പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗളൂരു സന്ദർശനത്തോടനുബന്ധിച്ച് ഞായറാഴ്ച (ഓഗസ്റ്റ് 10) നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങളും പാർക്കിംഗ് നിരോധനങ്ങളും ഏർപ്പെടുത്തും.നമ്മ മെട്രോ യെല്ലോ ലൈൻ,ബെംഗളൂരു-ബെലഗാവി ട്വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് എന്നിവയ്ക്കാണ് പ്രധാനമന്ത്രി ബെംഗളൂരുവിലേക്ക് എത്തുന്നത്. ഈ സാഹചര്യത്തില്‍ പ്രധാന പാതകളിലെ തിരക്കൊഴിവാക്കാനുള്ള നടപടികള്‍ ബെംഗളൂരു ട്രാഫിക് പോലീസ് കൈക്കൊണ്ടിട്ടുണ്ട്. ഹോസൂർ റോഡ്, സില്‍ക്ക് ബോർഡ്, മരേനഹള്ളി മെയിൻ റോഡ്, ഇലക്‌ട്രോണിക് സിറ്റി ഉള്‍പ്പെടെയുള്ള പാതകളിലായിരിക്കും നിയന്ത്രണം.
പ്രധാനമന്ത്രി എത്തുന്നത്രാവിലെ 10:30-ഓടെയാണ് പ്രധാമന്ത്രി ഫൈറ്റ് ഇറങ്ങുക. അവിടെ നിന്ന് ഹെലികോപ്റ്ററിലും പിന്നീട് റോഡ് മാർഗവും കെഎസ്‌ആർ ബെംഗളൂരു സിറ്റി റെയില്‍വേ സ്റ്റേഷനിലേക്ക് എത്തും. കെഎസ്‌ആർ ബംഗളൂരു-ബെലഗാവി വന്ദേ ഭാരത്, അമൃത്സർ-ശ്രീ മാതാ വൈഷ്ണോ ദേവി കത്ര വന്ദേ ഭാരത്, അജ്നി (നാഗ്പൂർ)-പൂനെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് അദ്ദേഹം നിർവ്വഹിക്കും.
തുടർന്ന് യെല്ലോ ലൈനിലെ രാഗിഗുഡ്ഡ മെട്രോ സ്റ്റേഷനിലേക്ക് തിരിക്കും. രാവിലെ 11:45-നും ഉച്ചയ്ക്ക് 12:50-നും ഇടയില്‍ ഇലക്‌ട്രോണിക് സിറ്റി മെട്രോ സ്റ്റേഷനിലേക്ക് മെട്രോ ട്രെയിനില്‍ അദ്ദേഹം യാത്ര ചെയ്യും. ഐഐഐടി ബെംഗളൂരു സ്റ്റേഷനില്‍ വെച്ചായിരിക്കും യല്ലോ ലൈനിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്തുക. മെട്രോയുടെ മൂന്നാം ഘട്ടത്തിന് തറക്കല്ലിടലും അദ്ദേഹം നിർവ്വഹിക്കും. തുടർന്ന് വിമാനത്താവളത്തിലേക്ക് തിരിക്കും. ഉച്ചയ്ക്ക് 2:45-ന് ഡല്‍ഹിയില്‍ തിരികെ എത്തും.
എന്തൊക്കെയാണ് ട്രാഫിക് നിയന്ത്രണങ്ങള്‍ : രാവിലെ 8:30 മുതല്‍ ഉച്ചയ്ക്ക് 12:00 വരെ രാജലക്ഷ്മി ജംഗ്ഷനും മരേനഹള്ളി 18-ാം മെയിൻ റോഡിനും ഇടയിലുള്ള മരേനഹള്ളി മെയിൻ റോഡിലും മരേനഹള്ളി ഈസ്റ്റ് എൻഡ് മെയിൻ റോഡ് ജംഗ്ഷൻ മുതല്‍ അരവിന്ദ് ജംഗ്ഷൻ വരെയും ഗതാഗത നിയന്ത്രണമുണ്ടാകും.രാവിലെ 9:30 മുതല്‍ ഉച്ചയ്ക്ക് 2:30 വരെ സില്‍ക്ക് ബോർഡ് മുതല്‍ ഹോസൂർ വരെയുള്ള ഇലക്‌ട്രോണിക് സിറ്റി എലിവേറ്റഡ് മോട്ടോർവേ വഴിയും ഹോസൂർ റോഡിലും ഗതാഗത നിയന്ത്രണമുണ്ടാകും. ഹോസൂരില്‍ നിന്ന് ബംഗളൂരുവിലേക്ക് വരുന്ന വാഹനങ്ങള്‍ക്കും ഇത് ബാധകമാകും.
