Home കർണാടക ബെംഗളൂരുവിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത; നമ്മ മെട്രോ സമയം നീട്ടി, പുലര്‍ച്ചെ വരെ തുടരും

ബെംഗളൂരുവിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത; നമ്മ മെട്രോ സമയം നീട്ടി, പുലര്‍ച്ചെ വരെ തുടരും

ബെംഗളൂരു: ഒക്ടോബർ 17 ശനിയാഴ്‌ച നടക്കുന്ന ടി20 ക്രിക്കറ്റ് മത്സരത്തിന് ശേഷം കാണികള്‍ക്ക് യാത്രാസൗകര്യം ഉറപ്പാക്കാൻ മെട്രോ സർവീസ് സമയം നീട്ടാൻ തീരുമാനം.സാധാരണ രാത്രി 11 മണിയോടെ അവസാനിക്കുന്ന സർവീസുകള്‍ ഞായറാഴ്‌ച പുലർച്ചെ വരെ തുടരുമെന്ന് ബെംഗളൂരു മെട്രോ റെയില്‍ കോർപറേഷൻ ലിമിറ്റഡ് അറിയിച്ചു. യെല്ലോ ലൈനിലെ ആർവി റോഡ് സ്‌റ്റേഷനില്‍ നിന്നുള്ള അവസാന ട്രെയിൻ പുലർച്ചെ 1.30ന് പുറപ്പെടും.മാത്രമല്ല കൂടുതല്‍ സൗകര്യങ്ങള്‍ക്കായി ഡിജിറ്റല്‍ മത്സര ടിക്കറ്റുകളില്‍ ഇരുവശത്തേക്കുമുള്ള നമ്മ മെട്രോ യാത്രയ്ക്കുള്ള ക്യുആർ കോഡുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ കാണികള്‍ക്ക് സ്‌റ്റേഡിയത്തിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് മെട്രോ ഉപയോഗിക്കാം. വൈറ്റ്ഫീല്‍ഡ് അഥവാ കടുഗോഡി സ്‌റ്റേഷനില്‍ നിന്നുള്ള അവസാന ട്രെയിൻ അർധരാത്രിക്ക് പുറപ്പെടും.ചല്ലഘട്ടയില്‍ നിന്നുള്ള അവസാന സർവീസ് പുലർച്ചെ 12.15നായിരിക്കും.

ഗ്രീൻ ലൈനില്‍ സില്‍ക്ക് ഇൻസ്‌റ്റിറ്റ്യൂട്ട്, മാദവാര സ്‌റ്റേഷനുകളില്‍ നിന്നുള്ള അവസാന ട്രെയിനുകളും പുലർച്ചെ 12.15ന് പുറപ്പെടുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. യെല്ലോ ലൈനിലെ ബൊമ്മസന്ദ്ര സ്‌റ്റേഷനില്‍ നിന്നുള്ള അവസാന ട്രെയിൻ അർധരാത്രിക്കാണ്.നാല് ദിശകളിലേക്കുമുള്ള അവസാന ട്രെയിനുകള്‍ നാടപ്രഭു കെംപെഗൗഡ സ്‌റ്റേഷൻ അഥവാ മജസ്‌റ്റിക്കില്‍ നിന്ന് പുലർച്ചെ ഒരു മണിക്ക് പുറപ്പെടുമെന്ന് ബിഎംആർസിഎല്‍ അറിയിച്ചു. മത്സരശേഷം യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാനും മെട്രോ ശൃംഖലയിലെ വിവിധ പാതകളിലേക്ക് യാത്രക്കാരെ ക്രമമായി വിതരണം ചെയ്യാനുമാണ് സമയം നീട്ടുന്നത്.സ്‌റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്ന ഗേറ്റുകള്‍ക്കനുസരിച്ച്‌ ഏറ്റവും അടുത്തുള്ള മെട്രോ സ്‌റ്റേഷൻ തിരഞ്ഞെടുക്കാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്. കബ്ബണ്‍ റോഡിലെ ഗേറ്റുകളിലൂടെ പ്രവേശിക്കുന്നവർ കബ്ബണ്‍ പാർക്ക് മെട്രോ സ്‌റ്റേഷൻ ഉപയോഗിക്കണം. ലിങ്ക് റോഡിലെ ഗേറ്റുകളിലൂടെ പ്രവേശിക്കുന്നവർ മഹാത്മാഗാന്ധി റോഡ് മെട്രോ സ്‌റ്റേഷൻ ഉപയോഗിക്കണമെന്നും ബിഎംആർസിഎല്‍ അറിയിച്ചു. ഈ ഗേറ്റുകള്‍ക്ക് ഏറ്റവും അടുത്തുള്ള സ്‌റ്റേഷനാണ് മഹാത്മാഗാന്ധി റോഡ്.

സ്‌റ്റേഡിയത്തിന് സമീപമുള്ള അനാവശ്യ തിരക്ക് ഒഴിവാക്കാനും യാത്രക്കാർക്ക് എളുപ്പത്തില്‍ മെട്രോയിലെത്താനും ലക്ഷ്യമിട്ടാണ് ഗേറ്റുകള്‍ അടിസ്ഥാനമാക്കിയുള്ള നിർദേശങ്ങള്‍. എന്നാല്‍ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് സ്‌റ്റേഷനുകളിലെ പ്രവേശന കവാടങ്ങള്‍ നിയന്ത്രിക്കാനോ താല്‍ക്കാലികമായി അടയ്ക്കാനോ അധികാരമുണ്ടെന്നും ബിഎംആർസിഎല്‍ വ്യക്തമാക്കി.അതിനാല്‍ ട്രെയിൻ സർവീസ് തുടരുന്നുണ്ടെങ്കിലും ചില സ്‌റ്റേഷനുകളിലേക്കുള്ള പ്രവേശനത്തില്‍ നിയന്ത്രണങ്ങള്‍ ഉണ്ടായേക്കാം. മത്സരത്തിന് ശേഷം മെട്രോ ഉപയോഗിക്കുന്നവർ അവസാന ട്രെയിനുകളുടെ സമയക്രമം കണക്കിലെടുത്ത് യാത്ര ആസൂത്രണം ചെയ്യണം. സ്‌റ്റേഷനുകളില്‍ അധികൃതർ നല്‍കുന്ന നിർദേശങ്ങളും പാലിക്കണമെന്നും ബിഎംആർസിഎല്‍ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group