Home കർണാടക 21.25 കി.മീറ്റര്‍ ദൈര്‍ഘ്യം, 18 സ്റ്റേഷനുകള്‍; തുറക്കാനൊരുങ്ങി ബെംഗളൂരു മെട്രോ പിങ്ക് ലൈൻ, ഐടി ജീവനക്കാര്‍ക്ക് നേട്ടമാകും

21.25 കി.മീറ്റര്‍ ദൈര്‍ഘ്യം, 18 സ്റ്റേഷനുകള്‍; തുറക്കാനൊരുങ്ങി ബെംഗളൂരു മെട്രോ പിങ്ക് ലൈൻ, ഐടി ജീവനക്കാര്‍ക്ക് നേട്ടമാകും

by ടാർസ്യുസ്

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ ഗതാഗതം കൂടുതല്‍ സുഗമമാക്കാൻ നമ്മ മെട്രോ പിങ്ക് ലൈൻ തുറക്കാനൊരുങ്ങുന്നു.പിങ്ക് ലൈനിന്റെ 7.5 കിലോമീറ്ററാണ് ഈ മാസം തുറക്കുക. കേന്ദ്ര സർക്കാരിൻ്റെ അന്തിമ അനുമതിക്ക് ശേഷം ഉദ്ഘാടന തീയതി പുറത്തുവിടും. കലേന അഗ്രഹാരയെയും തവരേക്കരെയെയും ബന്ധിപ്പിക്കുന്ന ഭാഗം ഉദ്ഘാടനത്തിന് തയ്യാറാണെന്ന് ബെംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരെ ഗൗഡ പറഞ്ഞു.കലേന അഗ്രഹാരയെയും തവരേക്കരെയെയും ബന്ധിപ്പിക്കുന്ന പിങ്ക് ലൈനില്‍ ആറ് സ്റ്റേഷനുകള്‍ ഉണ്ടാകും. കലേന അഗ്രഹാരയെ ഹുളിമാവ്, ഐഐഎം-ബി, ജെപി നഗർ നാലാം ഘട്ടം, ജയദേവ ആശുപത്രി, തവരേക്കരെ എന്നിവയുമായി ബന്ധിപ്പിക്കും. ജയദേവ ആശുപത്രി സ്റ്റേഷൻ യെല്ലോ ലൈനുമായി ഒരു ഇന്റർചേഞ്ച് നല്‍കും.

ഇത് യാത്രക്കാർക്ക് രണ്ട് മെട്രോ ലൈനുകള്‍ക്കിടയില്‍ മാറാൻ സൗകര്യമൊരുക്കും.പിങ്ക് ലൈൻ തുറക്കല്‍ വൈകുന്നത് എന്തുകൊണ്ട്?പിങ്ക് ലൈനില്‍ മെട്രോ സർവീസ് നടത്താനുള്ള അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. സർവീസ് നടത്താനുള്ള ട്രെയിനുകള്‍ ലഭ്യമാണെന്നും, എന്നാല്‍ അവ ഇപ്പോഴും പരിശോധനയ്ക്കും പരീക്ഷണ ഓട്ടത്തിനും വിധേയമാകുന്നുണ്ടെന്നും മന്ത്രി കൃഷ്ണ ബൈരെ ഗൗഡ പറഞ്ഞു. യാത്രക്കാരുമായുള്ള സർവീസിന് മുൻപായി ട്രെയിനുകള്‍ നിർബന്ധിത 750 കിലോമീറ്റർ പരീക്ഷണ ഓട്ടം പൂർത്തിയാക്കേണ്ടതുണ്ട്. സർവീസ് നടത്തുന്നതിന് ആവശ്യമായ ട്രെയിൻ ഓപ്പറേറ്റർമാരെ തെരഞ്ഞെടുത്തു. ഇവരുടെ പരിശീലനം ഈ ആഴ്ച പൂർത്തിയാകും. റെയില്‍വേ ബോർഡ് ട്രെയിനുകള്‍ക്ക് അംഗീകാരം നല്‍കിയ ശേഷം മെട്രോ റെയില്‍വേ സുരക്ഷാ കമ്മീഷണർ (സിഎംആർഎസ്) പാത പരിശോധിക്കും.പിങ്ക് ലൈൻ എപ്പോള്‍ തുറക്കും?സെപ്റ്റംബറില്‍ കേന്ദ്ര സർക്കാർ ബെംഗളൂരു മെട്രോ പിങ്ക് ലൈനിൻ്റെ ഉദ്ഘാടന തീയതി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയാണ് മന്ത്രി കൃഷ്ണ ബൈരെ ഗൗഡ പങ്കുവച്ചത്. ഈ മാസം അവസാനത്തോടെ ഉദ്ഘാടനം നടത്താനുള്ള ശ്രമങ്ങള്‍ ബിഎംആർസിഎല്‍ നടത്തുന്നുണ്ടെന്ന് ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ അറിയിച്ചു.

