Home കർണാടക ബെംഗളൂരു മെട്രോ പിങ്ക് ലൈൻ; സുരക്ഷാ പരിശോധനയില്‍ കണ്ടെത്തിയത് 36 പോരായ്‌മകള്‍, ഇനിയും വൈകുമോ?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ; സുരക്ഷാ പരിശോധനയില്‍ കണ്ടെത്തിയത് 36 പോരായ്‌മകള്‍, ഇനിയും വൈകുമോ?

ബെംഗളൂരു: നഗരവാസികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നമ്മ മെട്രോ പിങ്ക് ലൈനിന്റെ സുരക്ഷാ പരിശോധനയില്‍ 36 സുരക്ഷാ, സാങ്കേതിക പോരായ്‌മകള്‍ കണ്ടെത്തിയതായി റിപ്പോർട്ട്.കലേന അഗ്രഹാര മുതല്‍ താവരക്കരെ വരെയുള്ള 7.5 കിലോമീറ്റർ ഉയരപ്പാതയുടെ പരിശോധനയിലാണ് റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ സംഘം വിവിധ നിർദേശങ്ങളും വ്യവസ്ഥകളും മുന്നോട്ടുവച്ചത്. ഇവ പരിഹരിച്ച ശേഷമേ യാത്രക്കാർക്കായി സർവീസ് ആരംഭിക്കാൻ അന്തിമ അനുമതി ലഭിക്കൂ.ഒക്ടോബർ 6 മുതല്‍ 8 വരെയായിരുന്നു പരിശോധന നടന്നത്. മെട്രോ പാതയും സ്‌റ്റേഷനുകളും കോത്തനൂർ ഡിപ്പോയും ട്രെയിനുകളുടെ പരീക്ഷണ ഓട്ടവും ബൈയപ്പനഹള്ളിയിലെ പ്രവർത്തന നിയന്ത്രണ കേന്ദ്രവും സംഘം പരിശോധിച്ചു.

പാതയുടെ സുരക്ഷ, സാങ്കേതിക സംവിധാനങ്ങളുടെ പ്രവർത്തനം, ട്രെയിനുകളുടെ സജ്ജീകരണം എന്നിവയാണ് പ്രധാനമായും വിലയിരുത്തിയത്.പിങ്ക് ലൈനിന്റെ ഉയരപ്പാതയില്‍ കലേന അഗ്രഹാര, ഹുളിമാവ്, ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ബെംഗളൂരു, ജെപി നഗർ നാലാം ഘട്ടം, ജയദേവ ആശുപത്രി, താവരക്കരെ എന്നിങ്ങനെ ആറു സ്‌റ്റേഷനുകളാണുള്ളത്. ബന്നർഘട്ട റോഡിലൂടെയുള്ള യാത്രക്കാർക്ക് പുതിയ പാത ഏറെ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ. ജയദേവ ആശുപത്രി സ്‌റ്റേഷനില്‍ നിലവിലെ മെട്രോ പാതയുമായി മാറിക്കയറാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.പാതയുടെ വേഗപരിശോധനയ്ക്കുള്ള സർട്ടിഫിക്കറ്റ് ഓഗസ്‌റ്റില്‍ ലഭിച്ചിരുന്നു. ട്രെയിനുകള്‍ക്ക് റെയില്‍വേ ബോർഡിന്റെ താല്‍ക്കാലിക അനുമതിയും സിഗ്നല്‍ സംവിധാനത്തിന് സ്വതന്ത്ര സുരക്ഷാ പരിശോധനാ സംഘത്തിന്റെ സർട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്. എന്നിരുന്നാലും സുരക്ഷാ കമ്മീഷണർ ചൂണ്ടിക്കാട്ടിയ പോരായ്‌മകള്‍ പരിഹരിക്കുകയും ആവശ്യമായ രേഖകള്‍ സമർപ്പിക്കുകയും വേണം.പിങ്ക് ലൈനിന്റെ ഉയരപ്പാത തുറക്കുന്നതോടെ ബെംഗളൂരു മെട്രോയുടെ പ്രവർത്തനത്തിലുള്ള ആകെ പാതയുടെ നീളം 96.1 കിലോമീറ്ററില്‍ നിന്ന് 103.6 കിലോമീറ്ററായി ഉയരും.

എന്നാല്‍ സുരക്ഷാ പരിശോധന പൂർത്തിയായത് മാത്രം സർവീസ് ആരംഭിക്കാനുള്ള അനുമതിയായി കണക്കാക്കാനാവില്ല. ശേഷിക്കുന്ന നടപടികള്‍ പൂർത്തിയാക്കിയ ശേഷമേ യാത്രക്കാർക്ക് പുതിയ പാത ഉപയോഗിക്കാനാകൂ.അതേസമയം, പിങ്ക് ലൈൻ മെട്രോയുടെ പുതിയ പാതയില്‍ സർവീസ് ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ബെംഗളൂരു മെട്രോ റെയില്‍ കോർപറേഷൻ ലിമിറ്റഡ് ഇതിനകം ആരംഭിച്ചു കഴിഞ്ഞതാണ്. പുതിയ പാത പ്രവർത്തനസജ്ജമാകുന്നതിനായി യാത്രക്കാരും കാത്തിരിക്കുകയാണ്. സർവീസ് ആരംഭിക്കുന്നതോടെ ഈ പാതയിലൂടെ യാത്ര ചെയ്യുന്നവരുടെ ദൈനംദിന യാത്ര കൂടുതല്‍ സുഗമമാകുമെന്നാണ് പ്രതീക്ഷ.പ്രത്യേകിച്ച്‌ ട്രാഫിക് ബ്ലോക്കില്‍ വലയുന്ന സാഹചര്യത്തില്‍. അതിനാല്‍ പുതിയ എലിവേറ്റഡ് പാതയിലൂടെ മെട്രോ സർവീസ് ആരംഭിക്കുന്നത് ഈ മേഖലകളില്‍ താമസിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും ഏറെ പ്രയോജനപ്പെടും. നിലവില്‍ ഈ മേഖലയില്‍ പല റോഡുകളിലും വാഹനങ്ങളുടെ നീണ്ട നിര തന്നെ എപ്പോഴും പ്രകടമാണ്.

You may also like

error: Content is protected !!
Join Our WhatsApp Group