Home കർണാടക ബെംഗളൂരിലെ ശമ്പളത്തേക്കാള്‍ 8 ലക്ഷം രൂപ കുറവ്, എന്നിട്ടും ടെക്കി തിരഞ്ഞെടുത്തത് ഹൈദരാബാദ്; കാരണം ഇതാണ്

ബെംഗളൂരിലെ ശമ്പളത്തേക്കാള്‍ 8 ലക്ഷം രൂപ കുറവ്, എന്നിട്ടും ടെക്കി തിരഞ്ഞെടുത്തത് ഹൈദരാബാദ്; കാരണം ഇതാണ്

ബെംഗളൂരു പോലുള്ള നഗരങ്ങളില്‍ ഉയർന്ന ശമ്പളമുള്ള ജോലി പലരെ സംബബന്ധിച്ചും സ്വപ്നതുല്യമായ അവസരങ്ങളായിരിക്കും. എന്നാല്‍ ഇന്നത്തെ തലമുറയിലെ പലർക്കും അതങ്ങനെയല്ല.കാരണം പണം മാത്രമല്ല മനസ്സമാധാനം, കുടുംബം, ജീവിതച്ചെലവ്, നഗരത്തിലെ സൗകര്യങ്ങള്‍, വ്യക്തിപരമായ സന്തോഷം എന്നിവയ്ക്കും തുല്യ പ്രാധാന്യം അവർ നല്‍കുന്നുണ്ട്. ഹൈദരാബാദില്‍ നിന്നുള്ള ഒരു ടെക്കിയുടെ പുതിയ തീരുമാനം ഈ ചർച്ച വീണ്ടും സജീവമാക്കിയിരിക്കുകയാണ്.ടെക് പ്രൊഫഷണലായ മദൻ മോഹനാണ് തന്റെ അനുഭവം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. നിലവിലെ ജോലിയിലേക്ക് മാറുന്നതിനുമുമ്പ് ബെംഗളൂരുവില്‍ നിന്ന് 38 ലക്ഷം രൂപയുടെ വാർഷിക പാക്കേജും ഹൈദരാബാദില്‍ നിന്ന് 30 ലക്ഷം രൂപയുടെ ഓഫറും അദ്ദേഹത്തിന് ലഭിച്ചിരുന്നു. സാമ്പത്തികമായി നോക്കുമ്പോള്‍ ബെംഗളൂരു ഓഫറാണ് കൂടുതല്‍ ആകർഷകമായിരുന്നത്.

എന്നിരുന്നാലും, 8 ലക്ഷം രൂപയുടെ വ്യത്യാസം അവഗണിച്ച്‌ മദൻ തിരഞ്ഞെടുത്തത് ഹൈദരാബാദായിരുന്നു.ഈ തീരുമാനം പലരെയും അത്ഭുതപ്പെടുത്തി. “കൂടുതല്‍ ശമ്പളം കിട്ടുമ്പോള്‍ എന്തിനാണ് കുറവ് പാക്കേജ് സ്വീകരിച്ചത്?” എന്ന ചോദ്യമാണ് സമൂഹമാധ്യമങ്ങളില്‍ കൂടുതലായി ഉയർന്നത്. എന്നാല്‍ തന്റെ തീരുമാനം ശമ്പളത്തെ മാത്രം അടിസ്ഥാനമാക്കിയല്ലെന്നും, ജോലിയ്ക്ക് പുറത്തുള്ള ജീവിതത്തെക്കുറിച്ചുള്ള ചിന്ത കൂടിയാണ് അതിന് പിന്നിലെന്നും മദൻ വിശദീകരിച്ചു.ഏകദേശം 15 വർഷത്തോളം ഹൈദരാബാദില്‍ ജീവിച്ച വ്യക്തിയാണ് മദൻ. കുടുംബവും അടുത്ത സുഹൃത്തുക്കളും അവിടെയായിരുന്നു. ഹൈദരാബാദിന്റെ ജീവിതശൈലി തന്നെ ഏറെ ആശ്വാസകരമാണെന്ന് മദൻ പറയുന്നു. മികച്ച ഭക്ഷണ സംസ്കാരം, താരതമ്യേന കുറഞ്ഞ ജീവിതച്ചെലവ്, ട്രാഫിക്കും തിരക്കുകളില്ല എന്നിവയാണ് അദ്ദേഹത്തെ ആ നഗരത്തിലേക്ക് കൂടുതല്‍ ആകർഷിച്ചത്.

ഉയർന്ന ശമ്പളമൊക്കെ നല്ലതായിരിക്കാമെങ്കിലും അതിന് ഒപ്പമുള്ള ജീവിതച്ചെലവും മാനസിക സമ്മർദ്ദവും പലപ്പോഴും ആളുകള്‍ കണക്കാക്കാറില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.”ശമ്പളം മാത്രം ഉയർന്നാല്‍ ജീവിതത്തിന്റെ ഗുണമേന്മയും ഉയരും എന്നില്ല,” എന്നാണ് മദന്റെ നിലപാട്. സമാധാനം, കുടുംബസാന്നിധ്യം, വൈകാരിക സ്ഥിരത, സ്വസ്ഥമായ ജീവിതരീതി എന്നിവ ദീർഘകാല സന്തോഷത്തിനും ആരോഗ്യത്തിനും കൂടുതല്‍ നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.”എത്ര സമ്പാദിക്കുന്നു എന്നതിലുപരി എങ്ങനെ ജീവിക്കുന്നു എന്നതാണ് പ്രധാനപ്പെട്ടത്,” എന്നാണ് തന്റെ തീരുമാനത്തെക്കുറിച്ച്‌ മദൻ പറയുന്നത്. വിജയമെന്നത് ബാങ്ക് ബാലൻസ് വർധിപ്പിക്കുന്നത് മാത്രമല്ല, സുഖകരവും സ്ഥിരതയുള്ളതുമായ ജീവിതം ജീവിക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിലപ്പോള്‍ സമ്മർദ്ദം നിറഞ്ഞ ഉയർന്ന വരുമാനത്തേക്കാള്‍ മനസ്സമാധാനം നല്‍കുന്ന ജീവിതമാണ് കൂടുതല്‍ മൂല്യമുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group