ബംഗളൂരു: ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങളില്‍ രാജ്യാന്തര സഹകരണത്തിന് ഏറെ പ്രധാന്യമുണ്ടെന്നു ബഹിരാകാശ ഗവേഷക സുനിത വില്യംസ്.ചന്ദ്രനിലേക്കും ബഹിരാകാശത്തെ മറ്റിടങ്ങളിലേക്കുമുള്ള നമ്മുടെ യാത്ര മനുഷ്യജീവിയെന്ന നിലയിലായിരുന്നു; മറിച്ച് ഏതെങ്കിലുമൊരു രാജ്യക്കാരൻ എന്ന മേല്‍വിലാസത്തില്‍ അല്ല-ഒന്‍പതാമത് ബംഗളുരു സ്പെയ്സ് എക്സ് പോയില് സംഘടിപ്പിച്ച അഭിമുഖ പരിപാടിയില്‍ അവർ പറഞ്ഞു.”വലിയ ലക്ഷ്യങ്ങളോടെയുള്ള ബഹിരാകാശ ദൗത്യങ്ങള്‍ വർധിച്ചുവരുന്ന സാഹചര്യത്തില്‍ രാജ്യാന്തര സഹകരണത്തിലൂടെ പ്രശ്നങ്ങള്‍ക്കു വേഗത്തില്‍ പരിഹാരം കണ്ടെത്താനാകും.

ഭൂമിയില്‍ നിന്ന് കൂടുതല്‍ അകലം മനുഷ്യൻ സഞ്ചരിക്കുന്പോള്‍ ബഹിരാകാശ നിലയങ്ങള്‍ ഭാവിയില്‍ സ്വയംപര്യാപ്തമാകേണ്ടതുണ്ട്.ഭൂമിയില്‍ ഒരുപക്ഷേ ഏതു ചോദ്യത്തിനും ഫോണില്‍ തിരഞ്ഞ് ഉത്തരം കണ്ടെത്താനാകും. എന്നാല്‍ ബഹിരാകാശ നിലയത്തില്‍ ആ വിവരശേഖരം ഇല്ല. ഭൂമിയില്‍ നിന്നാണ് ഉത്തരങ്ങള്‍ തേടുന്നത്. ഭാവിയില്‍ ഈ പ്രശ്നം പരിഹരിക്കേണ്ടിവരും”-സുനിത വില്യംസ് പറഞ്ഞു.ശേഖരിക്കുന്ന വിവരങ്ങള്‍ ഭൂമിയിലേക്ക് തിരിച്ച് അയയ്ക്കുന്നതിനു പകരം യഥാർഥഫലം ലഭിക്കുന്ന ത്രിമാന അച്ചടി, വിവരങ്ങള്‍ വിശകലനം ചെയ്യുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ നിലയങ്ങളില്‍ സജ്ജമാക്കണമെന്നും അവർ നിർദേശിച്ചു.