ന്യൂഡല്ഹി: ബി.ജെ.പി നേതാവ് ദുഷ്യന്ത് ഗൗതമിനെ സിക്കിം ഗവർണറായി നിയമിച്ച നടപടി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി രാഷ്ട്രപതിക്ക് കത്തയച്ചു.ഏറെ കോളിളക്കം സൃഷ്ടിച്ച അങ്കിത ഭണ്ഡാരി കൊലക്കേസില് ആരോപണ വിധേയനായ വ്യക്തിയാണ് ദുഷ്യന്ത് ഗൗതം. ഈ പശ്ചാത്തലത്തിലാണ് നിയമനം തടയണമെന്ന ആവശ്യവുമായി രാഹുല് ഗാന്ധി രംഗത്തെത്തിയത്.ഡല്ഹി ഇന്ത്യ ഗേറ്റില് അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കള് നടത്തിയ ധർണയില് രാഹുല് ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഉള്പ്പെടെയുള്ള പ്രമുഖർ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്ട്രപതിക്ക് കത്തയച്ചത്.2022 സെപ്റ്റംബറിലാണ് ഉത്തരാഖണ്ഡിലെ റിസോർട്ടില് റിസപ്ഷനിസ്റ്റായിരുന്ന അങ്കിത ഭണ്ഡാരി കൊല്ലപ്പെടുന്നത്.
ഋഷികേശിലെ റിസോർട്ടില് വെച്ചുണ്ടായ കൊലപാതകത്തിന് ശേഷം, നാല് ദിവസങ്ങള്ക്ക് ശേഷമാണ് അങ്കിതയുടെ മൃതദേഹം കനാലില് നിന്നും കണ്ടെടുത്തത്.കേസില് മുൻ ബി.ജെ.പി നേതാവ് വിനോദ് ആര്യയുടെ മകനും റിസോർട്ട് ഉടമയുമായ പുല്കിത് ആര്യ ഉള്പ്പെടെ മൂന്ന് പ്രതികള് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയും ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. എന്നാല് കൊലപാതകത്തില് ഒരു ‘വി.ഐ.പി’ കൂടി ഉള്പ്പെട്ടിട്ടുണ്ടെന്ന ശക്തമായ ആരോപണം അക്കാലത്ത് വ്യാപകമായി ഉയർന്നിരുന്നു. ബി.ജെ.പി ദേശീയ ജനറല് സെക്രട്ടറിയും അന്ന് ഉത്തരാഖണ്ഡിന്റെ ചുമതലയുണ്ടായിരുന്ന നേതാവുമായ ദുഷ്യന്ത് കുമാർ ഗൗതമിന്റെ പേരാണ് ഈ വിവാദവുമായി ബന്ധപ്പെട്ട് ഉയർന്നു വന്നത്. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ ഗവർണറായി നിയമിച്ചതിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമായിരിക്കുന്നത്.