Home Featured ബെംഗളൂരു :സ്വിഫ്റ്റ് ബസ് ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ഇനി എളുപ്പം; പുതിയ വെബ്സൈറ്റും മൊബൈൽ ആപ്പും പ്രവർത്തനം തുടങ്ങി.

ബെംഗളൂരു :സ്വിഫ്റ്റ് ബസ് ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ഇനി എളുപ്പം; പുതിയ വെബ്സൈറ്റും മൊബൈൽ ആപ്പും പ്രവർത്തനം തുടങ്ങി.

ബെംഗളൂരു ∙ കേരള ആർടിസി സ്വിഫ്റ്റ് ബസുകളുടെ ഓൺലൈൻ ടിക്കറ്റ് റിസർവേഷനായുള്ള പുതിയ വെബ്സൈറ്റും മൊബൈൽ ആപ്പും പ്രവർത്തനം തുടങ്ങി. മേയ് 1 മുതലുള്ള സർവീസുകളിലേക്കുള്ള ബുക്കിങ്ങാണ് പുതിയ പ്ലാറ്റ്ഫോമിൽ ആരംഭിച്ചത്. നിലവിൽ കേരള ആർടിസിയുടെ online.ksrtc.com വെബ്സൈറ്റിലൂടെയും എന്റെ കെഎസ്ആർടിസി ആപ്പിലൂടെയുമാണ് സ്വിഫ്റ്റ് ബസുകളുടെ ടിക്കറ്റ് ബുക്കിങ് സ്വീകരിക്കുന്നത്. ഓഗസ്റ്റ് 31നുള്ളിൽ കേരള ആർടിസിയുടെ എല്ലാ സർവീസുകളും പുതിയ പ്ലാറ്റ്ഫോമിലേക്ക് മാറും.

ബസുകളുടെ റൂട്ട്, ബോർഡിങ് പോയിന്റുകൾ, റിസർവേഷൻ പോളിസികൾ എന്നിവ പ്രധാന പേജിൽ തന്നെ കാണുന്ന തരത്തിലാണ് പുതിയ സൈറ്റ് ഒരുക്കിയിരിക്കുന്നത്. ഉടനെ ബസുകളുടെ തത്സമയ വിവരം അറിയുന്ന ജിപിഎസ് ട്രാക്കിങ് ഉൾപ്പെടെ ഇതിൽ ലഭ്യമാക്കും. മികച്ച വരുമാനം ലഭിക്കുന്ന ബെംഗളൂരു സെക്ടറിൽ നിന്ന് 27 പ്രതിദിന സർവീസുകളാണ് കെഎസ്ആർടിസി സ്വിഫ്റ്റ് നടത്തുന്നത്.

കർണാടക ആർടിസിയുമായും സ്വകാര്യ ബസുകളുമായും കടുത്ത മത്സരം നേരിടുന്ന സംസ്ഥാനാന്തര റൂട്ടിൽ കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ സ്വിഫ്റ്റ് ബസുകളിൽ ടിക്കറ്റ് നിരക്കിളവ് ഉൾപ്പെടെ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

തിരുവനന്തപുരം അംബാരി ഉത്സവ് സർവീസ് റദ്ദാക്കി; പകരം ഐരാവത്

തിരുവനന്തപുരത്തേക്കുള്ള കർണാടക ആർടിസിയുടെ എസി മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് അംബാരി ഉത്സവ് സർവീസ് റദ്ദാക്കി. പകരം എസി മൾട്ടി ആക്സിൽ സെമി സ്ലീപ്പർ (ഐരാവത് ക്ലബ് ക്ലാസ്) സർവീസ് ഏർപ്പെടുത്തി. ഉത്സവസീസണുകളിൽ തിരക്കിനനുസരിച്ച് അംബാരി സർവീസ് പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. എറണാകുളം, തൃശൂർ എന്നിവിടങ്ങളിലേക്കുള്ള അംബാരി സർവീസുകൾ തുടരും.

തമിഴ്നാടിന്റെ അനുമതി ലഭിച്ചാൽ ബെംഗളൂരുവിൽ നിന്ന് ഡിണ്ടിഗൽ, മധുര, നാഗർകോവിൽ വഴി തിരുവനന്തപുരത്തേക്ക് സർവീസ് ആരംഭിക്കുമെന്നും കർണാടക ആർടിസി അധികൃതർ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group