Home കർണാടക ബെംഗളൂരു ബണ്ണാര്‍ഘട്ട റോഡിലെ ജംഗ്‌ഷനുകള്‍ വികസിപ്പിക്കാൻ പദ്ധതി; കാല്‍നട യാത്രക്കാര്‍ക്ക് ഗുണമാവും!

ബെംഗളൂരു ബണ്ണാര്‍ഘട്ട റോഡിലെ ജംഗ്‌ഷനുകള്‍ വികസിപ്പിക്കാൻ പദ്ധതി; കാല്‍നട യാത്രക്കാര്‍ക്ക് ഗുണമാവും!

ബെംഗളൂരു: വാഹനഗതാഗതം സുഗമമാക്കുന്നതിനും കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ബണ്ണാർഘട്ട മെയിൻ റോഡിലെ ജംഗ്ഷനുകള്‍ വികസിപ്പിക്കാൻ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി നടപടി തുടങ്ങി.ഗൊട്ടിഗെരെയില്‍നിന്ന് തവരേക്കെരെയിലേക്കുള്ള റോഡിലെ ജംഗ്ഷനുകളുടെ വികസനത്തിനായി വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കാൻ അതോറിറ്റി ചീഫ് കമ്മീഷണർ എം മഹേശ്വർ റാവു ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കി.കഴിഞ്ഞ ദിവസം കലേന അഗ്രഹാര മെട്രോ സ്‌റ്റേഷൻ മുതല്‍ ഐഐഎംബി മെട്രോ സ്‌റ്റേഷൻ വരെയുള്ള ഏകദേശം 3.2 കിലോമീറ്റർ ദൂരത്തെ നടപ്പാതകള്‍ പരിശോധിച്ചപ്പോഴാണ് കാല്‍നടയാത്രക്കാർ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. പ്രശ്‌നങ്ങള്‍ക്ക് മുൻഗണന നല്‍കി പരിഹാരം കാണണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദേശിച്ചു.

കലേന അഗ്രഹാര മെട്രോ സ്‌റ്റേഷനില്‍നിന്ന് ഏകദേശം 50 മീറ്റർ മാത്രം അകലെയുള്ള ബസ് സ്‌റ്റോപ്പിലേക്ക് പോലും സുരക്ഷിതമായി നടന്നെത്താൻ വഴിയില്ലെന്ന് പരിശോധനയില്‍ അധികൃതർ കണ്ടെത്തിയിരുന്നു. ഇവിടെ നടപ്പാത ഒരുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും നിർദേശം നല്‍കി. നടപ്പാതകളിലും തുറന്ന ഓടകള്‍ക്ക് സമീപവും സ്ഥാപിച്ചിട്ടുള്ള ഒപ്റ്റിക്കല്‍ ഫൈബർ കേബിളുകളും അവയുടെ ചേംബറുകളും കാല്‍നടയാത്രയ്ക്ക് തടസമാകുന്നതായും കണ്ടെത്തി.ബന്ധപ്പെട്ട കേബിള്‍ സേവനദാതാക്കളുമായി ഏകോപനം നടത്തി ഇവ അനുയോജ്യമായ സ്ഥലങ്ങളിലേക്ക് മാറ്റണം. നടപ്പാതയിലൂടെ തടസമില്ലാതെ നടക്കാൻ കഴിയുന്നതിനൊപ്പം ഓടകളുടെ അറ്റകുറ്റപ്പണികളും സുഗമമായി നടത്താൻ സാധിക്കുന്ന തരത്തിലായിരിക്കണം ക്രമീകരണമെന്നും മഹേശ്വർ റാവു നിർദേശിച്ചിട്ടുണ്ട്.നടപ്പാതകള്‍ തടസപ്പെടുത്തുന്ന ട്രാഫിക് പോലീസ് ക്യാബിനുകളും ബെസ്കോമിന്റെ റിങ് മെയിൻ യൂണിറ്റ് ഉപകരണങ്ങളും അനുയോജ്യമായ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റാനും നിർദേശം നല്‍കിയിട്ടുണ്ട്. ബന്നാർഘട്ട റോഡിന്റെ വിവിധ ഭാഗങ്ങളില്‍ റോഡ് മുറിച്ചുകടക്കാൻ ആവശ്യമായ സൗകര്യങ്ങളില്ലെന്നും നിലവിലുള്ള ചില ക്രോസിങ്ങുകളുടെ രൂപകല്‍പ്പന അപര്യാപ്‌തമാണെന്നും പരിശോധനയില്‍ വ്യക്തമായി.

ഇതിന് പരിഹാരമായി ആവശ്യമായ സ്ഥലങ്ങളില്‍ റോഡിന്റെ മധ്യഭാഗത്തെ ഡിവൈഡറിലൂടെ കാല്‍നടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാനുള്ള സൗകര്യം ഒരുക്കണം. റോഡ് മുറിച്ചുകടക്കുന്നതിനിടെ സുരക്ഷിതമായി കാത്തുനില്‍ക്കാൻ കഴിയുന്ന തരത്തില്‍ അനുയോജ്യമായ സ്ഥലങ്ങളില്‍ കാല്‍നടയാത്രക്കാർക്കുള്ള സുരക്ഷാ സംവിധാനങ്ങളും നിർമ്മിക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കിയിട്ടുണ്ട്.അതേസമയം, ജംഗ്‌ഷൻ വികസനത്തിനായുള്ള പദ്ധതി റിപ്പോർട്ട് തയ്യാറാക്കുന്നതിനൊപ്പം കാല്‍നടയാത്രക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കും അടിയന്തര പരിഹാരം കാണാനാണ് ബിഡിഎ നീക്കം. ഈ പദ്ധതികള്‍ നടപ്പാകുന്നതോടെ ബന്നർഘട്ട റോഡിലെ ഗതാഗതം സുഗമമാകുന്നതിനും മെട്രോ സ്‌റ്റേഷനുകളിലേക്കും ബസ് സ്‌റ്റോപ്പുകളിലേക്കുമുള്ള യാത്ര കൂടുതല്‍ സുരക്ഷിതമാകുന്നതിനും സഹായിക്കുമെന്നാണ് പ്രതീക്ഷ.

You may also like

error: Content is protected !!
Join Our WhatsApp Group