ന്യൂഡല്‍ഹി: വ്യാജ പരസ്യം നല്‍കി പണം തട്ടിയ സംഭവത്തില്‍ രണ്ടുപേർ അറസ്റ്റില്‍. അജാസ്, ഇർഷാദ് എന്നിവരാണ് അറസ്റ്റിലായത്. കുട്ടികളുണ്ടാകാൻ ആഗ്രഹിക്കുന്ന സ്ത്രീകളെ ഗർഭിണികളാക്കാൻ പുരുഷൻമാരെ ആവശ്യമുണ്ട് എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഇവർ പരസ്യം ചെയ്തത്. ഹരിയാനയിലെ നുഹ് ജില്ലയിലാണ് സംഭവം.
സ്ത്രീകളെ ഗർഭിണികളാക്കുന്നവർക്ക് പ്രതിഫലവും ഇവർ വാഗ്ദാനം ചെയ്തിരുന്നു. ഗർഭിണിയാകാൻ ആഗ്രഹിക്കുന്ന സ്ത്രീകളുടേതെന്ന് പറഞ്ഞ് ചില യുവതികളുടെ ചിത്രങ്ങളും ഇവർ പരസ്യത്തിനൊപ്പം നല്‍കി. ഈ പരസ്യം കണ്ട നിരവധിപ്പേരാണ് ഇവരെ ബന്ധപ്പെട്ടത്. അവരില്‍ നിന്നും പ്രതികള്‍ രജിസ്ട്രേഷൻ ഫീസും ഫയല്‍ ചെയ്യാനുള്ള പ്രാരംഭ ചെലവുകളും എന്ന പേരില്‍ പണം ഈടാക്കുകയും ചെയ്തു.
പിന്നീട് പ്രതികള്‍ ഇവരെ ബ്ലോക്കും ചെയ്തു. തുടർന്നാണ് പരാതിയുമായി ആള്‍ക്കാർ രംഗത്ത് വന്നത്. പ്രതികളുടെ പേരില്‍ നാലിലധികം വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടുകളും നിരവധി വ്യാജ പരസ്യങ്ങളും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ശനിയാഴ്ച അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.