ബെംഗളൂരു: ബയോഹാക്കിംഗും യൗവനം നിലനിര്‍ത്താനുള്ള പുതുതരം വെല്‍നസ് രീതികളും ചര്‍ച്ച ചെയ്യാനായി ബെംഗളൂരുവിലെ കോരമംഗളയില്‍ ഓഗസ്റ്റ് 29-ന് നടത്താനിരുന്ന ‘പെപ്റ്റൈഡ് പാര്‍ട്ടി’ കര്‍ണാടക ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്‌ട്രേഷന്‍ ഇടപെട്ട് റദ്ദാക്കിച്ചു.പരിപാടിയില്‍ വിതരണം ചെയ്യാനോ ശുപാര്‍ശ ചെയ്യാനോ ഉദ്ദേശിച്ചിരുന്ന ഉല്‍പ്പന്നങ്ങളുടെ സുരക്ഷാ വിവരങ്ങള്‍, ഡ്രഗ് ലൈസന്‍സ്, നിര്‍മ്മാണ വിവരങ്ങള്‍, ഇവയുടെ ശാസ്ത്രീയവും ക്ലിനിക്കലുമായ തെളിവുകള്‍ എന്നിവ സമര്‍പ്പിക്കാന്‍ സംഘാടകരായ ‘അപ്സര്‍ജ് ലാബ്സ്’ എന്ന സ്ഥാപനത്തോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പാര്‍ട്ടി റദ്ദാക്കിയത്. അന്വേഷണത്തെ തുടര്‍ന്ന് പരിപാടി മാറ്റിവെച്ചതായി സംഘാടകര്‍ അധികൃതരെ അറിയിക്കുകയായിരുന്നു.

ശരീരഭാരം കുറയ്ക്കല്‍, പേശികളുടെ വളര്‍ച്ച, വാര്‍ദ്ധക്യ സഹജമായ ലക്ഷണങ്ങള്‍ തടയല്‍, പ്രമേഹ പ്രതിരോധം തുടങ്ങിയ അവകാശവാദങ്ങളോടെയാണ് പെപ്റ്റൈഡ് അടങ്ങിയ ഉല്‍പ്പന്നങ്ങളും പാനീയങ്ങളും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത്.തുടര്‍ന്ന്, 1940-ലെ ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്‌ട് പ്രകാരം ഫുഡ് സേഫ്റ്റി സ്റ്റേറ്റ് ഇന്റലിജന്‍സ് വിംഗ് സംഘാടകര്‍ക്ക് നോട്ടീസ് അയക്കുകയായിരുന്നു.ഈ ഉല്‍പ്പന്നങ്ങള്‍ക്ക് ഔദ്യോഗിക അംഗീകാരമുണ്ടോയെന്നും, ഇവ ഭക്ഷണ സാമഗ്രികളോ മരുന്നുകളോ ഏത് വിഭാഗത്തിലാണ് ഉള്‍പ്പെടുന്നതെന്നും വ്യക്തമാക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു. കൃത്യമായ രേഖകള്‍ ഹാജരാക്കാന്‍ കമ്പനിക്ക് സമയം അനുവദിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ ഈ റദ്ദാക്കല്‍ മുന്നറിയിപ്പ് ശ്രദ്ധിക്കണമെന്നും ഫുഡ് സേഫ്റ്റി കമ്മീഷണര്‍ അറിയിച്ചു.