2025ലെ തുടക്കം മനോഹരമാക്കി നവകേരള ബസിൻ്റെ ആദ്യയാത്ര. രൂപമാറ്റം നടത്തിയശേഷം കോഴിക്കോട് – ബെംഗളൂരു റൂട്ടിൽ ബസിൻ്റെ ആദ്യ സർവീസായിരുന്നു ഇന്ന് നടന്നത്. കോഴിക്കോട് നിന്ന് ബസ് പുറപ്പെട്ടത് തന്നെ നിറയെ യാത്രക്കാരുമായാണ്. ബസ് യാത്ര ആരംഭിക്കുമ്പോൾ 37 സീറ്റിലും യാത്രക്കാരുണ്ടായിരുന്നു. രൂപമാറ്റത്തിനൊപ്പം സമയക്രമത്തിലും മാറ്റം വരുത്തിയതാണ് സർവീസിന് ഗുണമായത്.നേരത്തെ നവകേരള ബസ് കോഴിക്കോട് നിന്ന് പുറപ്പെട്ടത് പുലർച്ചെ 04:20 നായിരുന്നു. സീറ്റുകളുടെ എണ്ണം കൂട്ടി ഒരിടവേളയ്ക്ക് ശേഷം ബസ് സർവീസ് പുനഃരാരംഭിച്ചപ്പോൾ സമയം 08:25 ലേക്ക് മാറ്റി. പുതിയ സമയക്രമം അനുസരിച്ച് രാവിലെ 8:25 ന് പുറപ്പെട്ട് വൈകീട്ട് 4:25ന് ബെംഗളൂരുവിലെത്തും. ബെംഗളൂരുവില്‍നിന്ന് തിരികെ രാത്രി 10:25 ന് പുറപ്പെട്ട് രാവിലെ 5:20 ന് കോഴിക്കോട്ടെത്തും.
ഗരുഡ പ്രീമിയം സര്‍വീസായാണ് നവകേരള ബസ് സർവീസ് നടത്തുന്നത്.900 രൂപയാണ് ടിക്കറ്റ് നിരക്ക്.അടുത്തദിവസത്തെ സർവീസിൻ്റെ ടിക്കറ്റ് ബുക്കിങ് ഫുള്ളായിട്ടുണ്ട്. ഞായറാഴ്ചത്തെ സർവീസിൻ്റെയും ഓണ്‍ലൈന്‍ ബുക്കിങ് പൂര്‍ത്തിയായി. വെള്ളിയാഴ്ചയും ശനിയാഴ്ചയും പകുതിയിലധികം ടിക്കറ്റുകള്‍ ബുക്കുചെയ്തുകഴിഞ്ഞു.11 സീറ്റുകൾ അധികമായി ഘടിപ്പിച്ചാണ് നവകേരള ബസ് വീണ്ടും സർവീസിനെത്തിയത്. ആകെ 37 സീറ്റുകളാണുള്ളത്. പിൻ ഡോർ, എസ്കലേറ്റർ എന്നിവ ഒഴിവാക്കി. മുൻഭാഗത്ത് മാത്രമാണ് ഡോർ ഉള്ളത്. ബസിലെ ശൗചാലയം നിലനിർത്തിയിട്ടുമുണ്ട്. നേരത്തെ 1280 രൂപയായിരുന്ന ടിക്കറ്റ് നിരക്കാണ് 900 ആയി കുറച്ചത്.
ടിക്കറ്റ് നിരക്ക് കുറച്ചതും സമയക്രമത്തിലെ മാറ്റവുമാണ് കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ കാരണമാകുന്നത്. നേരത്തേ 4:30 ന് സര്‍വീസ് നടത്തിയപ്പോള്‍ പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങേണ്ട അവസ്ഥയായിരുന്നെങ്കിൽ നിലവിൽ ഈ പ്രശ്നം ഇല്ലാതെയായി.സംസ്ഥാന സർക്കാർ സംഘടിപ്പിച്ച നവ കേരള യാത്രയ്ക്കായി ഉപയോഗിച്ച ബസാണ് ബെംഗളൂരു – കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും യാത്ര ചെയ്യാൻ വേണ്ടി 1.6 കോടി രൂപയ്ക്കാണ് ഭാരത് ബെൻസിന്‍റെ ബസ് വാങ്ങിയത്. മുൻ ഭാഗത്ത് ഹൈഡ്രോളിക് ലിഫ്റ്റും പിറകിൽ ഓട്ടോമാറ്റിക് വാതിലും ബാത്ത്‌റൂം സൗകര്യങ്ങളും ബസിലുണ്ടായിരുന്നു.