ബംഗലൂരുവിലെ പുതുവത്സരാഘോഷം: ‘പൊതുസ്ഥലത്ത് വിസിൽ മുഴക്കരുത്; മാസ്ക് ധരിക്കരുത്’, സുരക്ഷയ്ക്ക് 2000ത്തിലധികം പൊലീസ്
ബെംഗലൂരു: പുതുവത്സരാഘോഷ വേളയിൽ ബെംഗലൂരു നഗരത്തിൽ പൊതു സ്ഥലങ്ങളിൽ മുഖം മൂടുന്ന തരത്തിൽ മാസ്ക് ധരിക്കരുതെന്നും വിസിൽ മുഴക്കരുതെന്നും നിർദേശിച്ച് പൊലീസ്. തിരക്കുള്ള സ്ഥലങ്ങളിൽ ആളുകളെ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യം സൃഷ്‌ടിക്കുന്നത് ഒഴിവാക്കാനാണ് മാസ്ക‌് ധരിക്കരുതെന്ന് പൊലീസ് നിർദേശിച്ചിരിക്കുന്നത്. പുതുവർഷത്തെ വരവേൽക്കാനുള്ള ആഘോഷത്തിനായി നഗരം ഒരുങ്ങുമ്ബോൾ സർക്കാരും പൊലീസും സുരക്ഷാ നടപടികൾ വിപുലീകരിച്ചിട്ടുണ്ട്. എംജി റോഡിൽ 2000ത്തിലധികം പൊലീസുകാരെ വിന്യസിക്കും.
ബ്രിഗേഡ് റോഡ്, ചർച്ച് സ്ട്രീറ്റ്, ഇന്ദിരാനഗർ, എച്ച്എസ്ആർ ലേ ഔട്ട്, കോറമംഗല എന്നിവിടങ്ങളിൽ പ്രത്യേക ലൈറ്റിങ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കോറമംഗലയിൽ 1000ത്തിലധികം പൊലീസുകാരെ വിന്യസിച്ചുകൊണ്ട് സുരക്ഷ വർധിപ്പിച്ചു. നഗരത്തിലെ സിസിടിവികളെല്ലാം സജ്ജമാണ്. സെൻസിറ്റീവ് സ്ഥലങ്ങളിലെല്ലാം 150 ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ ഫ്ളൈ ഓവറുകളും അടച്ചിരിക്കും. എംജി റോഡിൽ നിന്നുള്ള മെട്രോ, ബസ് സർവീസുകൾ പുലർച്ചെ 2 മണിവരെ പ്രവർത്തിക്കും.
സ്ത്രീകളെ ശല്യം ചെയ്യുന്ന വ്യക്തികൾക്ക് 500 രൂപ പിഴ ചുമത്തും അത്തരം കുറ്റവാളികളെ പൊലീസിന് കൈമാറുമെന്നും ബംഗലൂരു മെട്രോ റെയിൽ കോർപ്പറേഷൻ പ്രഖ്യാപിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ മെട്രോ കോച്ചുകളിലും സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കും
ബെംഗളൂരു : മല കേറിയുള്ള പുതുവത്സരാഘോഷം വേണ്ട, ഹിൽ സ്റ്റേഷനുകളിൽ കടുത്ത നിയന്ത്രണങ്ങൾ
ബെംഗളൂരു: ഹിൽ സ്റ്റേഷനുകളിലും നന്ദിഹിൽസ് ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലും പോയി നിശാപാർട്ടി നടത്തി പുതുവത്സരം ആഘോഷിക്കാനുള്ള യുവാക്കളുടെ മോഹം വെള്ളത്തിലായി. ഡിസംബർ 31 വൈകുന്നേരം മുതൽ സംസ്ഥാനത്തെ മിക്കവാറും എല്ലാ ഹിൽ സ്റ്റേഷനുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിടുകയാണ്.
