ബെംഗളൂരു: കേന്ദ്ര ഫണ്ട് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകം സുപ്രീംകോടതിയെ സമീപിക്കുന്നു. 2186 കോടി രൂപ കേന്ദ്രത്തില്‍ നിന്ന് ലഭിക്കണമെന്ന ആവശ്യവുമായാണ് കർണാടക സർക്കാർ സുപ്രീംകോടതിയിലേക്ക് കടക്കുന്നത്.2025-26 വർഷത്തെ ഗ്രാമപഞ്ചായത്ത് വിഹിതം കേന്ദ്രം സംസ്ഥാനത്തിന് കൈമാറിയിരുന്നില്ല. 15-ാം ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്ത ഫണ്ടിനായാണ് കർണാടകം ഇപ്പോള്‍ നിയമപോരാട്ടത്തിന് ഒരുങ്ങുന്നത്. വിഷയവുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറലുമായി കർണാടക പഞ്ചായത്തീരാജ് മന്ത്രി ഈശ്വർ ഖന്ദ്രെ ചർച്ച നടത്തിക്കഴിഞ്ഞു.കേന്ദ്രത്തില്‍ നിന്ന് ഫണ്ട് ലഭിക്കാത്തത് വരള്‍ച്ചയെ നേരിടുന്ന ഈ സാഹചര്യത്തില്‍ വലിയ തിരിച്ചടിയായെന്ന് മന്ത്രി ഈശ്വർ ഖന്ദ്രെ വ്യക്തമാക്കി. ഗ്രാമപഞ്ചായത്തുകള്‍ക്ക് അർഹതപ്പെട്ട വിഹിതം ലഭിക്കാത്തത് പ്രാദേശിക വികസന പ്രവർത്തനങ്ങളെയും വരള്‍ച്ചാ ആശ്വാസ നടപടികളെയും ബാധിച്ച പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഈ നിർണായക നീക്കം.
