ഡല്ഹിയില് രാത്രിയില് നാടകീയ രംഗങ്ങള്. കഴിഞ്ഞ ദിവസം പോലീസിന്റെ അതിക്രമത്തിന് ഇരയായ മലയാളി വിദ്യാര്ഥി ആതിര പാര്ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നില് സമരത്തില്.തന്നെ ക്രൂരമായി പോലീസ് മര്ദ്ദിച്ച സംഭവത്തില് കേസെടുക്കണം എന്ന് ആവശ്യപ്പെട്ടാണ് ആതിരയുടെ സമരം. കൂടുതല് നേതാക്കളും പ്രവര്ത്തകരും സ്ഥലത്തെത്തിയതോടെ പോലീസ് ബലം പ്രയോഗിച്ചു.എന്എസ്യുഐ ദേശീയ പ്രസിഡന്റ് ഉള്പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു നീക്കി. പോലീസും പ്രവര്ത്തകരും ഉന്തും തള്ളുമുണ്ടായി. പ്രവര്ത്തകരെ പോലീസ് റോഡില് വലിച്ചിഴച്ചു. എന്തുവന്നാലും പിന്നോട്ടില്ലെന്ന് ആതിര പറയുന്നു. കേരളത്തില് സീറോ എഫ്ഐആര് എടുത്ത സാഹചര്യത്തില് ഇവിടെ കേസെടുക്കാന് സാധിക്കില്ലെന്നാണ് പോലീസ് പറഞ്ഞതെന്ന് ആതിര മാധ്യമങ്ങളോട് വിശദീകരിച്ചു.
പോലീസ് നിലപാട് അറിഞ്ഞതോടെ കേസെടുക്കാതെ നാട്ടിലേക്ക് പോകില്ലെന്ന് ആതിര പറഞ്ഞുവെന്ന് അഭിഭാഷക അറിയിച്ചു. മഹിളാ കോണ്ഗ്രസ് അധ്യക്ഷ ജെബി മേത്തര് എംപി ഉള്പ്പെടെയുള്ളവര് ആതിരയെ കണ്ടു. പോലീസുമായും സംസാരിച്ചു. കേസെടുക്കാന് സാധിക്കില്ലെന്ന നിലപാടിലാണ് പോലീസ്. രാജസ്ഥാന് സ്വദേശിയായ ഋതുവിനും പോലീസ് മര്ദ്ദനമേറ്റിരുന്നു. അവരുടെ കേസും കേരളത്തില് എടുത്ത എഫ്ഐആറിനൊപ്പം ചേര്ത്തോ എന്നാണ് പോലീസ് പറയുന്നതത്രെ.കേസെടുക്കുംവരെ സമരം എന്ന നിലപാടിലാണ് ആതിര. അര്ധരാത്രിയും ആതിര പോലീസ് സ്റ്റേഷന് അടുത്ത് നടുറോഡില് പ്രതിഷേധിക്കുകയാണ്. ആനി രാജ ഉള്പ്പെടെയുള്ള വനിതാ നേതാക്കളും ആതിരയെ കാണാനെത്തി. പോലീസിന്റെ ഭാഗത്തു നിന്ന് അനുകൂല നിലപാട് ഉണ്ടായാല് മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന് ആതിര പറഞ്ഞു.
സിജെപി സമരവുമായി മുന്നോട്ട്കൊണോട്ട് പ്ലേസിലെ സമരവേദി അടച്ചെങ്കിലും സമരവുമായി മുന്നോട്ട് പോകുമെന്ന് സിജെപി അധ്യക്ഷന് അഭിജിത് ദീപ്കെ. ഇക്കാര്യം വിവരിക്കാന് അദ്ദേഹം രാത്രി മാധ്യമങ്ങളെ കണ്ടു. ത്രിവര്ണ പതാക പിടിച്ച് വരുന്നതില് മോദിക്ക് ഭയമാണോ എന്ന് അദ്ദേഹം ചോദിച്ചു. ഡല്ഹിയില് വ്യാപകമായി പോലീസിനെ വിന്യസിച്ചിരിക്കുകയാണ്. കുറച്ചു പേര്ക്ക് മാത്രം പ്രതിഷേധിക്കാമെന്ന് പോലിസ് അറിയിച്ചു. 220 കമ്പനി സിഎപിഎഫ് സൈനികരെയും വിന്യസിച്ചു.6000 പോലീസുകാരെയാണ് ഡല്ഹിയിലെ സിജെപി സമരവേദിയോട് ചേര്ന്ന ഭാഗത്ത് വിന്യസിച്ചിട്ടുള്ളത്. ചൊവ്വാഴ്ച സിജെപി നേതാക്കളായ സൗരവ് ദാസിനെയും അശുതോഷ് രംഗയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില് പ്രതിഷേധിച്ചാണ് അഭിജിത് ദീപ്കെ വെള്ളിയാഴ്ച സമരം പ്രഖ്യാപിച്ചിട്ടുള്ളത്. വിവിധ വിദ്യാര്ഥി സംഘടനകളും എഎപി നേതാക്കളും സമരത്തിന്റെ ഭാഗമാകും.