Home കർണാടക ബെംഗളൂരു റോഡുകളിലെ കുഴികള്‍ ഇനി പെട്ടെന്ന് അടയ്ക്കാം; ട്രാഫിക് ബ്ലോക്കുമില്ല, ജെറ്റ് പാച്ചര്‍ വരുന്നു..!

ബെംഗളൂരു റോഡുകളിലെ കുഴികള്‍ ഇനി പെട്ടെന്ന് അടയ്ക്കാം; ട്രാഫിക് ബ്ലോക്കുമില്ല, ജെറ്റ് പാച്ചര്‍ വരുന്നു..!

by ടാർസ്യുസ്

ബെംഗളൂരു: നഗരത്തിലെ റോഡുകളില്‍ ഉണ്ടാവുന്ന ചെറിയ കുഴികള്‍ ഗതാഗതക്കുരുക്ക് ഉണ്ടാക്കാതെയും വാഹന ഗതാഗതം തടസപ്പെടുത്താതെയും അടയ്ക്കാൻ ജെറ്റ് പാച്ചർ സാങ്കേതികവിദ്യയുമായി അധികൃതർ, ബെംഗളൂരു വികസന മന്ത്രി കൃഷ്‌ണ ബൈരേ ഗൗഡയാണ് പ്രഖ്യാപനം നടത്തിയത്.വ്യത്യസ്‌ത തരത്തിലുള്ള കുഴികള്‍ക്ക് വ്യത്യസ്‌ത ശാസ്ത്രീയവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ പരിഹാരങ്ങളാണ് ബെംഗളൂരുവിന് ആവശ്യമെന്നും ഇതിന്റെ ഭാഗമായി ജെറ്റ് പാച്ചർ സാങ്കേതികവിദ്യ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ച്‌ തുടങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.വിധാന സൗധയ്ക്കും എംഎസ്. ബില്‍ഡിങ്ങിനും ഇടയിലുള്ള റോഡില്‍ ജെറ്റ് പാച്ചർ സാങ്കേതികവിദ്യയുടെ പ്രദർശനം ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

ബെംഗളൂരുവിലെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി റോഡ് കുഴികള്‍ രൂപപ്പെട്ടിട്ടുണ്ടെന്നും അവയുടെ ആഴത്തിലും നാശത്തിന്റെ തോതിലും വ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചില സ്ഥലങ്ങളില്‍ റോഡിന്റെ മുകളിലെ ടാർ പാളി മാത്രമാണ് തകർന്നിട്ടുള്ളത്.മറ്റ് ചില ഭാഗങ്ങളില്‍ ടാർ പാളിയോടൊപ്പം അതിന് താഴെയുള്ള പാളിയും തകരുന്നതിനാല്‍ കൂടുതല്‍ ആഴമുള്ള കുഴികള്‍ രൂപപ്പെടുന്നു. അതിനാല്‍ കുഴികളുടെ സ്വഭാവവും തീവ്രതയും അനുസരിച്ച്‌ വ്യത്യസ്‌ത സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ജെറ്റ് പാച്ചർ ആഴമേറിയ കുഴികള്‍ക്കായി ഉദ്ദേശിച്ചിട്ടുള്ളതല്ലെന്നും ഏകദേശം രണ്ട് മുതല്‍ മൂന്ന് ഇഞ്ച് വരെ ആഴമുള്ള ചെറിയ കുഴികള്‍ അടയ്ക്കുന്നതിനാണ് ഇത് കൂടുതല്‍ അനുയോജ്യമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.കുഴി രൂപപ്പെട്ട ഭാഗത്ത് മാത്രം അറ്റകുറ്റപ്പണി നടത്താൻ കഴിയുന്നതാണ് ജെറ്റ് പാച്ചറിന്റെ പ്രധാന പ്രത്യേകതയെന്ന് മന്ത്രി വിശദീകരിച്ചു. റോഡിലെ പൊടിയും അവശിഷ്‌ടങ്ങളും നീക്കം ചെയ്യുന്നതിനൊപ്പം ബിറ്റുമിനും നനഞ്ഞ മിശ്രിതവും ഒരേ യന്ത്രം ഉപയോഗിച്ച്‌ പ്രയോഗിക്കാനാകും. ഇതിലൂടെ വാഹന ഗതാഗതം തുടരുന്നതിനിടയിലും റോഡ് അറ്റകുറ്റപ്പണി നടത്താൻ സാധിക്കും.

