കോഴിക്കോട്: വിവിധ പൊലിസ് സ്റ്റേഷനുകളിലായി 11 കേസുകളില്‍ പ്രതിയായ യുവാവ് എംഡിഎംഎയുമായി വീണ്ടും പിടിയില്‍. പേരാമ്പ്ര പള്ളിച്ചാലില്‍ അഫ്നാസ് (27), പാലക്കാട് എടത്തനാട്ടുകര കല്ലിങ്ങല്‍ റിൻഷാ ഫാത്തിമ (23) എന്നിവരെയാണ് കുന്ദമംഗലം പൊലിസ് പിടികൂടിയത്.ഇവരില്‍ നിന്ന് 11.90 ഗ്രാം എംഡിഎംഎ പിടികൂടി.ചാത്തമംഗലം എൻഐടിക്ക് സമീപം കഴിഞ്ഞദിവസം രാത്രി 10.30ന് നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും പിടിയിലായത്. അഫ്നാസിനെതിരെ പേരാമ്പ്ര, ബാലുശേരി, താമരശേരി തുടങ്ങിയ പൊലിസ് സ്റ്റേഷനുകളിലായി എൻഡിപിഎസ് നിയമപ്രകാരമുള്ള കേസുകളുണ്ട്.
റിൻഷാ ഫാത്തിമയ്ക്കെതിരെയും മൂന്ന് കേസുകളുണ്ടെന്ന് പൊലിസ് അറിയിച്ചു.എൻഐടിയില്‍ നടന്ന തത്വ 2026 പരിപാടിയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന കുന്ദമംഗലം എസ്ഐ ഏലിയാസിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സംശയകരമായ സാഹചര്യത്തില്‍ എത്തിയ കാറിന് കൈകാണിച്ച് നിർത്താൻ ആവശ്യപ്പെട്ടു. എന്നാല്‍ പൊലിസിനെ കണ്ടതോടെ കാർ നിർത്താതെ വേഗത്തില്‍ ഓടിച്ചുപോയി.തുടർന്ന് പൊലിസ് വാഹനത്തെ പിന്തുടർന്നു. എൻഐടി മെഗാ ഹോസ്റ്റലിന് സമീപത്തെ ഒരു അപ്പാർട്ട്മെന്റിന്റെ പാർക്കിംഗ് ഏരിയായില്‍ നിർത്തിയിട്ട നിലയിലാണ് കാർ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കാറില്‍നിന്ന് എംഡിഎംഎ കണ്ടെത്തിയത്.