മുൻകാലങ്ങളിൽ ഈ സ്ഥലങ്ങളിൽ പാർട്ടി നടത്തിയതിന് ശേഷം അപകടമുണ്ടായാത്തോടെയാണ് ജില്ലാ ഭരണകൂടങ്ങൾ കർശന നടപടി സ്വീകരിച്ചത്. ഡിസംബർ 31ന് രാത്രി ചിക്കമംഗളൂരു ജില്ലയിലെ നന്ദി ഗിരിധാമിലെ പുതുവത്സരാഘോഷങ്ങൾ നിർത്തിവച്ചിട്ടുണ്ട് രാത്രികാലങ്ങളിൽ ആളുകൾക്ക് ഇവിടെയെത്താൻ കഴിയില്ല. മാത്രവുമല്ല മലയോരത്തെ ഗസ്റ്റ് ഹൗസുകളും അടച്ചിടുകയാണ്. പുതുവർഷത്തിൽ മദ്യപിച്ച് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് നന്ദിഗരിധാം അടച്ചിട്ടിരിക്കുന്നത്. ഡിസംബർ 31 വൈകുന്നേരം 6 മണി മുതൽ ജനുവരി 1 ന് രാവിലെ 6 മണി വരെ നന്തി പൂർണമായും അടച്ചിടുമെന്ന് ചിക്കബെല്ലാപൂർ ജില്ലാ കളക്ടർ പി എൻ രവീന്ദ്ര ഉത്തരവിട്ടിട്ടുണ്ട്.
ബെംഗളൂരു പുതുവർഷാഘോഷം വാണിജ്യ സ്ഥാപനങ്ങളുടെ പ്രവർത്തന സമയം നീട്ടി സർക്കാർ
ബെംഗളൂരു: പുതുവത്സരാഘോഷത്തിൻ്റെ ഭാഗമായി ബെംഗളൂരുവിൽ വാണിജ്യ സ്ഥാപനങ്ങളുടെ പ്രവർത്തന സമയം നീട്ടി. ഹോട്ടലുകൾക്കും റെസ്റ്റോറൻ്റുകൾക്കും പബ്ബുകൾക്കും ജനുവരി ഒന്നിന് പുലർച്ചെ 1 മണി വരെ തുറന്ന് പ്രവർത്തിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയതായി ആഭ്യന്തര മന്ത്രി ജി. പരമേശ്വര അറിയിച്ചു. ആഘോഷപരിപാടികൾക്ക് മതിയായ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. എല്ലാ ബിബിഎംപി, ബിഡബ്ല്യുഎസ്എസ്ബി, മറ്റ് ഏജൻസി ഉദ്യോഗസ്ഥരോടും ജനുവരി 3 വരെ അവധിയിൽ പോകരുതെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഇതിന് പുറമെ ചിക്കമഗളൂരുവിലെ ട്രെക്കിംഗ് ഹിൽസ്, ശിവമോഗയ്ക്ക്കടുത്തുള്ള ജോഗ് വെള്ളച്ചാട്ടം, മൈസൂരുവിലെ ചാമുണ്ഡി ഹിൽ, മാണ്ഡ്യ ജില്ലയിലെ കാവേരി നദീതടങ്ങൾ എന്നിവിടങ്ങളിൽ ഡിസംബർ 31ന് വൈകീട്ട് ആറ് മുതൽ ജനുവരി ഒന്നിന് രാവിലെ ആറ് മണി വരെ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നഗരത്തിലെ ആഘോഷ പാർട്ടികളിൽ നിരീക്ഷണത്തിനായി 10000 സിസിടിവി ക്യാമറകളാണ് സജ്ജമാക്കിയിട്ടുള്ളതെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ അറിയിച്ചു.
പാര്‍ട്ടി സോണില്‍ 10000 സിസിടിവികള്‍, ആയിരക്കണക്കിന് പൊലീസുകാര്‍, പുതുവര്‍ഷാഘോഷത്തിന് ബെംഗളൂരു സജ്ജം; ഡി കെ ശിവകുമാര്‍
പുതുവർഷ ആഘോഷങ്ങള്‍ കൈവിട്ട് പോകാതിരിക്കാൻ കർശന നിയന്ത്രണങ്ങളുമായി കർണാടക. ആഘോഷങ്ങളുടെ മാറ്റ് കുറയാതിരിക്കാൻ ശ്രദ്ധിക്കുന്നതിനൊപ്പം ആളുകളുടെ സുരക്ഷ മുന്നില്‍ കണ്ടാണ് നടപടിയെന്നാണ് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ പ്രതികരണം.സമൂഹമാധ്യമങ്ങളിലെ ആഘോഷങ്ങള്‍ ആരേയും വേദനിപ്പിക്കാതെയാവാൻ ശ്രദ്ധിക്കണമെന്നും ഡി കെ ശിവകുമാർ നെറ്റിസണ്‍സിനോട് ആവശ്യപ്പെട്ടു. ഡിസംബർ 31 നഗരത്തിലെ ആഘോഷ പാർട്ടികളില്‍ നിരീക്ഷണത്തിനായി 10000 സിസിടിവി ക്യാമറകളാണ് സജ്ജമായിട്ടുള്ളതെന്നും ഡി കെ ശിവകുമാർ വിശദമാക്കി.