റോഡ് പൂർണമായി അടയ്‌ക്കേണ്ട സാഹചര്യമോ വാഹനയാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടോ ഉണ്ടാകില്ല. അറ്റകുറ്റപ്പണി പൂർത്തിയാക്കിയതിന് ഏകദേശം 10 മിനിറ്റിനുള്ളില്‍ ഗതാഗതം പുനരാരംഭിക്കാനും സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതോടെ ഇത്തരം അറ്റകുറ്റപ്പണികള്‍ രാത്രിയില്‍ മാത്രം നടത്തേണ്ട സാഹചര്യം ഒഴിവാക്കാനാകും.ബെംഗളൂരുവിലെ പല പ്രധാന റോഡുകളിലും രണ്ട്, മൂന്ന് ഇഞ്ച് ആഴമുള്ള ചെറിയ കുഴികള്‍ കാണപ്പെടുന്നുണ്ട്. ജെറ്റ് പാച്ചർ ഉപയോഗിച്ച്‌ ഇത്തരം കുഴികള്‍ കുറഞ്ഞ സമയത്തിനുള്ളില്‍, കുറച്ച്‌ ജീവനക്കാരെയും ഉപകരണങ്ങളെയും ഉപയോഗിച്ച്‌, ഗതാഗതം തടസ്സപ്പെടുത്താതെ അടയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും കൃഷ്‌ണ ബൈരേ ഗൗഡ പറഞ്ഞു.റോഡ് കുഴികള്‍ അടയ്ക്കുന്നതിന് പരമ്പരാഗതമായി ഹോട്ട് മിക്‌സ് സാങ്കേതികവിദ്യയാണ് ഉപയോഗിച്ചുവരുന്നത്. ഇത് ഉറപ്പിക്കുന്നതിനായി റോളർ യന്ത്രവും ആവശ്യമാണ്. എന്നാല്‍ ഈ രീതിക്ക് ചില പരിമിതികളുണ്ടെന്ന് മന്ത്രി പറഞ്ഞു.

മഴക്കാലത്ത് ഹോട്ട് മിക്‌സ് ഉപയോഗിച്ചുള്ള അറ്റകുറ്റപ്പണി ഫലപ്രദമായി നടത്താൻ ബുദ്ധിമുട്ടുണ്ട്.കൂടാതെ റോളർ ഉള്‍പ്പെടെയുള്ള മുഴുവൻ സംവിധാനവും സ്ഥലത്തെത്തിക്കേണ്ടിവരും. ഒരു റോഡില്‍ ഒരു കുഴി മാത്രമാണുള്ളതെങ്കില്‍ ഇത്രയും വലിയ സംവിധാനം ഉപയോഗിക്കുന്നത് പ്രായോഗികമാകണമെന്നില്ല.അറ്റകുറ്റപ്പണി ആരംഭിക്കുന്നതിന് മുമ്പ് വാഹന ഗതാഗതം നിർത്തേണ്ടിവരുന്നതും അധിക ഗതാഗതക്കുരുക്കിന് കാരണമാകുന്നു.കേന്ദ്ര നഗര കോർപ്പറേഷൻ രണ്ട് കോടി രൂപ ചെലവ് കണക്കാക്കി പരീക്ഷണ പദ്ധതിക്കായി ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ജെറ്റ് പാച്ചർ ഉപയോഗിച്ചുള്ള റോഡ് കുഴി അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിരിക്കുകയാണ്. ജെറ്റ് പാച്ചർ സാങ്കേതികവിദ്യ വിജയകരമാണെന്ന് തെളിഞ്ഞാല്‍ നഗരത്തിലെ എല്ലാ കോർപ്പറേഷൻ പരിധികളിലേക്കും ഇതിന്റെ ഉപയോഗം ഉടൻ വ്യാപിപ്പിക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group