ഇലക്‌ട്രോണിക് സിറ്റി ഫേസ് 1-ലെ ഇൻഫോസിസ് അവന്യൂ, വേലങ്കണി റോഡ്, എച്ച്‌പി അവന്യൂ റോഡ് എന്നിവയും ഈ സമയത്ത് അടച്ചിടും. മരേനഹള്ളി മെയിൻ റോഡ്,ഫോർത്ത് മെയിൻ റോഡ്, 18th മെയിൻ റോഡ് എന്നിവിടങ്ങളില്‍ ഞായറാഴ്ച മുഴുവൻ പാർക്കിംഗ് അനുവദിക്കില്ല.
ഈ ബദല്‍ റൂട്ടുകള്‍ പ്രയോജനപ്പെടുത്താം : രാജലക്ഷ്മി ജംഗ്ഷൻ മുതല്‍ ജയദേവ ഹോസ്പിറ്റല്‍ ജംഗ്ഷനിലേക്ക് പോകേണ്ടവർക്ക് സരക്കി മാർക്കറ്റ് റോഡിലൂടെ ഐജി സർക്കിളില്‍ എത്തി ആർവി ഡെന്റല്‍ ജംഗ്ഷൻ വഴി 8th മെയിൻ-9th ക്രോസ് റോഡിലൂടെ ലക്ഷ്യസ്ഥാനത്ത് എത്താം.4th മെയിൻ റോഡ് മുതല്‍ ബന്നാർഘട്ട റോഡിലേക്ക് പോകാൻ രാജലക്ഷ്മി ജംഗ്ഷനില്‍ നിന്ന് വലത്തേക്ക് തിരിഞ്ഞ് സരക്കി മെയിൻ റോഡിലൂടെ ഐജി സർക്കിളും ആർവി ഡെന്റല്‍ ജംഗ്ഷനും വഴി എത്താം.ഈസ്റ്റ് എൻഡ് സർക്കിളില്‍ നിന്ന് ബനശങ്കരിയിലേക്ക് 29-ാം മെയിൻ റോഡ് വഴി 28-ാം മെയിൻ റോഡിലേക്ക് പോകാം.
തുടർന്ന് ഡെല്‍മിയ ജംഗ്ഷനിലേക്ക് പോയി ഔട്ടർ റിംഗ് റോഡ് വഴി സരക്കി ജംഗ്ഷനില്‍ എത്തിച്ചേരാം. എച്ച്‌എസ്‌ആർ ലേഔട്ട്, കോറമംഗല, ബെല്ലാണ്ടൂർ, വൈറ്റ്ഫീല്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് ഹോസൂരിലേക്ക് പോകേണ്ടവർക്ക് തിരക്ക് ഒഴിവാക്കാൻ ചന്ദാപുര വഴി സർജാപുർ റോഡ് തിരഞ്ഞെടുക്കാം.
ഇലക്‌ട്രോണിക് സിറ്റി ഫേസ് 1-നുള്ളില്‍ യാത്ര ചെയ്യേണ്ടവർക്ക് രണ്ടാം ക്രോസ് റോഡ്, ശികാരിപാളയ റോഡ്, ഹുളിമംഗല റോഡ്, ഗൊല്ലഹള്ളി റോഡ് എന്നിവ തിരഞ്ഞെടുക്കാം.നൈസ് റോഡില്‍ നിന്ന് ഹോസൂരിലേക്ക് പോകാൻ ബന്നാർഘട്ട ജംഗ്ഷനില്‍ നിന്ന് ഇറങ്ങി ജിഗണി റോഡ് വഴി ഹോസൂർ റോഡിലേക്ക് പ്രവേശിക്കാം. ഹോസൂർ റോഡില്‍ നിന്ന് കനകപുര, മൈസൂരു, തുമകുരു റോഡുകളിലേക്ക് പോകാൻ ബൊമ്മസാന്ദ്ര ജംഗ്ഷനില്‍ നിന്ന് ജിഗണി റോഡ് ഉപയോഗിച്ച് ബന്നാർഘട്ട റോഡ് വഴി നൈസ് റോഡില്‍ എത്താം.