അന്തർദേശീയ തലത്തില്‍ ബെംഗളൂരുവിന്റെ പേരിന് കളങ്കം വരുന്ന രീതിയിലുള്ള പ്രവർത്തികളില്‍ ഏർപ്പെടരുതെന്നും ഡി കെ ശിവകുമാർ യുവ തലമുറയോട് ആവശ്യപ്പെട്ടു. കരുതലോടെയും ഉത്തരവാദിത്തത്തോടെയും പുതിയ വർഷത്തിനായി ഒരുങ്ങാമെന്നും ഡി കെ ശിവകുമാർ വിശദമാക്കി. ഒരു തരത്തിലുമുള്ള നിയമ ലംഘനങ്ങളോടും സർക്കാർ സഹിഷ്ണുത കാണിക്കില്ലെന്നും ഡി കെ ശിവകുമാർ വിശദമാക്കി. ആഘോഷങ്ങളുടെ പേരിലുള്ള അക്രമങ്ങള്‍ നിരീക്ഷണത്തിലാണെന്നും ഡി കെ ശിവകുമാർ വിശദമാക്കി.
അനാവശ്യ സംഭവങ്ങള്‍ നഗരത്തിലുണ്ടാവാതിരിക്കാനുള്ള ഒരുക്കങ്ങള്‍ പൂർണമാണെന്ന് കർണാടക ആഭ്യന്തര മന്ത്രിയുടെ വിശദമാക്കി. ആയിരക്കണക്കിന് പൊലീസുകാരനാണ് വിവിധയിടങ്ങളിലായി ഡ്യൂട്ടിയിലുള്ളത്.
പുതുവത്സരാഘോഷം; ബി.എം.ടി.സി രാത്രി 11 മുതല്‍ 2 വരെ സ്പെഷല്‍ സര്‍വിസ് നടത്തും
പുതുവത്സര രാവില്‍ ബി.എം.ടി.സി സ്പെഷല്‍ സർവിസുകള്‍ നടത്തും. എം.ജി റോഡ്/ ബ്രിഗേഡ് റോഡ് എന്നിവിടങ്ങളില്‍നിന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്രക്കാരുടെ തിരക്കനുസരിച്ച് രാത്രി 11 മുതല്‍ 2 വരെ സർവിസുകളുണ്ടാവും.ബ്രിഗേഡ് റോഡില്‍നിന്ന് ഇലക്‌ട്രോണിക് സിറ്റി (ജി 3), ജിഗാനി (ജി 4), സർജാപുര (ജി 2), കെംഗേരി കെ.എച്ച്.ബി ക്വാർട്ടേഴ്സ് (ജി 6), ജനപ്രിയ ടൗണ്‍ഷിപ് (ജി 7) എന്നിവിടങ്ങളിലേക്കാണ് സർവിസ്. എം.ജി റോഡില്‍നിന്ന് നെലമംഗല (ജി 8), യെലഹങ്ക സ്റ്റേജ് 5 (ജി 9), യെലഹങ്ക (ജി 10), ബഗലൂർ (ജി 11) ഹൊസ്ക്കോട്ടെ (317 ജി), ചന്നസാന്ദ്ര (SBS13K), കടുഗോഡി (SBS1K), ബാനശങ്കരി (13) എന്നിവിടങ്ങളിലേക്കുമായിരിക്കും സർവിസ്.
കൂടാതെ മെജസ്റ്റിക്, കെ.ആർ മാർക്കറ്റ്, ശിവജി നഗർ, കോറമംഗല, കടുഗോഡി, കെംഗേരി, സുമനഹള്ളി, ഗൊരഗുണ്ടപാളയ, യെശ്വന്ത്പൂർ, യെലഹങ്ക, ശാന്തിനഗർ, ബാനശങ്കരി, ഹെബ്ബാള്‍, സെൻട്രല്‍ സില്‍ക്ക് ബോർഡ് എന്നീ ബസ് സ്റ്റാൻഡുകളില്‍ നിന്നും വിവിധയിടങ്ങളിലേക്ക് സർവിസ് നടത്തുമെന്ന് ബി.എം.ടി.സി അറിയിച്ചു.ടി.സി അറിയിച്ചു.
