന്നതിനാല്‍ ഇയാള്‍ നില്‍ക്കുകയായിരുന്നു. കൂടാതെ മുകളില്‍ തൂങ്ങുന്ന പിടിയില്‍ പിടിച്ചിരുന്നു. ട്രെയിന്‍ കെ.ആര്‍. മാര്‍ക്കറ്റ് സ്റ്റേഷനോട് അടുത്തുകൊണ്ടിരിക്കെ പിടി പെട്ടെന്ന് പൊട്ടുകയും അദ്ദേഹത്തിന്റെ മൂക്കില്‍ ശക്തമായി വന്നിടിക്കുകയും ചെയ്തു. ഇതോടെ മൂക്കിലെ മുറിവില്‍ നിന്ന് ചോര വന്നു.ഇടിയുടെ ആഘാതത്തില്‍ അദ്ദേഹത്തിന്റെ 3,000 രൂപ വിലയുള്ള ബ്രാന്‍ഡഡ് കണ്ണട തകരുകയും ചെയ്തു. അന്ന് കൂടെയുണ്ടായിരുന്ന മറ്റ് യാത്രക്കാരുടെ ഇടപെടല്‍ കൊണ്ടാണ് ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ അദ്ദേഹം വീഴാതെ രക്ഷപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന്, കെആര്‍ മാര്‍ക്കറ്റ് സ്റ്റേഷനില്‍ ഇറങ്ങിയ നാഗരാജു അവിടുത്തെ സ്റ്റേഷന്‍ കണ്‍ട്രോളറെ സമീപിച്ചെങ്കിലും അദ്ദേഹം ആദ്യം പരാതി അവഗണിച്ചു.എന്നാല്‍ നാഗരാജു നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് പ്രസ്തുത BMRCL ഉദ്യോഗസ്ഥന്‍ പരാതി രേഖപ്പെടുത്താന്‍ തയാറായത്. എന്നാല്‍ നാല് ദിവസത്തിന് ശേഷം നമ്മ മെട്രോയുടെ പരാതി പരിഹാര സെല്ലുമായി ബന്ധപ്പെട്ടപ്പോള്‍ അങ്ങനെയൊന്ന് ഫയല്‍ ചെയ്തിട്ടില്ലെന്ന മറുപടിയാണ് നാഗരാജുവിന് ലഭിച്ചത്. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ സ്റ്റേഷന്‍ കണ്‍ട്രോളര്‍ കയര്‍ക്കുകയും സഹായിക്കാന്‍ വിസമ്മതിക്കുകയും ചെയ്തു.
തുടര്‍ന്ന് 2025 ജനുവരി 24-ന് BMRCL നാഗരാജുവിന് അയച്ച മറുപടി മെയിലില്‍, ചികിത്സാ നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി. മറ്റ് വഴികളില്ലാതെ വന്നതോടെ, തകര്‍ന്ന കണ്ണടയ്ക്ക് 3,000 രൂപയും, ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും, ചികിത്സാ ചെലവുകളും ആവശ്യപ്പെട്ട് 2025 ഫെബ്രുവരി 10-ന് അദ്ദേഹം ഉപഭോക്തൃ കോടതിയില്‍ പരാതി ഫയല്‍ ചെയ്തു.BMRCL വാദം പൊളിഞ്ഞു, നഷ്ടപരിഹാരത്തിന് ഉത്തരവ്‌യാത്രക്കാരന്‍ പിടിയില്‍ ശക്തിപ്രയോഗിക്കുകയും മുഴുവന്‍ ഭാരവും താങ്ങാന്‍ അതിനെ ആശ്രയിക്കുകയും ചെയ്തതിനാലാണ് പൊട്ടിപ്പോയതെന്നായിരുന്നു BMRCL അധികൃതരുടെ വാദം. മെട്രോയിലെ പ്ലാസ്റ്റിക് പിടികള്‍ നേരിയ പിന്തുണയ്ക്ക് മാത്രമുള്ളതാണെന്നും അതില്‍ തൂങ്ങാന്‍ പാടില്ലെന്നുമായിരുന്നു BMRCLന്റെ മറ്റൊരു വാദം.സിസിടിവി ദൃശ്യങ്ങള്‍ ഇതിന് തെളിവാണെന്ന് അവര്‍ അവകാശപ്പെട്ടു. പക്ഷേ അത് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ BMRCLന് കഴിഞ്ഞില്ല.
മെട്രോയിലെ പിടികള്‍ നേരിയ പിന്തുണയ്ക്ക് മാത്രമുള്ളതാണെന്ന കാര്യം ബോര്‍ഡുകള്‍ വഴിയോ അനൗണ്‍സ്‌മെന്റുകള്‍ വഴിയോ യാത്രക്കാരെ അറിയിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.യാത്രക്കാരന്‍ സാധാരണ രീതിയിലാണ് പിടി ഉപയോഗിച്ചതെന്ന് ഹാജരാക്കിയ ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. യാത്രക്കാരന്റെ പരാതി അവഗണിച്ചതിനും കൃത്യമായ സേവനം നല്‍കാത്തതിനും BMRCL അധികൃതര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.തുടര്‍ന്ന് പരിക്കേറ്റ യാത്രക്കാരന് 5,000 രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. ഉപഭോക്തൃ നിയമത്തിന്റെ പരിധിയില്‍ തങ്ങള്‍ വരില്ലെന്ന BMRCLന്റെ വാദം തള്ളിക്കളഞ്ഞ കമ്മീഷന്‍, യാത്രാക്കൂലി ഈടാക്കുന്ന മെട്രോ ഓപ്പറേറ്റര്‍, 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം സേവന ദാതാവാണെന്ന് വിധിച്ചു.മെയ് 4-ന് സയദ് അന്‍സര്‍ കലീം, അംഗങ്ങളായ ശരവതി എസ്.എം, ജ്യോതി എന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് തകര്‍ന്ന കണ്ണടയ്ക്ക് 3,000 രൂപയും, കോടതിച്ചെലവായി 2,000 രൂപയും നാഗരാജുവിന് നല്‍കാന്‍ BMRCL നോട് ഉത്തരവിട്ടത്.