പുതുവര്‍ഷം ആശംസിക്കാത്തതിന് തൃശൂര്‍ മുള്ളൂര്‍ക്കരയില്‍ യുവാവിനെ കുത്തിവീഴ്ത്തി. ആറ്റൂര്‍ സ്വദേശി സുഹൈബിനേറ്റത് 24 കുത്തുകള്‍. യുവാവ് ഗുരുതരാവസ്ഥയില്‍. കഞ്ചാവ് കേസിലെ പ്രതിയായ ഷാഫിയാണ് കുത്തിയത്. ബസ് സ്റ്റോപ്പില്‍ ഷാഫിക്കൊപ്പം ഇരുന്നവര്‍ക്ക് മാത്രം ആശംസ നേര്‍ന്നതാണ് പ്രകോപനം.അതേസമയം, തൃശൂർ നഗരമധ്യത്തില്‍ ഇന്നലെ യുവാവിനെ കുത്തിക്കൊന്നിരുന്നു. ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് കുത്തിയത്. മുപ്പതുകാരനായ പൂത്തോൾ സ്വദേശി ലിവിൻ ആണ് കൊല്ലപ്പെട്ടത്. തൃശൂർ വടക്കുനാഥ ക്ഷേത്ര മൈതാനത്തായിരുന്നു കൊലപാതകം.
സ്കൂൾ വിദ്യാർഥികൾ രണ്ട് പെൺകുട്ടികൾക്കൊപ്പം മൈതാനത്ത് നടന്ന് പോകുകയായിരുന്നു. പെൺകുട്ടികളുമായ ഇരുട്ടത്ത് പോകുന്നത് തൃശൂർ പൂത്തോൾ സ്വദേശി ലിവിൻ ചോദ്യം ചെയ്തു. ഇതിന്റെ പേരിലായിരുന്നു തർക്കം. ഇതിനിടെയാണ് വിദ്യാർഥികൾ കുത്തിയത് പതിനഞ്ചു വയസുള്ള രണ്ട് വിദ്യാർഥികളാണ് ആക്രമിച്ചത്. കുത്തേറ്റ് വീണ ലിവിനെ കൂടെയുണ്ടായിരുന്ന വനിത സുഹൃത്തുക്കൾ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വിവരമറിഞ്ഞ് തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോയും സംഘവും സ്ഥലത്ത് എത്തി. കൊല്ലപെട്ട ലിവിനുമായി വിദ്യാർത്ഥികൾക്ക് മുൻ പരിചയം ഉണ്ടോ എന്നുള്ള കാര്യം പരിശോധിച്ചു വരികയാണെന്ന് ആർ. ഇളങ്കോ ഐ. പി. എസ് പറഞ്ഞു. വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുതുവത്സരത്തിന്റെ ഭാഗമായി നഗരത്തിലാകെ പൊലീസ് നിരീക്ഷണം ശക്തമായിരിക്കെയാണ് നഗര മധ്യത്തിലെ കൊലപാതകം .
സോഷ്യല്‍ മീഡിയയിലൂടെ സൗഹൃദം, വിവാഹാഭ്യര്‍ത്ഥന നിരസിച്ച 21കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച് യുവതി
വിവാഹാഭ്യർത്ഥന നിരസിച്ച 21കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവതിക്കെതിരെ കേസ്. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം.ബികോം വിദ്യാർത്ഥിയായ ധീരജ് ആണ് ആക്രമണത്തിനിരയായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. സംഭവത്തില്‍ പ്രിയ എന്ന യുവതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.പ്രിയയും ധീരജും സമൂഹമാദ്ധ്യമത്തിലൂടെയാണ് പരിചയപ്പെട്ടത്. തുടർന്ന് യുവതി വിവാഹാഭ്യർത്ഥന നടത്തിയെങ്കിലും യുവാവ് നിരസിക്കുകയായിരുന്നു. പിന്നാലെ യുവതി ധീരജിനെ വിളിച്ചുവരുത്തി പാനീയത്തില്‍ മരുന്ന് കലർത്തി മയക്കിയതിനുശേഷം മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കൊലപ്പെടുത്താൻ രണ്ടുപേരെ ഏർപ്പാടാക്കുകയായിരുന്നു.
പ്രിയയും ധീരജും ആറുമാസം മുൻപാണ് പരിചയത്തിലായതെന്ന് ധീരജിന്റെ പിതാവ് ഹൻസ്‌രാജ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പിന്നാലെ ധീരജിനെ കാണാൻ പ്രിയ ഗ്രേറ്റർ നോയിഡയിലെത്തി. തുടർന്ന് ഇരുവരും കാറില്‍ സഞ്ചരിക്കുന്നതിനിടെ പ്രിയ ധീരജിന്റെ പാനീയത്തില്‍ മയക്കുമരുന്ന് കലർത്തുകയും കൊലപ്പെടുത്താൻ രണ്ടുപേരെ വിളിച്ചുവരുത്തുകയും ചെയ്തെന്നും പരാതിയില്‍ ആരോപിക്കുന്നു.ധീരജ് കാറില്‍ ബോധരഹിതനായി കിടക്കുന്നതുകണ്ട ചില പരിചയക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രിയയ്ക്കും രണ്ട് സുഹൃത്തുക്കള്‍ക്കും എതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.