ബെംഗളൂരു: നമ്മ മെട്രോയുടെ പിങ്ക് ലൈനിലെ ഭൂഗർഭ പാതയിലും ബ്ലൂ ലൈനിലെ ഔട്ടർ റിംഗ് റോഡ് പാതയിലും നവംബറില് പരീക്ഷണയോട്ടം ആരംഭിക്കാൻ സാധ്യത.രണ്ട് പാതകളും 2027 മെയ് മാസത്തോടെ യാത്രക്കാർക്കായി തുറന്നുകൊടുക്കാനാണ് ബെംഗളൂരു മെട്രോ റെയില് കോർപറേഷൻ ലിമിറ്റഡിന്റെ ലക്ഷ്യം. പിങ്ക് ലൈനില് ഡയറി സർക്കിളില് നിന്ന് ശിവാജിനഗർ വരെയും ബ്ലൂ ലൈനില് ബൈയപ്പനഹള്ളി ഡിപ്പോയില് നിന്ന് കെആർ പുര വഴി മാറത്തഹള്ളിയിലേക്കുമാണ് പരീക്ഷണയോട്ടം നടത്താൻ പദ്ധതിയിടുന്നത്.പിങ്ക് ലൈനിന്റെ ഭൂഗർഭ പാതയില് ഒക്ടോബർ അവസാനമോ നവംബറിലോ ശിവാജിനഗർ വരെ ട്രെയിൻ ഓടിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ബിഎംആർസിഎല് എംഡി പിസി ജാഫർ വ്യക്തമാക്കി. തെക്കൻ ബെംഗളൂരുവിലെ കലേന അഗ്രഹാരയെ വടക്കൻ മേഖലയിലെ നാഗവാരയുമായി ബന്ധിപ്പിക്കുന്ന 21 കിലോമീറ്റർ പാതയുടെ ഭാഗമാണ് ഈ ഭൂഗർഭ പാത.
പിങ്ക് ലൈനിലെ ബന്നാർഘട്ട റോഡിലൂടെ കടന്നുപോകുന്ന കലേന അഗ്രഹാര മുതല് തവരേക്കരെ വരെയുള്ള 7.5 കിലോമീറ്റർ എലിവേറ്റഡ് പാതയുടെ സുരക്ഷാ പരിശോധന പൂർത്തിയായിരുന്നു.മെട്രോ റെയില് സുരക്ഷാ കമ്മീഷണർ ഒക്ടോബർ ആറ് മുതല് എട്ട് വരെയാണ് പരിശോധന നടത്തിയത്. പരിശോധനയില് ഉന്നയിച്ച കാര്യങ്ങള്ക്ക് ഒക്ടോബർ 15ന് ബിഎംആർസിഎല് മറുപടി നല്കിയിട്ടുണ്ട്. സുരക്ഷാ കമ്മീഷണറുടെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ് അധികൃതർ. ഈ പാതയുടെ ഉദ്ഘാടനം ഒക്ടോബറില് നിർവഹിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഡികെ ശിവകുമാർ ഒക്ടോബർ ആറിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.എലിവേറ്റഡ് പാത തുറക്കുന്നതോടെ ബെംഗളൂരു മെട്രോയുടെ പ്രവർത്തനത്തിലുള്ള ആകെ ദൂരം 96.1 കിലോമീറ്ററില് നിന്ന് 103.6 കിലോമീറ്ററായി ഉയരും. പിങ്ക് ലൈനിന്റെ ഭൂഗർഭ പാതയില് പ്ലാറ്റ്ഫോം സ്ക്രീൻ ഡോറുകള് സ്ഥാപിക്കുകയും അവ സിഗ്നലിങ് സംവിധാനവുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നതാണ് പ്രധാന വെല്ലുവിളി.
