ബെംഗളൂരു: രാജ്യത്തുടനീളം ഇന്ധനക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍, പെട്രോളും ഡീസലും ഉള്‍പ്പെടെയുള്ള വാഹന ഇന്ധനങ്ങളുടെ ലഭ്യതക്കുറവ് പരിഗണിച്ച് കേന്ദ്ര സർക്കാർ പുതിയ നിർദേശങ്ങളുമായി രംഗത്തെത്തിയത് അടുത്തിടെയാണ്.സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കാനും ‘വർക്ക് ഫ്രം ഹോം’ സംവിധാനം പ്രോത്സാഹിപ്പിക്കാനും സർക്കാർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.എന്നാല്‍, ബെംഗളൂരു നഗരത്തിലെ കോർപ്പറേറ്റ് മേഖലയെ സംബന്ധിച്ചിടത്തോളം, ഈ മാറ്റം മറ്റ് ഇന്ത്യൻ നഗരങ്ങളെ അപേക്ഷിച്ച് കൂടുതല്‍ എളുപ്പമാവുന്നു എന്നതാണ് യാഥാർഥ്യം. ബെംഗളൂരുവിലെ പല പ്രമുഖ കമ്പനികളിലും ഒരു ഹൈബ്രിഡ് ഓഫീസ്-വർക്ക് മോഡല്‍ ഇതിനകം തന്നെ സജീവമാണ് എന്നതാണ് ഇതിന് പ്രധാന കാരണം.
ബാംഗ്ലൂർ മെട്രോ റെയില്‍ കോർപ്പറേഷൻ ലിമിറ്റഡ് ഒരുക്കിയ യെല്ലോ ലൈൻ മെട്രോ ഇടനാഴിക്ക് രണ്ട് പ്രധാന പ്രാധാന്യങ്ങളാണുള്ളത്.ഒന്നാമതായി, ഇലക്‌ട്രോണിക് സിറ്റിയിലെ നിരവധി കമ്പനികളെ ജീവനക്കാർക്ക് ഓഫീസില്‍ തിരിച്ചെത്തി ജോലി ചെയ്യുന്നതിന് പ്രേരിപ്പിക്കാൻ ഇത് സഹായകമായി. രണ്ടാമതായി, പരമ്പരാഗത ഇന്ധനങ്ങളെ ആശ്രയിക്കാതെ പ്രവർത്തിക്കുന്നതിനാല്‍, മെട്രോ യാത്രാസൗകര്യം ദൂരയാത്രയുമായി ബന്ധപ്പെട്ട ആശങ്കകളെ ഒരു പരിധി വരെ ലഘൂകരിക്കുന്നു.2025 ഓഗസ്‌റ്റ് 10-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‌ത ഈ 19.15 കിലോമീറ്റർ മെട്രോ പാതയില്‍ 16 എലിവേറ്റഡ് സ്‌റ്റേഷനുകളാണുള്ളത്. പ്രധാന ഐടി, വ്യാവസായിക മേഖലകളിലൂടെ കടന്നുപോകുന്ന ഈ ലൈൻ ബെംഗളൂരുവിന്റെ തെക്കും തെക്ക് കിഴക്കൻ പ്രദേശങ്ങളിലുള്ള യാത്രക്കാർക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.നഗരത്തിലെ ഹോസൂർ റോഡിലും സമീപ പ്രദേശങ്ങളിലുമുണ്ടാകുന്ന നീണ്ട ഗതാഗതക്കുരുക്കിന് യെല്ലോ ലൈൻ വലിയൊരളവില്‍ പരിഹാരമാന്നുമുണ്ട്.