പുതുവത്സരാഘോഷം; സുരക്ഷയ്ക്കായി 11,000 പൊലീസുകാരെ വിന്യസിച്ച് ബെംഗളൂരു
പുതുവത്സരാഘോഷങ്ങളുടെ തിരക്കിലേയ്ക്ക് നീങ്ങുകയാണ് ഇന്ത്യയുടെ ഐ.ടി ഹബ്ബായ ബെംഗളൂരു. അതിനാല്‍ തന്നെ വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് ബെംഗളൂരു പൊലീസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൊതു സുരക്ഷ ഉറപ്പാക്കാനും കാല്‍നടയാത്ര കൂടുതലുള്ള പ്രദേശങ്ങളില്‍ സുഗമമായ ഗതാഗതം ഉറപ്പാക്കാനും പൊലീസ് ലക്ഷ്യമിടുന്നു. പുലര്‍ച്ചെ 1:00 മണി വരെ ആഘോഷങ്ങള്‍ അനുവദനീയമാണ്. പൊതുജനങ്ങള്‍ ഈ സമയ പരിധി പാലിക്കണമെന്ന് പൊലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുന്‍കാല അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചതായി സിറ്റി പോലീസ് കമ്മീഷണര്‍ ബി ദയാനന്ദ അറിയിച്ചു.
എംജി റോഡ്, ബ്രിഗേഡ് റോഡ് ജംക്ഷന്‍, കോറമംഗല, ഇന്ദിരാനഗര്‍ തുടങ്ങിയ പ്രധാന ഒത്തുചേരല്‍ സ്ഥലങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തും. രാത്രിയില്‍ ലൈറ്റിംഗ്, ബാരിക്കേഡിംഗ്, മെട്രോ സര്‍വീസുകള്‍ എന്നിവ ഏകോപിപ്പിക്കുന്നതിന് മെട്രോയുമായി യോഗങ്ങള്‍ നടത്തിയിട്ടുണ്ട്. എംജി റോഡിലും ബ്രിഗേഡ് റോഡിലും പ്രതീക്ഷിക്കുന്ന ജനത്തിരക്ക് നിയന്ത്രിക്കാന്‍ ഒരു വണ്‍-വേ കാല്‍നട സംവിധാനം നിലവിലുണ്ട്. ആളുകള്‍ക്ക് കാവേരി എംപോറിയം മുതല്‍ ഓപ്പറ ജംഗ്ഷന്‍ വരെ നടക്കാം. ആശയക്കുഴപ്പമോ സുരക്ഷാ പ്രശ്നങ്ങളോ ഉണ്ടാകാതിരിക്കാന്‍ ആഘോഷവേളയില്‍ മുഖംമൂടി ധരിക്കരുതെന്നും പൊലീസ് നിര്‍ദേശിക്കുന്നു.
എംജി റോഡ്, ബ്രിഗേഡ് റോഡ്, കോറമംഗല, ഇന്ദിരാനഗര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ജനങ്ങളും വാഹനങ്ങളും വലിയ തോതില്‍ തടിച്ചുകൂടുന്നതിനാല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കും. ക്രമസമാധാനം നിലനിര്‍ത്തുന്നതിനായി നഗരത്തിലുടനീളമുള്ള മാളുകള്‍ക്കും പാര്‍ട്ടി സോണുകള്‍ക്കും സമീപം തന്ത്രപരമായി പിക്കറ്റുകള്‍ സ്ഥാപിക്കും. സെന്‍ട്രല്‍ ഡിവിഷന്‍, ബ്രിഗേഡ് റോഡ്, എംജി റോഡ്, ഓപ്പറ ജംക്ഷന്‍, റസിഡന്‍സി റോഡ് തുടങ്ങിയ പ്രദേശങ്ങളില്‍ കാര്യമായ പൊലീസ് സാന്നിധ്യം കാണപ്പെടും. അഞ്ച് ഡിസിപിമാരും 18 എസിപിമാരും 41 ഇന്‍സ്‌പെക്ടര്‍മാരും ഉള്‍പ്പെടെ 2,572 ഉദ്യോഗസ്ഥരെ ഇവിടെ വിന്യസിക്കും.
പുതുവത്സരാഘോഷം ; നമ്മ മെട്രോ സർവീസ് സമയം നീട്ടി.
ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരു ന്യൂ ഇയർ ആഘോഷങ്ങളിലേക്ക് കടക്കാനൊരുങ്ങുന്നതോടെ സൗകര്യങ്ങളും സുരക്ഷയും ശക്തമാക്കി. കൂടുതൽ യാത്രക്കാർ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തുന്ന സാഹചര്യത്തിൽ പുതുവർഷ രാത്രിയിലെ മെട്രോ സർവീസ് പുലർച്ചെ രണ്ടുമണിവരെ നീട്ടുമെന്ന് ബെംഗളൂരു നമ്മ മെട്രോ അറിയിച്ചു. തിരക്ക് കൂടാൻ സാധ്യതയുള്ളതിനാൽ ഡിസംബർ 31ന് രാത്രി 11 മണിക്ക് ശേഷം എംജി റോഡ് മെട്രോ സ്റ്റേഷൻ അടച്ചിടും.
2025ലെ പുതുവത്സരാഘോഷത്തിനായി നമ്മ മെട്രോയുടെ ഭാഗമായ പർപ്പിൾ, ഗ്രീൻ ലൈനുകളിൽ മെട്രോ ട്രെയിൻ സമയം നീട്ടിയതായി ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) അറിയിച്ചു. ബെംഗളൂരു മെട്രോയുടെ എല്ലാ സ്റ്റേഷനുകളിൽ നിന്നുമുള അവസാന സർവീസ് 2025 ജനുവരി ഒന്ന് പുലർച്ചെ രണ്ടുമണിക്കായിരിക്കും. നാദപ്രഭു കെമ്പഗൗഡ മെട്രോ സ്റ്റേഷനിൽ നിന്നുള്ള അവസാന ട്രെയിൻ പുലർച്ചെ 2.40ന് പുറപ്പെടുമെന്ന് ബിഎംആർസിഎൽ അറിയിച്ചു.
2024 ഡിസംബർ 31 രാത്രി പതിനൊന്ന് മണിക്ക് ശേഷം 10 മിനിറ്റ് ഇടവേളയിൽ മെട്രോ സർവീസ് നടത്തും. എംജി റോഡിൽ തിരക്ക് വർധിക്കാനുള്ള സാധ്യത കൂടുതലായതിനാൽ എംജി റോഡ് മെട്രോ സ്റ്റേഷൻ അടച്ചിടും. എംജി റോഡ് സ്റ്റേഷൻ അടയ്ക്കുന്നതിനാൽ യാത്രക്കാർ ട്രിനിറ്റി, കബ്ബൺ പാർക്ക് സ്റ്റേഷനുകൾ ഉപയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു. നമ്മ മെട്രോയുടെ പർപ്പിൾ ലൈനിലെ ഈസ്റ്റ് വെസ്റ്റ് ഇടനാഴിയിലെ എലിവേറ്റഡ് മെട്രോ സ്റ്റേഷനാണ് ട്രിനിറ്റി. നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൻ്റെ കിഴക്ക് പടിഞ്ഞാറ് ഇടനാഴിയിലെ ഒരു ഭൂഗർഭ മെട്രോ സ്റ്റേഷനാണ് കബ്ബൺ പാർക്ക്.
2024 ഡിസംബർ 31 രാത്രിയിലെ യാത്രയ്ക്കായി പേപ്പർ ടിക്കറ്റ് സ്വന്തമാക്കാൻ ശ്രമിക്കണമെന്ന് നമ്മ മെട്രോ ജനങ്ങളോട് അഭ്യർഥിച്ചു. ട്രിനിറ്റി അല്ലെങ്കിൽ കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷനുകളിൽ നിന്ന് രാത്രി പതിനൊന്ന് മണിക്ക് ശേഷം യാത്ര ചെയ്യുന്നവർ പേപ്പർ ടിക്കറ്റ് സൗകര്യം ഉപയോഗിക്കണമെന്നാണ് നിർദേശം. ഈ പേപ്പർ ടിക്കറ്റ് ഡിസംബർ 31 രാത്രി എട്ടുമണിമുതൽ എല്ലാ മെട്രോ സ്റ്റേഷനുകളിൽ നിന്നും മുൻകൂറായി വാങ്ങാൻ സാധിക്കും.വൈറ്റ്ഫീൽഡിലേക്കും സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ടിലേക്കും പോകുന്ന യാത്രക്കാർ ട്രിനിറ്റി മെട്രോ സ്റ്റേഷനിൽ യാത്ര ആരംഭിക്കണം.ചള്ളഘട്ട, മടവര ഭാഗത്തേക്കുള്ള യാത്രക്കാർ കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷൻ ഉപയോഗിക്കണം.
