Home കർണാടക അപകടം കണ്ട് ഞെട്ടി, അരമണിക്കൂര്‍ കഴിഞ്ഞിട്ടും ആംബുലൻസില്ല, പോലീസുമില്ല; ‘ജീവന് ഇവിടെ വിലയില്ല’, ബെംഗളൂരു സ്വദേശിയുടെ കുറിപ്പ് വൈറല്‍

അപകടം കണ്ട് ഞെട്ടി, അരമണിക്കൂര്‍ കഴിഞ്ഞിട്ടും ആംബുലൻസില്ല, പോലീസുമില്ല; ‘ജീവന് ഇവിടെ വിലയില്ല’, ബെംഗളൂരു സ്വദേശിയുടെ കുറിപ്പ് വൈറല്‍

ബെംഗളൂരുവില്‍ വാഹനാപകടം നേരില്‍ കണ്ടതിനു പിന്നാലെ അടിയന്തര സേവനങ്ങളുടെ പ്രവർത്തനത്തെക്കുറിച്ച്‌ ഗുരുതര ചോദ്യങ്ങളുയർത്തി നഗരവാസിയുടെ സമൂഹമാധ്യമ കുറിപ്പ്.പുലർച്ചെ രണ്ടുമണിയോടെ വീടിന് സമീപം കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടമാണ് യുവാവിനെ ഞെട്ടിച്ചത്. അപകടം നടന്ന് അരമണിക്കൂറോളം കഴിഞ്ഞിട്ടും സ്ഥലത്ത് ആംബുലൻസോ പോലീസോ എത്തിയില്ലെന്നാണ് അദ്ദേഹം കുറിപ്പില്‍ പറയുന്നത്. പ്രതിസന്ധി ഘട്ടത്തില്‍ അപരിചിതരുടെ സഹായം പ്രതീക്ഷിക്കുന്നവർക്ക് പ്രാർഥിക്കാനല്ലാതെ മറ്റൊന്നും ചെയ്യാനില്ലെന്ന അദ്ദേഹത്തിന്റെ വാക്കുകളും ചർച്ചയായി.പുലർച്ചെ വലിയ ശബ്ദം കേട്ടാണ് ഉറക്കമുണർന്നതെന്നും ബാല്‍ക്കണിയില്‍നിന്ന് നോക്കിയപ്പോള്‍ രണ്ട് കാറുകള്‍ അപകടത്തില്‍പ്പെട്ടതായി കണ്ടെന്നും യുവാവ് വ്യക്തമാക്കി.

അപകടം നടന്നതിന് 15 മിനിറ്റിനു ശേഷവും ആംബുലൻസോ പോലീസോ സ്ഥലത്തെത്തിയിരുന്നില്ല. ഇതിനിടെ അപകടസ്ഥലത്ത് ആളുകള്‍ കൂട്ടംകൂടുകയായിരുന്നു. തുടർന്ന് സുഹൃത്തിനൊപ്പം താഴെയെത്തിയ യുവാവ്, റോഡില്‍ ഗുരുതരമായി പരിക്കേറ്റ് കിടക്കുന്ന ഡ്രൈവറെയാണ് കണ്ടത്. പരിക്കേറ്റയാളുടെ സുഹൃത്തുക്കള്‍ പരിഭ്രാന്തരായിരുന്നുവെന്നും അവർ ആക്രമണോത്സുകമായി പെരുമാറിയിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു.തുടർന്ന് യുവാവ് അടിയന്തര നമ്പറില്‍ വിളിച്ചപ്പോള്‍ പോലീസ് സംഘത്തെ അയച്ചിട്ടുണ്ടെന്ന മറുപടിയാണ് ലഭിച്ചത്. എന്നാല്‍ 25 മിനിറ്റ് പിന്നിട്ടിട്ടും ആരും എത്തിയില്ല. അപകടത്തില്‍പ്പെട്ടയാളെ ഒടുവില്‍ സുഹൃത്തുക്കള്‍ ഒരു ടാക്സിയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത് അപകടം നടന്ന് ഏകദേശം അരമണിക്കൂറിനു ശേഷമാണെന്നും അദ്ദേഹം പറഞ്ഞു. പോലീസ് സംഘത്തെ അയച്ചതായി അറിയിപ്പ് ലഭിച്ച്‌ പത്ത് മിനിറ്റിനു ശേഷം മാത്രമാണ് അധികൃതർ വീണ്ടും വിളിച്ചത്.

അപകടത്തില്‍പ്പെട്ടവർ സ്ഥലത്തുണ്ടോയെന്ന് ചോദിച്ച അധികൃതരോട് അവർ പോകാനൊരുങ്ങുകയാണെന്ന് അറിയിച്ചപ്പോള്‍ കേസ് അവസാനിപ്പിച്ചതായുള്ള സന്ദേശമാണ് ലഭിച്ചതെന്നും യുവാവ് ആരോപിച്ചു.ഈ അനുഭവത്തില്‍നിന്ന് തനിക്ക് മനസ്സിലായ മൂന്ന് കാര്യങ്ങളുണ്ടെന്നും യുവാവ് കുറിച്ചു. രാജ്യത്ത് മനുഷ്യജീവന് നിസ്സാരമായ വില മാത്രമാണ് കല്‍പ്പിക്കുന്നതെന്നും ബെംഗളൂരുവില്‍ സ്ഥിതി അതിലും മോശമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അടിയന്തര ഘട്ടത്തില്‍ സഹായത്തിനായി അപരിചിതരെ ആശ്രയിക്കേണ്ടിവന്നാല്‍ പ്രാർഥിക്കുകയല്ലാതെ മറ്റു മാർഗമില്ലെന്ന നിരീക്ഷണവും പങ്കുവെച്ചു. കുറിപ്പ് വൈറലായതോടെ സമാനമായ അനുഭവങ്ങള്‍ പങ്കുവെച്ച്‌ നിരവധി പേർ രംഗത്തെത്തി. അടിയന്തര സേവനങ്ങളുടെ വൈകിയ പ്രതികരണത്തെയും അപകടത്തില്‍പ്പെടുന്നവർക്ക് സമയബന്ധിതമായി സഹായം ലഭിക്കാത്തതിനെയും വിമർശിച്ചുള്ള ചർച്ചകള്‍ക്കും സംഭവം വഴിയൊരുക്കി.

You may also like

error: Content is protected !!
Join Our WhatsApp Group