Home കർണാടക ഒന്നര മണിക്കൂര്‍ കിക്ക്ബോക്‌സിങ്; പുനീത് രാജ്കുമാറിന്റെ അവസാന മണിക്കൂറുകള്‍ ഓര്‍ത്തെടുത്ത് ഡോക്ടര്‍

ഒന്നര മണിക്കൂര്‍ കിക്ക്ബോക്‌സിങ്; പുനീത് രാജ്കുമാറിന്റെ അവസാന മണിക്കൂറുകള്‍ ഓര്‍ത്തെടുത്ത് ഡോക്ടര്‍

കന്നഡ സിനിമാലോകത്തെ ഞെട്ടിച്ച പുനീത് രാജ്കുമാറിന്റെ മരണത്തിന് അഞ്ച് വർഷം പിന്നിടുമ്പോള്‍, നടന്റെ അവസാന മണിക്കൂറുകളെക്കുറിച്ചുള്ള ഓർമകള്‍ പങ്കുവെച്ച്‌ അദ്ദേഹത്തെ ചികിത്സിച്ച ഡോ.രമണ റാവു. ജിമ്മില്‍ ഒന്നര മണിക്കൂർ കിക്ക്ബോക്‌സിങ് പരിശീലനം നടത്തിയശേഷം ക്ലിനിക്കിലെത്തിയ പുനീത് അസാധാരണമായി വിയർക്കുകയും ക്ഷീണിതനായി കാണപ്പെടുകയും ചെയ്തിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. തുടർന്ന് നടത്തിയ ഇസിജിയില്‍ ഹൃദയത്തിന് സമ്മർദമുണ്ടെന്ന സൂചന ലഭിച്ചതായും ഡോക്ടർ പറഞ്ഞു.പുനീതുമായി അടുത്ത വ്യക്തിബന്ധമുണ്ടായിരുന്നുവെന്നും സ്വന്തം മകനെപ്പോലെയാണ് അദ്ദേഹത്തെ കണ്ടിരുന്നതെന്നും ഡോ. രമണ റാവു പറഞ്ഞു.

‘ജസ്റ്റ് ക്യൂരിയസ് കന്നഡ’യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്റെ അവസാന നിമിഷങ്ങളെക്കുറിച്ച്‌ അദ്ദേഹം വിശദീകരിച്ചത്. അന്ന് ആദ്യമായാണ് പുനീത് കിക്ക്ബോക്‌സിങ് പരിശീലനം നടത്തിയതെന്നും വ്യായാമത്തിനുശേഷം പതിവിലധികം ക്ഷീണിതനായി കാണപ്പെട്ടതായും ഡോക്ടർ ഓർത്തെടുത്തു. പുനീത് ക്ലിനിക്കിലെത്തിയപ്പോള്‍ അമിതമായി വിയർക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടർന്നാണ് ഉടൻ ഇസിജി പരിശോധന നടത്തിയത്. പരിശോധനയില്‍ ഹൃദയത്തിന് സമ്മർദമുണ്ടെന്ന സൂചന ലഭിച്ചതായി ഡോക്ടർ പറഞ്ഞു. മരുന്ന് നല്‍കിയശേഷം വൈകാതെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദേശിക്കുകയും ചെയ്തു. സ്വന്തം കാറിലാണ് പുനീത് ആശുപത്രിയിലേക്ക് പോയത്. യാത്രയ്ക്കിടെ സംസാരിച്ചിരുന്ന അദ്ദേഹത്തോട് തല ഭാര്യ അശ്വിനിയുടെ മടിയില്‍വെച്ച്‌ വിശ്രമിക്കാൻ ആവശ്യപ്പെട്ടതായും ഡോക്ടർ പറഞ്ഞു.

എന്നാല്‍ ആശുപത്രിയിലെത്തുന്നതിന് ഏകദേശം ഒരു മിനിറ്റ് മുമ്പ് പുനീതിന്റെ ഹൃദയമിടിപ്പ് നിലച്ചുവെന്നാണ് ഡോ. രമണ റാവു വെളിപ്പെടുത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ഹൃദയമിടിപ്പ് ഉണ്ടായിരുന്നില്ലെന്നും തുടർന്ന് വിക്രം ആശുപത്രിയിലെ ഡോക്ടർമാർ അടിയന്തര ചികിത്സ നല്‍കി ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.2021 ഒക്ടോബർ 29-നാണ് 46-കാരനായ പുനീത് രാജ്കുമാർ ഹൃദയസ്തംഭനത്തെത്തുടർന്ന് മരിച്ചത്. അദ്ദേഹത്തിന്റെ വിയോഗം കന്നഡ സിനിമാലോകത്തെയും ആരാധകരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി. ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ പൊതുദർശനത്തിന് വെച്ച മൃതദേഹത്തില്‍ ആയിരക്കണക്കിന് ആരാധകരും രാഷ്ട്രീയ-സിനിമാ രംഗത്തെ പ്രമുഖരും അന്ത്യാഞ്ജലി അർപ്പിച്ചു. പുനീതിന്റെ മരണം തന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ അനുഭവങ്ങളിലൊന്നാണെന്നും സ്വന്തം മകനെ നഷ്ടപ്പെട്ടതുപോലെയാണ് തോന്നിയതെന്നും ഡോ. രമണ bറാവു പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group