ബെംഗളൂരു :രാഷ്ട്രീയത്തിൽ അഴിമതിക്കാരല്ലാത്തവർ ആരാണുള്ളതെന്ന് ദൾ ദേശീയ അദ്ധ്യക്ഷൻ എച്ച്.ഡി ദേവഗൗഡ ചോദിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ നിലനിൽപിന് പണം അനിവാര്യ ഘടകമാണ്. ആരാണു സത്യസന്ധരായുള്ളത്.
കോൺഗ്രസ് ഭരണത്തിന്മേൽ കർണാടകയിൽ അഴിമതി ഉണ്ടായിരുന്നുല്ലേ. സിദ്ധരാമയ്യ സർക്കാരിനെ 10% കമ്മിഷൻ സർക്കാരെന്നു വിളിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കർണാടകയിൽ തിരഞ്ഞെടുപ്പു പ്രചാരണം നടത്തിയിരുന്നതെന്നും ദേവെഗൗഡ പറഞ്ഞു.
മന്ത്രി ഈശ്വരപ്പയുടെ രാജിയും ബിജെപി സർക്കാരിന് എതിരെയുള്ള 40% കമ്മിഷൻ അഴിമതി യും കോൺഗ്രസ് തിരഞ്ഞെടുപ്പു വിഷയമാക്കുന്നതിനിടെയാണ് ദേവെഗൗഡയുടെ നിലപാടു വ്യക്തമാക്കൽ. കുറച്ചു കാലമായി ബിജെപിയോടു മൃദുസമീപന നിലപാടുകളാണ് ദൾ സ്വീകരിച്ചു വരുന്നത്.
എച്ച്ഡി കെട്ടെയിലെ ബീച്ചന ഹള്ളിയിൽ ദളിന്റെ ജനതാ ജലധാര രഥയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു ദേവെഗൗഡ. നദീജല സംരക്ഷണ, ജലസേചന പദ്ധതികൾ ഊർജിതമാക്കാനുള്ള പ്രചാരണ പരിപാടിയുടെ ഭാഗയി കബനി നദിയിലെ ജലം കലശത്തിൽ ശേഖരിച്ചു കൊണ്ടായിരുന്നു ഇത്.
തുടർന്ന് മണ്ഡ്യയിലെ കെആർഎസ് അണക്കെട്ടിൽ നിന്നും ജലം ശേഖരിച്ചു. ഇത്തരത്തിൽ ഇന്നലെ 15 ജലസ്രോതസ്സുകളിൽ നിന്നാണ് ജലം ശേഖരിച്ചത് .പ്രത്യേകം പരിഷ്കരിച്ച വാഹനങ്ങൾക്ക് ഗംഗാ രഥങ്ങളെന്നാണ് പേരിട്ടിരിക്കുന്നത്.
180 നിയമസഭാ മണ്ഡലങ്ങളിൽ രഥയാത നടത്തി ജലം ശേഖരിക്കും. മേയ് 8ന് വൻറാലിയോടെ ബെംഗളൂരുവിൽ സമാപിക്കും. ദളിന്റെ തിര ഞ്ഞെടുപ്പു കാഹളയാത്ര കൂടിയാണിത്.