രണ്ടാമത്തെ പ്രസവത്തില്‍ പെണ്കുഞ്ഞാണെങ്കില് അമ്മമാര്‍ക്ക് ഇനി 5000 രൂപ ധനസഹായം. ‘പ്രധാനമന്ത്രി മാതൃവന്ദന യോജന’യുടെ ഭാഗമായി ആദ്യ പ്രസവത്തിന് 5000 രൂപ ധനസഹായം നല്‍കുന്നുണ്ട്. ഇനി മുതല്‍ രണ്ടാമത്തെ പ്രസവത്തിനും അമ്മമാര്‍ക്ക് 5000 രൂപ ധനസഹായം ലഭിക്കും.
മൂന്ന് ഗഡുക്കളായി മാതാവിന്റെ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലൂടെയാണ് പണം ലഭിക്കുക. ബിപിഎല്‍, എപിഎല്‍ വ്യത്യാസമില്ലാതെ എല്ലാവര്ക്കും ലഭ്യമാക്കുന്ന രീതിയിലാണ് പദ്ധതി. എന്നാല്‍, കേന്ദ്രസംസ്ഥാന സര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍ എന്നിവര്‍ക്ക് സഹായം ലഭിക്കില്ല.
2022 ഏപ്രില്‍ ഒന്നിന് ശേഷം ജനിച്ച പെണ്‍കുട്ടികളുടെ മാതാവിന് മുന്‍കാല പ്രാബല്യത്തോടെയാണ് ധനസഹായം നല്‍കുന്നത്. ഇതിനായി എത്ര ഫണ്ട് മാറ്റി വയ്ക്കണമെന്ന് നിശ്ചയിക്കാനായുള്ള കണക്കെടുപ്പ് കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ തുടങ്ങി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കര്‍ണാടകയില്‍
ബംഗളൂരു: മേയില്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകൂടി മുന്നില്‍കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വീണ്ടും സംസ്ഥാനത്തെത്തും.ബംഗളൂരുവിലെ നമ്മ മെട്രോയുടെ വൈറ്റ് ഫീല്‍ഡ്-കെ.ആര്.
പുരം പാതയുടെ ഉദ്ഘാടനമാണ് പ്രധാന ചടങ്ങ്. ഉച്ചക്ക് ഒരുമണിക്ക് വൈറ്റ് ഫീല്‍ഡ് മെട്രോ സ്റ്റേഷനിലാണ് ചടങ്ങ്. സത്യസായി ആശ്രമം മുതല്‍ വൈറ്റ്ഫീല്‍ഡ് വരെ 1.8 കിലോമീറ്റര്‍ ദൂരം റോഡ്ഷോ നടത്തിയാണ് പ്രധാനമന്ത്രി ഉദ്ഘാടന വേദിയായ വൈറ്റ്ഫീല്‍ഡ് സ്റ്റേഷനിലെത്തുക. നഗരത്തിലെ യാത്രാസൗകര്യം വര്‍ധിപ്പിക്കുന്ന 13.71 കിലോമീറ്റര്‍ മെട്രോ പാതയാണ് പുതുതായി തുറക്കുന്നത്. 12 സ്റ്റേഷനുകളാണ് ഈ പാതക്കിടയില്‍ ഉള്ളത്. 4,250 കോടിരൂപ ചെലവിലാണ് പദ്ധതി നടപ്പാക്കിയത്.
ബംഗളൂരു മെട്രോ രണ്ടാംഘട്ടത്തിന്റെ വിപുലീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ പാത നിര്‍മിച്ചത്. കെങ്കേരിയെ ബൈയപ്പനഹള്ളിയുമായി ബന്ധിപ്പിക്കുന്ന പര്‍പ്പിള്‍ ലൈനിന്റെ നവീകരണ ലൈനാണിത്. ബംഗളൂരുവിന്റെ കിഴക്കന്‍ ഐ.ടി ഹബ്ബിലെ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കാന്‍ ഈ ലൈനിന് കഴിയും. വൈറ്റ് ഫീല്‍ഡ്- കെ.ആര് പുരം മെട്രോ പാതയില്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതായി ബംഗളൂരു മെട്രോ റെയില്‍ കോര്പറേഷന് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. 12 മിനിറ്റിന്റെ ഇടവേളയിലാണ് പാതയിലൂടെ മെട്രോ സര്വിസുകളുണ്ടാകുക.
കെ.ആര്. പുരത്തുനിന്ന് വൈറ്റ്ഫീല്‍ഡിലേക്ക് 24 മിനിറ്റിനുള്ളില്‍ എത്താന്‍ കഴിയും. മെട്രോ സര്‍വിസ് തുടങ്ങിക്കഴിഞ്ഞാല്‍ പാതയില്‍ ഉള്‍പ്പെടുന്ന മുഴുവന്‍ സ്റ്റേഷനുകളില്‍നിന്നും സമീപപ്രദേശങ്ങളിലേക്ക് ബി.എം.ടി.സി. ഫീഡര്‍ സര്‍വിസുകളും നടത്തും. ഇതിനായി ബി.എം.ആര്.സി.എല്‍. ബി.എം.ടി.സി.യുമായി കരാറിലെത്തിയിരുന്നു. സൈക്കിള്‍ വാടകക്ക് ലഭ്യമാക്കുന്ന സംവിധാനവും ഈ സ്റ്റേഷനുകളില്‍ സജ്ജീകരിക്കും.
ശനിയാഴ്ച രാവിലെ 10.45ന് ചിക്കബെല്ലാപുരയിലെത്തുന്ന നരേന്ദ്ര മോദി ശ്രീ മധുസൂദന്‍ സായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ ഉദ്ഘാടനം നടത്തിയ ശേഷമാണ് ബംഗളൂരുവിലെത്തുക. പ്രധാനമന്ത്രി മോദിയെ നിരന്തരം സംസ്ഥാനത്തെത്തിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കുകയാണ് ബി.ജെ.പി. ഈ വര്‍ഷം ഇതുവരെ ആറുതവണ മോദി സംസ്ഥാനത്ത് എത്തിക്കഴിഞ്ഞു.