സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാളിനെ സ്ഥലം മാറ്റണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വാഹനം തടയാൻ ശ്രമിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.ദക്ഷിണ കന്നട ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനമായി നീങ്ങിയ പ്രവർത്തകരെ പാദുവ ജങ്ഷനില്‍ പൊലീസ് തടഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. നരിങ്ങന കമ്ബളയിലേക്കുള്ള യാത്രാമധ്യേ സിദ്ധരാമയ്യ വൈകീട്ട് അഞ്ചിനും അഞ്ചരക്കുമിടയില്‍ കടന്നുപോയതിന്റെ മുന്നോടിയായിരുന്നു പ്രതിഷേധം. പാദുവ ജങ്ഷനില്‍ നേരത്തെ തന്നെ കനത്ത പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു.
അറസ്റ്റ് ചെയ്ത് കൊണ്ടുപോയ പൊലീസ് വാഹനത്തിനകത്തും ‘സംഘി കമീഷണർ ഗോ ബാക്ക്…’ മുദ്രാവാക്യം മുഴക്കി. ജനകീയ ആക്ഷൻ കമ്മിറ്റി സംഘടിപ്പിച്ച ടോള്‍ ബൂത്ത് പിക്കറ്റിങ്ങില്‍ പങ്കെടുത്തവരില്‍ ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡന്റും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ മുനീർ കാട്ടിപ്പള്ളക്കെതിരെ മാത്രം കേസെടുത്തതായി ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്റ് ബി.കെ. ഇംതിയാസ് ‘മാധ്യമ’ത്തോട് പറഞ്ഞു.
ഇതിന് നിർദേശം നല്‍കിയ സിറ്റി പൊലീസ് കമീഷണർക്കെതിരെ ഡി.വൈ.എഫ്.ഐ നടത്തിയ സമരങ്ങളുമായി ബന്ധപ്പെട്ടും കേസ് രജിസ്റ്റർ ചെയ്യുകയാണ്. തനിക്കെതിരെ അഞ്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. അതേസമയം സംഘ്പരിവാർ സംഘടനകള്‍ നടത്തുന്ന സമരങ്ങളില്‍ വ്യക്തികളെ തിരിച്ച് കേസെടുക്കുന്നില്ലെന്ന് ഇംതിയാസ് ചൂണ്ടിക്കാട്ടി.
വയനാട് ടു ബംഗളൂരു…ഓമനപ്പൂച്ചക്കായുള്ള സ്നേഹദൂരം
ഒരു ഓമനപ്പൂച്ചയുടെയും അതിന്റെ ഉടമസ്ഥരുടെയും സ്നേഹവായ്പിന്റെ കഥയാണിത്. വയനാട്ടിലെ സുല്‍ത്താൻ ബത്തേരിക്കടുത്ത കൊളഗപ്പാറയിലാണ് സംഭവം.ഡിസംബറിലെ കുളിരും പച്ചപ്പും ആസ്വദിക്കാൻ വയനാട്ടിലേക്ക് വന്നതായിരുന്നു ബംഗളൂരു സ്വദേശി ആബിദും ഭാര്യ ഫർഹീനും. ചെന്നൈയിലെ ഐ.ടി കമ്ബനി ജീവനക്കാരാണ് ഇരുവരും. ഒപ്പം ബെൻ എന്ന ഇവരുടെ ഓമനപ്പൂച്ചയുമുണ്ടായിരുന്നു. നഗരത്തിലെ ഫ്ലാറ്റില്‍ കുട്ടിക്കുറുമ്ബുമായി കലപില കൂട്ടുന്ന ബെന്നിന് ഒമ്ബത് മാസമായിരുന്നു പ്രായം. ഡിസംബർ 31നാണ് ഇവർ കല്‍പറ്റയിലെ റിസോർട്ടില്‍ മുറി ബുക്ക് ചെയ്തത്.
