ബെംഗളൂരു: ഫാസ്‌ടാഗ് പ്രവർത്തിക്കാതിരുന്നതിനെത്തുടർന്ന് കേരള ആർ.ടി.സി. ബസ് മൈസൂരു നഞ്ചങ്കോട്ടെ ടോൾബുത്തിൽ കുടുങ്ങി.മൈസൂരുവിൽനിന്ന് കോഴിക്കോട്ടേക്കു വരികയായിരുന്ന സ്വിഫ്റ്റ് ബസാണ് അരമണിക്കൂർ കൂടുങ്ങിയത്.ടോളടയ്ക്കാതെ വന്നതോടെ ബുത്തിൽ ബസ് തടഞ്ഞിടുകയായിരുന്നു.
തിങ്കളാഴ്ച വൈകീട്ട് 6.45-ഓടെയാണ് സംഭവം. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു.ബസ് കുടുങ്ങിയതോടെ യാത്രക്കാർ പ്രതിഷേധിച്ചു. തുടർന്ന് ജീവനക്കാർ കൈയിൽനിന്ന് പണമെടുത്തടച്ചു. അതിനുശേഷമാണ് ബസ് യാത്ര തുടർന്നത്.കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി ഡിപ്പോയുടെ ബസായിരുന്നു.
മൈസൂരുവിൽനിന്ന് കോഴിക്കോടു വഴി തിരുവമ്പാടിയിലേക്കായിരുന്നു യാത്ര.ഫാസ്ടാഗ് പ്രവർത്തിക്കാതിരുന്നതിന് കാരണം വ്യക്തമായിട്ടില്ലെന്ന് ഡിപ്പോയിലെ ഉദ്യോഗസ്ഥർ പറഞ്ഞു ഫാസ്‌ടാഗിൽ പോറൽ വീണതോ റേഞ്ച് ഇല്ലാതിരുന്നതോ ആകാം കാരണമെന്ന് കരുതുന്നതായും അറിയിച്ചു.ഫാസ്ടാഗിൽ പണമില്ലായിരുന്നെന്ന യാത്രക്കാരുടെ ആരോപണം അവർ തള്ളി. പണം തീരുന്നതിനനുസരിച്ച് ബാങ്കിൽനിന്ന് ഫാസ്‌ടാഗിൽ എത്തുന്ന സംവിധാനമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.