ബെംഗളൂരു: കർണാടകയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ മാറ്റി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ അധികാരത്തിലേറ്റുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നു.ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്താൻ സിദ്ധരാമയ്യ സമയം തേടിയിട്ടുണ്ട്. ഇതോടെ മാസങ്ങളായി നീളുന്ന നേതൃമാറ്റ ചർച്ചകളില്‍ ഉടൻ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. സർക്കാർ രണ്ടര വർഷം പൂർത്തിയാക്കുമ്പോള്‍ മുഖ്യമന്ത്രിസ്ഥാനം കൈമാറുമെന്ന വാഗ്ദാനം പാലിക്കണമെന്ന് ഡി.കെ. ശിവകുമാർ പക്ഷം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം കേരളത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാൻ തിരുവനന്തപുരത്തെത്തിയ മുതിർന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ കർണാടകയിലെ നേതൃമാറ്റത്തെക്കുറിച്ച് അനൗദ്യോഗിക ചർച്ചകള്‍ നടന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി സിദ്ധരാമയ്യ സംസാരിച്ചിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെയും മറ്റ് മുതിർന്ന നേതാക്കളെയും ദല്‍ഹിയിലേക്ക് വിളിപ്പിക്കുമെന്നാണ് വിവരം. മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നാല്‍ മന്ത്രിസഭയില്‍ വലിയ അഴിച്ചുപണി വേണമെന്ന് സിദ്ധരാമയ്യ ആവശ്യപ്പെട്ടേക്കാം. സിദ്ധരാമയ്യയെ മാറ്റുകയാണെങ്കില്‍ പകരം ആഭ്യന്തര മന്ത്രി ജി. പരമേശ്വരയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി ചില എം.എല്‍.എമാർ രംഗത്തെത്തിയിട്ടുണ്ട്. ഡി.കെ. ശിവകുമാറിന് പകരം ഒരു ദളിത് മുഖ്യമന്ത്രി വേണമെന്നതാണ് ഇവരുടെ നിലപാട്. കർണാടകയിലെ നേതൃമാറ്റ വിവാദങ്ങള്‍ക്ക് ഉടൻ ‘തിരശ്ശീല വീഴുമെന്ന്’ മന്ത്രി സതീഷ് ജാർക്കിഹോളി പ്രതികരിച്ചു. ദില്ലിയിലെ കൂടിക്കാഴ്ചയില്‍ എല്ലാ കാര്യങ്ങളും തീരുമാനമാകുമെന്നും അനിശ്ചിതത്വം നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ വരും ദിവസങ്ങളില്‍ നിർണായക തീരുമാനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ.