മോഹൻലാല്‍ – ജീത്തു ദോസഫ് കൂട്ടുകെട്ടിലെ ദൃശ്യം സിനിമാ പരമ്പരയിലെ മൂന്നാമത് ചിത്രത്തിന് മലയാളത്തില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.അതേസമയം ഈ മാസം ആദ്യം പുറത്തിറങ്ങിയ അജയ് ദേവ്ഗണ് നായകനായ ദൃശ്യം 3 ഹിന്ദിപതിപ്പിന് ഗംഭീര സ്വീകരണമാണ് ലഭിക്കുന്നത്. അജയ്ദേവ്ഗന്റെ ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയ ചിത്രമായിരിക്കുകയാണ് ദൃശ്യം 3. ഇപ്പോഴിതാ ദൃശ്യം 3 കണ്ട അനുഭവം പങ്കുവച്ചിരിക്കുകയാണ് മോഹൻലാല്‍. ജനപ്രിയ ചിത്രങ്ങളുടെ പരമ്പരയ്ക്ക് അനുയോജ്യമായ അന്ത്യമാണ് അണിയറ പ്രവർത്തകർ നല്‍കിയിരിക്കുന്നത് എന്ന് മോഹൻലാല്‍ പറഞ്ഞു. ചിത്രത്തെ താരം പ്രശംസിക്കുന്ന വീഡിയോ ദൃശ്യം 3 കണക്ലൂഷന്റെ നിർമ്മാതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
ഞാൻ ദൃശ്യം: ദ കണ്ക്ലൂഷൻ കണ്ടു., ജനപ്രിയമായ ഈ യാത്രയ്ക്ക് അനുയോജ്യമായ അവസാനം കണ്ടെത്തിയ രീതിയെ അഭിനന്ദിക്കുന്നതായി മോഹൻലാല്‍ പറഞ്ഞു. അഭിഷേക് പഥക്, കുമാർ മംഗത് പഥക്, അജയ് ദേവ്ഗണ്, കൂടാതെ ചിത്രത്തിലെ എല്ലാ അഭിനേതാക്കള്‍ക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങള്‍. വളരെ നന്നായി ചെയ്തു എന്നും മോഹൻലാല്‍ കൂട്ടിച്ചേർത്തു.ഒക്ടോബർ രണ്ടിന് തിയേറ്ററിലെത്തിയ സിനിമ സംവിധാനം ചെയ്തത് അഭിഷേക് പഥക് ആണ്. മലയാളം പതിപ്പിന്റെ മൂന്നാംഭാഗത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായാണ് ദൃശ്യം 3 കണ്ക്ലൂഷൻ ഒരുക്കിയിരിക്കുന്നത്. ജയ്ദ്പ് അഹ്ലാവത്, പ്രകാശ് രാജ്, തബു, ശ്രിയ ശരണ്‍, രജത് കപൂർ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. അഭിഷേക് പഥക്, ആമില്‍ കിയാഖാൻ, പർവേസ് ഷെയ്ഖ് എന്നിവർ ചേർന്ന് രചിച്ച ചിത്രം നിർമ്മിച്ചിരിക്കുന്നത് അലോക് ജെയ്ൻ, അജിത് അന്ധാരെ, കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്നാണ്.