എന്നാല്‍, അന്ന് യാത്രക്കിടെ കൊളഗപ്പാറ യു.പി സ്കൂളിന് സമീപം ഇവരുടെ കാറും എതിരെ വന്ന ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു. അപകടത്തിനിടെ കാറിന്റെ പിറകിലെ സീറ്റിലുണ്ടായിരുന്ന പൂച്ച തെറിച്ചുപോയി. ഫർഹീൻ പുറകെ ഓടിയെങ്കിലും അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് ബെൻ ഓടി മറഞ്ഞിരുന്നു. അപകടത്തിന്റെ ആധി വിട്ടപ്പോള്‍ നാട്ടുകാരുടെ സഹായത്തോടെ എല്ലായിടത്തും അവർ ബെന്നിനെ തിരഞ്ഞു. ഫലമുണ്ടായില്ല.
സാധാരണ ഇനത്തില്‍പെട്ടവനാണെങ്കിലും തങ്ങളുടെ ഭാഗ്യപ്പൂച്ചയാണ് അവനെന്നും അവനില്ലാതെ തിരിച്ചുപോകില്ലെന്നുമായി കുടുംബം. അങ്ങനെ ഒരാഴ്ചയോളം സമീപത്തെ ഹോം സ്റ്റേയില്‍ താമസിച്ച് ഇവർ എല്ലായിടവും അരിച്ചുപെറുക്കി. അനിമല്‍ റെസ്ക്യൂ ടീമിന്റെ നേതൃത്വത്തിലും വ്യാപക തിരച്ചില്‍ നടത്തി. ഓട്ടോമാറ്റിക് കൂടുകള്‍ പലയിടങ്ങളില്‍ സ്ഥാപിച്ച് ബെന്നിന് ഇഷ്ടമുള്ള ഭക്ഷണവും വെച്ചു. എന്നാല്‍, ബെൻ അതുവഴി വന്നതേയില്ല. ഇതോടെ മനസ്സില്ലാ മനസ്സോടെ ആബിദും കുടുംബവും ബംഗളൂരുവിലേക്ക് തിരിച്ചുപോയി. തങ്ങളുടെ ഫോണ്‍ നമ്ബറും മറ്റ് വിവരങ്ങളും നാട്ടുകാർക്കും സമീപത്തെ വീട്ടുകാർക്കും നല്‍കിയിരുന്നു.
ഇതിനിടെയാണ് കൊളഗപ്പാറ ജ്യോതി ലബോറട്ടറീസ് കമ്ബനിക്ക് സമീപത്തെ ഒരു വീട്ടമ്മ കുറ്റിക്കാട്ടില്‍നിന്ന് സ്ഥിരമായി ഒരു പൂച്ച പുറത്തുവരുന്നത് ശ്രദ്ധിച്ചത്.വെള്ളിയാഴ്ച വൈകുന്നേരത്തോടെ തഞ്ചത്തില്‍ പൂച്ചയെ കൂട്ടില്‍ കയറ്റി കെണിയിലാക്കി. ഉടൻതന്നെ ആബിദിനെ വിളിച്ചു. അവർ ഉടൻതന്നെ വയനാട്ടിലേക്ക് പുറപ്പെട്ട് അർധരാത്രി കൊളഗപ്പാറയിലെത്തി. ഉടമസ്ഥരെ കണ്ടതും ബെൻ തൊട്ടുരുമ്മി നിന്നു. ഫർഹീനും ആബിദും സന്തോഷത്താല്‍ കണ്ണീരൊഴുക്കി. മടങ്ങുമ്ബോള്‍ നേരത്തേ വാഗ്ദാനം ചെയ്ത പാരിതോഷികം ആ വീട്ടമ്മക്ക് നല്‍കാനും അവർ മറന്നില്ല. അരലക്ഷം രൂപ സമ്മാനമായി കിട്ടിയതിനപ്പുറം ആ കുടുംബത്തിന്റെ സന്തോഷമാണ് ആ വയനാട്ടുകാരിയുടെ മനം നിറച്ചത്.