സില്‍ക്ക് ബോർഡ് ജംഗ്ഷൻ, ബിടിഎം ലേഔട്ട്, ഇലക്‌ട്രോണിക് സിറ്റി, ബൊമ്മസാന്ദ്ര ഇൻഡസ്ട്രിയല്‍ ഏരിയ തുടങ്ങിയ പ്രധാന ഭാഗങ്ങളെ ഇത് ബന്ധിപ്പിക്കുന്നു. ഏകദേശം രണ്ട് മണിക്കൂറോളം ദൈർഘ്യമുള്ള റോഡ് യാത്രകള്‍ ഇതോടെ കുറയുകയും ചെയ്‌തു.യെല്ലോ ലൈൻ ആരംഭിക്കുന്നത് ഗ്രീൻ ലൈനുമായി ബന്ധിപ്പിക്കുന്ന ആർ വി റോഡ് സ്‌റ്റേഷനില്‍ നിന്നാണ്. സെൻട്രല്‍ സില്‍ക്ക് ബോർഡ് വഴി ഇലക്‌ട്രോണിക് സിറ്റിയിലേക്കും തുടർന്ന് ബൊമ്മസാന്ദ്രയിലേക്കും ഇത് നീളുന്നു. ജയദേവ ഹോസ്‌പിറ്റല്‍ സ്‌റ്റേഷനില്‍ ഭാവിയില്‍ വരൻ പോകുന്ന പിങ്ക് ലൈനുമായി ബന്ധിപ്പിക്കാൻ സാധിക്കും. കൂടാതെ, സെൻട്രല്‍ സില്‍ക്ക് ബോർഡില്‍ നിർമ്മാണത്തിലിരിക്കുന്ന ബ്ലൂ ലൈനുമായും ബന്ധിപ്പിക്കാനാകും.പൂർണ്ണമായും ഉയർത്തിയ പാതയില്‍ 16 സ്‌റ്റേഷനുകളാണ് യെല്ലോ ലൈനിലുള്ളത്. പ്രധാന ഓഫീസുകള്‍, കോളേജുകള്‍, പാർപ്പിട സമുച്ചയങ്ങള്‍ എന്നിവിടങ്ങളോട് ചേർന്നാണ് മിക്ക സ്‌റ്റേഷനുകളും. നമ്മ മെട്രോയുടെ വിശാലമായ ശൃംഖലയെ ശക്തിപ്പെടുത്തുന്ന ഇന്റർചേഞ്ച് പോയിന്റുകളും ഈ പാതയിലുണ്ട് എന്നത് മറ്റൊരു പ്രത്യേകതയാണ്.
ആർവി റോഡ് (ഗ്രീൻ ലൈൻ ഇന്റർചേഞ്ച്), രാഗിഗുഡ്ഡ, ജയദേവ ഹോസ്പിറ്റല്‍ (ഭാവി പിങ്ക് ലൈൻ ഇന്റർചേഞ്ച്), ബിടിഎം ലേഔട്ട്, സെൻട്രല്‍ സില്‍ക്ക് ബോർഡ് (ഭാവി ബ്ലൂ ലൈൻ ബന്ധം), എച്ച്‌എസ്‌ആർ ലേഔട്ട്, ഓക്സ്ഫോർഡ് കോളേജ്, ഹോംഗസാന്ദ്ര, കുഡ്‌ലു ഗേറ്റ്, സിങ്കസാന്ദ്ര, ഹോസ റോഡ്, ഇലക്‌ട്രോണിക് സിറ്റി-ഐഐടി, കൊണപ്പന അഗ്രഹാര, ഹുസ്‌കൂർ റോഡ്, ഹെബ്ബഗോഡി, ബൊമ്മസാന്ദ്ര (തെക്കൻ ടെർമിനല്‍) എന്നിവയാണ് പ്രധാനപ്പെട്ട ചില സ്‌റ്റേഷനുകള്‍.പ്രതിദിനം എട്ട് ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാൻ ഈ മെട്രോ പാതയ്ക്ക് ശേഷിയുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്. ഇൻഫോസിസ്, ബയോക്കോണ്‍, ടിസിഎസ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ ഓഫീസുകളേയും ജനസാന്ദ്രതയുള്ള പാർപ്പിട മേഖലകളെയും ഇത് ബന്ധിപ്പിക്കുന്നു. ഇത് തന്നെയാണ് പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഇടയില്‍ യെല്ലോ ലൈൻ മെട്രോയ്ക്ക് ലഭിക്കുന്ന പ്രാധാന്യം.