യാത്രക്കാർ തങ്ങളുടെ യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും സുരക്ഷിതവും തടസ്സരഹിതവുമായ യാത്രയ്ക്കായി മെട്രോ ജീവനക്കാരുമായി സഹകരിക്കണമെന്നും ബിഎംആർസിഎൽ അഭ്യർഥിച്ചു.പുതുവത്സര ആഘോഷങ്ങൾക്കായി ലക്ഷക്കണക്കിനാളുകൾ ബെംഗളൂരു നഗരത്തിൻ്റെ വിവിധയിടങ്ങളിലായി ഒത്തുകൂടുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. ബെംഗളൂരുവിലെ പുതുവത്സര ആഘോഷങ്ങൾക്കായി ഏഴ് ലക്ഷത്തിലധികം ആളുകൾ നഗരത്തിൻ്റെ വിവിധ കോണുകളിലായി എത്തുമെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര പറഞ്ഞു. പുതുവത്സരാഘോഷങ്ങൾക്ക് സുരക്ഷയൊരുക്കാൻ പോലീസ് സജ്ജമായി.
ബ്രിഗേഡ് റോഡ്, ചർച്ച് സ്ട്രീറ്റ് മേഖലകളിൽ പോലീസിനെ വിന്യസിക്കും. പുതുവത്സര ആഘോഷങ്ങൾ നടക്കുന്ന രാത്രിയിൽ നഗരത്തിൽ പ്രത്യേക പരിശോധന നടത്തും. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ പരിശോധന ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
——————————————
ബെംഗളൂരു : പുതുവത്സര രാവിൽ നഗരത്തിലുണ്ടാകാൻ സാധ്യതയുള്ള ജനത്തിരക്ക് കണക്കിലെടുത്ത് നമ്മ മെട്രോ സർവീസ് സമയം നീട്ടി.പർപ്പിൾ ലൈനിലും (കിഴക്ക് – പടിഞ്ഞാറ് ഇടനാഴി) ഗ്രീൻ ലൈനിലും (തെക്ക് – വടക്ക് ഇടനാഴി) രാത്രി വൈകിയും സർവീസ് നടത്തുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) അറിയിച്ചു.വൈറ്റ്ഫീൽഡ്, ചല്ലഘട്ട, മാധവാര, സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് എന്നീ നാലു ടെർമിനൽ സ്റ്റേഷനുകളിൽനിന്നും അവസാന മെട്രോ ട്രെയിൻ പുറപ്പെടുന്നത് ജനുവരി ഒന്ന് പുലർച്ചെ രണ്ടിനായിരിക്കും.
മജെസ്റ്റിക്കിൽ നിന്ന് നാലു ദിശകളിലേക്കുമുള്ള അവസാന മെട്രോ പുറപ്പെടുന്നത് പുലർച്ചെ 2.40-നായിരിക്കുമെന്നും ബി.എം.ആർ.സി.എൽ. അറിയിച്ചു.31-ന് രാത്രി 11-ന് ശേഷം ഓരോ പത്ത് മിനിറ്റിലും ട്രെയിൻ സർവീസുണ്ടാകും. രാത്രി 11-ന് ശേഷം ട്രിനിറ്റിയിൽ നിന്നോ കബൺ പാർക്കിൽ നിന്നോ ഏതു സ്റ്റേഷനിലേക്ക് പോകുന്നവർക്കും 50 രൂപയുടെ റിട്ടേൺ യാത്ര പേപ്പർ ടിക്കറ്റ് ഉപയോഗിക്കാം.ഈ ടിക്കറ്റുകൾ രാത്രി എട്ടു മുതൽ എല്ലാ സ്റ്റേഷനുകളിൽ നിന്നും മുൻകൂറായി വാങ്ങാനാകും. ക്യു.ആർ. കോഡ് ടിക്കറ്റും സ്‌മാർട്ട് കാർഡ് ടിക്കറ്റും പതിവുപോലെയുണ്ടാകും.
പുതുവത്സരാഘോഷത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് പോലീസ് ഏർപ്പെടുത്തുന്നത്. ആഘോഷങ്ങൾ നടക്കുന്ന പ്രധാന സ്ഥലങ്ങളായ എം.ജി. റോഡ്, ബ്രിഗേഡ് റോഡ്, ചർച്ച് സ്ട്രീറ്റ് എന്നിവിടങ്ങളിൽ കൂടുതൽ പോലീസിനെ ഏർപ്പെടുത്തും.31-ന് വൈകീട്ട് മുതൽ ഈ സ്ഥലങ്ങളിൽ ആളുകൾ എത്തിത്തുടങ്ങും. യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് ബി.എം.ടി.സി.യും രാത്രി വൈകി സർവീസ് നടത്തും.