ബെംഗളൂരു: കർണാടകയില്‍ സിനിമാ ടിക്കറ്റുകള്‍ക്കുമേല്‍ രണ്ട് ശതമാനം പ്രത്യേക നികുതി ഈടാക്കാനുള്ള സർക്കാർ നിർദേശം റദ്ദാക്കി ഹൈക്കോടതി.2024ലെ കർണാടക സിനി ആൻഡ് കള്‍ച്ചറല്‍ ആക്ടിവിസ്റ്റ് ക്ഷേമനിയമ പ്രകാരം സെസ് പിരിക്കാൻ തിയേറ്ററുകള്‍ക്ക് നിർദേശം നല്‍കിക്കൊണ്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച വിവിധ ഉത്തരവുകളും സർക്കുലറുകളുമാണ് കോടതി റദ്ദാക്കിയത്.സെപ്റ്റംബർ ഒന്ന് മുതല്‍ സിനിമാ ടിക്കറ്റ് വരുമാനത്തില്‍ നിന്ന് രണ്ട് ശതമാനം സെസ് പിരിച്ചെടുക്കണമെന്ന് കാട്ടി തൊഴില്‍ വകുപ്പ് സർക്കുലറുകള്‍ പുറപ്പെടുവിച്ചിരുന്നു.

ഇതിനെതിരെ മള്‍ട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യയും പി.വി.ആർ ഐനോക്സ് ലിമിറ്റഡും സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് എച്ച്.ടി. നരേന്ദ്ര പ്രസാദിന്റെ നടപടി.നിയമപ്രകാരം നികുതി പിരിക്കാനുള്ള തീയതി സർക്കാർ ഇതുവരെ വിജ്ഞാപനം ചെയ്തിട്ടില്ലെന്ന് അസോസിയേഷൻ കോടതിയില്‍ ബോധിപ്പിച്ചു. 2024ലെ നിയമം നിലവില്‍ വരുന്ന തീയതി വ്യക്തമാക്കിക്കൊണ്ടുള്ള ഔദ്യോഗിക ഗസറ്റ് സംസ്ഥാന സർക്കാർ ഇതുവരെ വിജ്ഞാപനം ചെയ്തിട്ടില്ലെന്ന് വാദത്തിനിടെ സർക്കാരും കോടതിയെ അറിയിച്ചു. തുടർന്നാണ് നികുതി പിരിക്കാനുള്ള സർക്കാർ നിർദേശം കോടതി തള്ളിയത്. ഭാവിയില്‍ നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ ഇതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യാൻ ഹർജിക്കാർക്ക് കോടതി അനുമതി നല്‍കിയിട്ടുണ്ട്.