Home കർണാടക ‘ബെംഗളൂരു – മുംബൈ വന്ദേ ഭാരത് സ്ലീപ്പര്‍ ഉടൻ; സബര്‍ബൻ ജോലികള്‍ ദ്രുതഗതിയില്‍’: മന്ത്രി അശ്വിനി വൈഷ്ണവ്

‘ബെംഗളൂരു – മുംബൈ വന്ദേ ഭാരത് സ്ലീപ്പര്‍ ഉടൻ; സബര്‍ബൻ ജോലികള്‍ ദ്രുതഗതിയില്‍’: മന്ത്രി അശ്വിനി വൈഷ്ണവ്

ബെംഗളൂരു: കർണാടകയിലേക്ക് ഒരു വന്ദേ ഭാരത് ട്രെയിൻ കൂടിയെത്തുന്നു. ബെംഗളൂരുവിനും മുംബൈയ്ക്കുമിടയില്‍ പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഉടൻ ഓടിത്തുടങ്ങുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.ഏറെക്കാലമായി ഉയരുന്ന ആവശ്യമാണ് ഇതോടെ പൂർത്തീകരിക്കപ്പെടുക. ഇരു നഗരങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന വേഗതയേറിയ ഒരു ട്രെയിൻ ആവശ്യമാണെന്ന് ദീർഘകാലമായി തുടരുന്ന ചർച്ചയാണ്. ബെംഗളൂരുവിനും മുംബൈക്കുമിടയില്‍ ഓടുന്ന ഒരു എക്സ്പ്രസ് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് ചടങ്ങ് ഓണ്‍ലൈനായി നടത്തവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.എൻഡിഎ സർക്കാരില്‍ നിന്ന് കർണാടകയ്ക്കുള്ള റെയില്‍വേ ഫണ്ടുകളില്‍ കുത്തനെ വർദ്ധന വന്നിട്ടുണ്ടെന്ന് മന്ത്രി അവകാശപ്പെട്ടു.

സംസ്ഥാനത്തുടനീളം പ്രധാനപ്പെട്ട റെയില്‍വേ പദ്ധതികള്‍ വരാൻ ഈ ഫണ്ടിങ് കാരണമായിട്ടുണ്ട്. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി പ്രകാരം കർണാടകയിലെ 61 റെയില്‍വേ സ്റ്റേഷനുകളാണ് പുനർനിര്‍മിക്കപ്പെടുന്നത്. ഇതിനായി 2,160 കോടി രൂപ ചെലവ് വന്നിട്ടുണ്ട്. ഇതില്‍ത്തന്നെ ഒമ്പത് സ്റ്റേഷനുകള്‍ ഇതിനകം പൂർത്തിയായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ബെംഗളൂരു കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷൻ 485 കോടി രൂപ ചെലവില്‍ പുനർനിർമിക്കുന്നുണ്ട്. യശ്വന്ത്പുർ സ്റ്റേഷൻ 367 കോടി രൂപ ചെലവിലാണ് പുനർനിർമിക്കുന്നത്.2014 മുതല്‍ കർണാടകയില്‍ ഏകദേശം 1,750 കിലോമീറ്റർ പുതിയ റെയില്‍വേ ലൈനുകള്‍ നിർമ്മിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ഹാസൻ-മംഗളൂരു റെയില്‍വേ മേഖലയിലെ വൈദ്യുതീകരണ പ്രവർത്തനങ്ങള്‍ പൂർത്തിയാക്കിയത് ഈയിടെയാണ്.

ഇവിടെ പരീക്ഷണ ഓട്ടം നടന്നു കൊണ്ടിരിക്കുകയാണ്. കർണാടകയില്‍ നിലവില്‍ 12 ജോഡി വന്ദേ ഭാരത് ട്രെയിനുകള്‍ ഓടുന്നുണ്ട്. ബെംഗളൂരു-മംഗളൂരു റൂട്ട് പരീക്ഷണ പരിപാടികള്‍ വിജയകരമായി പൂർത്തീകരിച്ചാല്‍ മഡ്ഗാവ് വരെയുള്ള തീരദേശ മേഖലയിലെ റെയില്‍ കണക്റ്റിവിറ്റിയില്‍ വലിയ പുരോഗമനം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു..ഇതിനെല്ലാം പുറമെ ബെംഗളൂരു സബർബൻ റെയില്‍വേ പദ്ധതി പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ബെംഗളൂരുവിന്റെ ചിരകാല സ്വപ്നമാണ് പൂവണിയാൻ പോകുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വിഭാവനം ചെയ്യുകയും പല കാരണങ്ങളാല്‍ നടപ്പാകാതെ പോവുകയും ചെയ്ത പദ്ധതിയാണിത്. പദ്ധതിക്കു വേണ്ടി പലയിടത്തും ഭൂമിയേറ്റെടുക്കല്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഈ പദ്ധതിയുടെ നാല് കോറിഡോറുകളില്‍ ഒന്നിന്റെ ഭൂമി ഏറ്റെടുക്കല്‍ പൂർത്തിയായിട്ടുണ്ട്. അവിടെ സ്റ്റേഷൻ നിർമ്മാണ പ്രവർത്തനങ്ങള്‍ നിലവില്‍ പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. കെഎസ്‌ആർ ബെംഗളൂരു-ദേവനഹള്ളി കോറിഡോറിന്റെ അലൈൻമെന്റിന് കർണാടക സർക്കാരില്‍ നിന്നും റെയില്‍വേയില്‍ നിന്നും സംയുക്ത അനുമതി ലഭിച്ചിട്ടുണ്ട്. അവിടെ ജിയോ-ടെക്നിക്കല്‍ സർവേകളും പൂർത്തിയായിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group