മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം കേരളത്തിലും കർണാടകയിലും ഡല്ഹിയിലും ശക്തമാകുന്നു.തിരുവനന്തപുരത്തെ മാനവീയം വീഥിയില് നടന്ന പരിപാടിയില് പങ്കെടുത്ത നടൻ പ്രകാശ് രാജിന്റെ പരാമർശവും ശ്രദ്ധ നേടി. “കേരളത്തിന് എന്റെ നിലപാട് അറിയാം, ഭീരുക്കള് പാറ്റയെ പേടിക്കുന്നു” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിനിടെ, കർണാടകയിലും ഡല്ഹിയിലും വിവിധ വിദ്യാർഥി സംഘടനകളുടെയും കോക്രോച്ച് ജനതാ പാർട്ടിയുടെയും നേതൃത്വത്തില് പ്രതിഷേധങ്ങള് നടന്നു.ബെംഗളൂരുവില് ടൗണ് ഹാളില്നിന്ന് ഫ്രീഡം പാർക്കിലേക്ക് സി.ജെ.പി., ഐസ പ്രവർത്തകർ സംയുക്തമായി റാലി നടത്തി. റാലിക്ക് പോലീസ് അനുമതി നിഷേധിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. അതേസമയം, ഡല്ഹിയില് ‘ലെഹ്റാ ദോ തിരംഗ’ മാർച്ചിനായി കൊണാട്ട് പ്ലേസിലേക്ക് പുറപ്പെട്ട സി.ജെ.പി. നേതാവ് അഭിജീത് ദീപ്കെയെ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത ഐസ നേതാവ് നേഹ ബോറയെയും മണ്ഡി ഹൗസ് ഭാഗത്തുനിന്ന് കസ്റ്റഡിയിലെടുത്തു. ഇതിനു പിന്നാലെ ദേശീയപതാകകളുമായി വിവിധ വിദ്യാർഥി സംഘടനകളുടെ പ്രവർത്തകർ തെരുവിലിറങ്ങിയതോടെ ഡല്ഹിയില് സംഘർഷാവസ്ഥ രൂപപ്പെട്ടു. പിരിഞ്ഞുപോകാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും പ്രവർത്തകർ തയ്യാറായില്ല. കൂടുതല് പേർ എത്തിയതോടെ സുരക്ഷയും ശക്തമാക്കി.പ്രതിഷേധത്തില് പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് ഡല്ഹി പോലീസ് നേരത്തേ ദീപ്കെയ്ക്ക് നോട്ടീസ് നല്കിയിരുന്നു. ഝണ്ഡേവാലനിലെ വസതിയിലെത്തിയാണ് നോട്ടീസ് കൈമാറിയത്. നിരോധനാജ്ഞ പ്രഖ്യാപിച്ച കൊണാട്ട് പ്ലേസിലേക്ക് പോകരുതെന്നും ഡല്ഹി പോലീസ് ആക്ടിലെ സെക്ഷൻ 29 പ്രകാരം നല്കിയ നോട്ടീസില് നിർദേശിച്ചിരുന്നു. എന്നാല് വിലക്ക് അവഗണിച്ച് മാർച്ചില് പങ്കെടുക്കാൻ വീട്ടില്നിന്ന് ഇറങ്ങിയപ്പോഴാണ് ദീപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ് വാഹനത്തില് കൊണ്ടുപോയത്.
ഇതറിഞ്ഞ സി.ജെ.പി. പ്രവർത്തകർ ദേശീയപതാക ഉയർത്തി പ്രതിഷേധം ആരംഭിച്ചു. നിരോധനാജ്ഞ മറികടന്ന് നിരവധി പ്രവർത്തകർ കൊണാട്ട് പ്ലേസിലേക്ക് എത്തുന്നുണ്ടെന്നും ആം ആദ്മി പ്രവർത്തകരും പ്രതിഷേധത്തില് പങ്കെടുക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.വൈകിട്ട് അഞ്ചിന് മണ്ഡി ഹൗസിലെത്താൻ പ്രവർത്തകരോട് നേഹ ബോറ ആഹ്വാനം ചെയ്തിരുന്നു. ജന്തർ മന്തർ പ്രതിഷേധങ്ങള്ക്കായി നിശ്ചയിച്ചിട്ടുള്ള ഒരു സ്ഥലം മാത്രമല്ലെന്നും ചെറുത്തുനില്പ്പിന്റെ പ്രതീകം കൂടിയാണെന്നും അവർ പ്രതികരിച്ചു. ഡല്ഹി നഗരമധ്യം മുഴുവൻ ഇന്ന് ജന്തർ മന്തറായി മാറുമെന്നും നേഹ ബോറ എക്സില് കുറിച്ചു. പ്രതിഷേധങ്ങള് വിവിധ നഗരങ്ങളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തില്, സമരക്കാരുടെ ആവശ്യങ്ങളും പോലീസിന്റെ നിയന്ത്രണ നടപടികളും വരും മണിക്കൂറുകളില് കൂടുതല് ശ്രദ്ധ നേടുമെന്നാണ് വിലയിരുത്തല്.