ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിലെ ഏറ്റവും തിരക്കേറിയ ഭാഗങ്ങളിലൊന്നായ വടക്കൻ ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാൻ വമ്പൻ പദ്ധതിയുമായി കർണാടക സർക്കാർ.മെക്രി സർക്കിള് ഫ്ലൈഓവർ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങള് സർക്കാർ വേഗത്തിലാക്കി. 725 കോടി രൂപ ചെലവ് വരുന്ന മെക്രി സർക്കിള് ഫ്ലൈഓവർ പദ്ധതി 18 മാസത്തിനുള്ളില് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.മെക്രി സർക്കിള് മുതല് ബാപ്റ്റിസ്റ്റ് ഹോസ്പിറ്റല് വരെ നീളുന്ന എലിവേറ്റഡ് കോറിഡോർ, ബാപ്റ്റിസ്റ്റ് ഹോസ്പിറ്റല് മുതല് ഹെബ്ബാള് ഫ്ലൈഓവറിന് അപ്പുറം വരെ നീളുന്ന തുരങ്കപാതയും (ടണല്) ഉള്പ്പെടുന്നതാണ് നിലവിലെ പദ്ധതി. ഒരു പ്രദേശത്തെ മാത്രം തിരക്ക് കുറയ്ക്കുന്നതിന് പകരമായി നിശ്ചിത മേഖലയിലുടെ നീളമുള്ള ഗതാഗതം സുഗമമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമാകുന്നത്.
ഇതനുസരിച്ചാണ് പദ്ധതി രൂപകല്പ്പന ചെയ്തിരിക്കുന്നത്.പദ്ധതി നിർമാണത്തിൻ്റെ ഭാഗമായി ബെംഗളൂരു ഡെവലപ്മെന്റ് അതോറിറ്റി (ബിഡിഎ) മണ്ണ് പരിശോധന ഉള്പ്പെടെയുള്ള പ്രാഥമിക പ്രവർത്തനങ്ങള് ആരംഭിച്ചു. അതേസമയം, ഹൈക്കോടതിയില് ഒരു കേസ് നിലനില്ക്കുന്നതിനാല് തുരങ്കപാതയുടെ നിർമാണ പ്രവർത്തനങ്ങള് സാവധാനത്തിലാണ് പുരോഗമിക്കുന്നത്.ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനുള്ള ഒരു സമഗ്ര പരിഹാരമായാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് ബിഡിഎ ചെയർമാൻ എൻഎ ഹാരിസ് പറഞ്ഞു. ബെംഗളൂരു നഗരത്തിലെ ഗതാഗതം കൂടുതല് സുഗമമാക്കുന്നതിനൊപ്പം വടക്കൻ ബെംഗളൂരുവിലേക്കും ബെംഗളൂരു വിമാനത്താവളത്തിലേക്കുമുള്ള യാത്രാ സുഗമമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.ഗംഗാനഗർ, സഞ്ജയ് നഗർ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന പദ്ധതി പ്രദേശത്തെ ഗതാഗതക്കുരുക്കിൻ്റെ 60 ശതമാനമെങ്കിലും കുറയ്ക്കും എന്നാണ് വിലയിരുത്തല്.
മികച്ച സാഹചര്യത്തില് 80 ശതമാനം വരെയും കുറയ്ക്കുമെന്ന് ഐഐടി ബോംബെയുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. എലിവേറ്റഡ് കോറിഡോറില് ഓരോ ദിശയിലും രണ്ട് ലെയ്നുകളും തുരങ്കപാതയില് ഓരോ വശത്തും മൂന്ന് ലെയ്നുകളും ഉണ്ടായിരിക്കും. വെറ്ററിനറി കോളേജ് ഭാഗത്ത് ഓരോ ദിശയിലുമുള്ള രണ്ട് ലെയ്നുകള് എലിവേറ്റഡ് കോറിഡോറുമായി ബന്ധിപ്പിക്കും; അതേസമയം മറ്റൊരു ലെയ്ൻ പ്രാദേശിക ഗതാഗതത്തിനായി ഉപയോഗിക്കും.മെക്രി സർക്കിളിലെ ഒരു റോട്ടറിയിലേക്ക് (വൃത്താകൃതിയിലുള്ള ജങ്ഷൻ) എലിവേറ്റഡ് പാത എത്തിച്ചേരും. നിർദിഷ്ട യശ്വന്ത്പുർ – കെആർ പുര ഈസ്റ്റ് – വെസ്റ്റ് ഇടനാഴിയുമായി ബന്ധിപ്പിക്കപ്പെടുന്നതിനാല് യാത്രക്കാർക്ക് തടസ്സമില്ലാത്ത യാത്ര സാധ്യമാകും. പദ്ധതിയുടെ വിവിധ ഭാഗങ്ങള് ഒരുമിച്ച് പ്രവർത്തിച്ചാല് മാത്രമേ ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ എന്ന് എൻഎ ഹാരിസ് പറഞ്ഞു.