അടുത്ത 15 ദിവസത്തിനുള്ളില്‍ റോളിങ് സ്റ്റോക്ക് അംഗീകാരം പ്രതീക്ഷിക്കുന്നു. ശേഷിക്കുന്ന അനുമതികള്‍ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥരുമായും കേന്ദ്രവുമായും പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.പിങ്ക് ലൈൻ സ്റ്റേഷനുകള്‍ബെംഗളൂരു മെട്രോ പിങ്ക് ലൈനിൻ്റെ ആകെ ദൈർഘ്യം 21.25 കിലോമീറ്ററാണ്. ഇത് കലേന അഗ്രഹാരയെ നാഗവാരയുമായി ബന്ധിപ്പിക്കും. ലൈനില്‍ 18 സ്റ്റേഷനുകള്‍ ഉണ്ടാകും. 7.5 കിലോമീറ്റർ എലിവേറ്റഡ് സെക്ഷനും 13.76 കിലോമീറ്റർ ഭൂഗർഭ സെക്ഷനും ഉള്‍പ്പെടും. എംജി റോഡ്, പോട്ടറി ടൗണ്‍, ഐഐഎം-ബാംഗ്ലൂർ, ജെപി നഗർ 4-ാം ഫേസ്, ഹുളിമാവ് തുടങ്ങിയ പ്രദേശങ്ങളെ പിങ്ക് ലൈൻ ബന്ധിപ്പിക്കും. ബെംഗളൂരുവില്‍ നിലവില്‍ ഏകദേശം 96 കിലോമീറ്റർ മെട്രോ ശൃംഖലയുണ്ട്. പർപ്പിള്‍, ഗ്രീൻ, യെല്ലോ ലൈനുകള്‍ നെറ്റ്‌വർക്കില്‍ ഉള്‍പ്പെടുന്നു.

പിങ്ക് ലൈൻ സർവീസുകള്‍ ആരംഭിച്ചുകഴിഞ്ഞാല്‍, നഗരത്തിലെ മെട്രോ നെറ്റ്‌വർക്ക് 100 കിലോമീറ്റർ കടക്കും.പിങ്ക് ലൈൻ പൂർത്തിയാകുന്നതോടെ ഐടി നഗരമായ ബെംഗളൂരുവിലെ തെക്കൻ മേഖലകളെ വടക്കൻ ഭാഗങ്ങളുമായി ബന്ധിപ്പിക്കാൻ സാധിക്കുന്ന റൂട്ട് ഐടി ജീവനക്കാർ ഉള്‍പ്പെടെയുള്ളവർക്ക് സുഗമമായ യാത്രയൊരുക്കും. പിങ്ക് പൈൻ പ്രവർത്തനക്ഷമമാകുന്നതോടെ ബെംഗളൂരുവിന്റെ മെട്രോ ശൃംഖല 100 കിലോമീറ്റർ കടക്കും. നിലവില്‍, പർപ്പിള്‍ ലൈനിന്റെ 43.5 കിലോമീറ്ററും ഗ്രീൻ ലൈനിന്റെ 33.5 കിലോമീറ്ററും യെല്ലോ ലൈനിന്റെ 19.2 കിലോമീറ്ററും ഉള്‍പ്പെടുന്ന 96 കിലോമീറ്റർ ശൃംഖലയാണ് നമ്മ മെട്രോ പ്രവർത്തിപ്പിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group