ട്രെയിൻ പ്ലാറ്റ്ഫോമില് എത്തുമ്പോള് വാതിലുകള് കൃത്യമായി തുറക്കാനും അടയ്ക്കാനും സിഗ്നലിങ് സംവിധാനവുമായി ഇവയുടെ പ്രവർത്തനം ഏകോപിപ്പിക്കണം.ബെംഗളൂരുവില് ആദ്യമായാണ് മെട്രോ സ്റ്റേഷനുകളില് ഇത്തരം വാതിലുകള് സ്ഥാപിക്കുന്നത് എന്നതാണ് പ്രത്യേകത. ചൈനയില്നിന്ന് മൂന്ന് കണ്ടെയ്നറുകളിലായാണ് വാതിലുകളുടെ ഫ്രെയിമുകളും ഗ്ലാസുകളും ഉള്പ്പെടെയുള്ള ഭാഗങ്ങള് എത്തിക്കുന്നത്. ഇതില് ആദ്യഘട്ട ഭാഗങ്ങള് ഇതിനകം സ്ഥലത്തെത്തിയിട്ടുണ്ട്. അടുത്ത 10 മുതല് 12 ദിവസത്തിനുള്ളില് കൂടുതല് എത്തിയേക്കും.നഗരത്തിലെ പ്രധാന ഐടി മേഖലകളെ ബന്ധിപ്പിക്കുന്ന ബ്ലൂ ലൈനിന്റെ ഔട്ടർ റിംഗ് റോഡ് പാതയില് നവംബർ 15നകം പരീക്ഷണയോട്ടം ആരംഭിക്കാനാണ് ലക്ഷ്യം. ബൈയപ്പനഹള്ളി ഡിപ്പോയില്നിന്ന് കെആർ പുര വഴി മാറത്തഹള്ളിയിലേക്കാണ് ആദ്യഘട്ടത്തില് ട്രെയിൻ ഓടിക്കുക. സിഗ്നലിങ് ജോലികള് ഒഴികെയുള്ള നിർമാണപ്രവർത്തനങ്ങള് പൂർത്തിയായതായി ബിഎംആർസിഎല് അറിയിച്ചു.
പാതയില് ഏകദേശം രണ്ട് കിലോമീറ്റർ ദൂരത്തില് കൂടി പാളം സ്ഥാപിക്കാനുണ്ട്. സ്റ്റേഷനുകളുടെ നിർമ്മാണവും പുരോഗമിക്കുകയാണ്. സെൻട്രല് സില്ക്ക് ബോർഡ് സ്റ്റേഷൻ ഒഴികെയുള്ള എല്ലാ സ്റ്റേഷനുകളിലെയും ജോലികള് നവംബറോടെ പൂർത്തിയാക്കാനാണ് പദ്ധതി. ബ്ലൂ ലൈനിനായി ബിഇഎംഎല് രണ്ട് ട്രെയിൻ സെറ്റുകള് കൈമാറിയിട്ടുണ്ട്. പരീക്ഷണയോട്ടം ആരംഭിക്കാൻ ഇവ മതിയാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്.എന്നാല് ട്രെയിനുകളെയും പാതയിലെ മറ്റ് പ്രവർത്തന സംവിധാനങ്ങളെയും സിഗ്നലിങ് സംവിധാനവുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. ഈ ഏകോപനത്തിനും പരിശോധനകള്ക്കും കൂടുതല് സമയം വേണ്ടിവരും. പിങ്ക് ലൈനിന്റെ ഭൂഗർഭ പാതയും ബ്ലൂ ലൈനിന്റെ ഔട്ടർ റിംഗ് റോഡ് പാതയും 2027 മെയില് തുറന്നുകൊടുക്കാനാണ് ബിഎംആർസിഎല് ലക്ഷ്യമിടുന്നത്. ആവശ്യമായ ജോലികള് 2027 മാർച്ചോടെ പൂർത്തിയാക്കാനാണ് പദ്ധതിയെങ്കിലും സിഗ്നലിങ് പരിശോധനകള്, ട്രെയിനുകളുമായുള്ള ഏകോപനം, സുരക്ഷാ പരിശോധനകള് എന്നിവയുടെ പുരോഗതിയെ ആശ്രയിച്ചായിരിക്കും അന്തിമ തീരുമാനം.