മുംബൈ: വ്യാജ യുപിഐ പേയ്മെന്റ് രസീതുകളും കൃത്രിമ രേഖകളും ഉപയോഗിച്ച് മുംബൈയിലെ രാസവസ്തു വിതരണക്കാരനില്‍ നിന്ന് 17.65 ലക്ഷം രൂപയുടെ ഉല്‍പ്പന്നങ്ങള്‍ തട്ടിയെടുത്തെന്ന കേസില്‍ രാജസ്ഥാൻ സ്വദേശികളായ രണ്ട് യുവാക്കള്‍ അറസ്റ്റില്‍.ജോധ്പൂരിന് സമീപത്തെ ഡാംഗിയാവാസ് സ്വദേശികളായ ലളിത് ബിഷ്ണോയി (26), വികാസ് ബിഷ്ണോയി (19) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ‘രാംദേവ് ഇൻഡസ്ട്രീസ്’ എന്ന വ്യാജ സ്ഥാപനത്തിന്റെ പ്രതിനിധികളെന്ന വ്യാജേനയാണ് ഇരുവരും ഇടപാട് നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. അറസ്റ്റിലായവർക്ക് കുപ്രസിദ്ധമായ ബിഷ്ണോയി സംഘവുമായി ബന്ധമില്ലെന്നും പോലീസ് വ്യക്തമാക്കി.

ജൂണ്‍ 24 മുതല്‍ ജൂലൈ 1 വരെയുള്ള കാലയളവിലാണ് ഇരുവരും ബോറിവലി ആസ്ഥാനമായുള്ള രാസവസ്തു വിതരണക്കാരനില്‍ നിന്ന് വ്യാവസായിക ആവശ്യത്തിനുള്ള രാസവസ്തുക്കള്‍ ഓർഡർ ചെയ്തത്. മരപ്പണിക്കും വുഡ് ഫിനിഷിങ്ങിനുമാണ് രാസവസ്തുക്കള്‍ ആവശ്യമെന്ന് ഇവർ വിതരണക്കാരനെ വിശ്വസിപ്പിച്ചതായാണ് പോലീസ് പറയുന്നത്. 16.03 ലക്ഷം രൂപ വിലമതിക്കുന്ന 62 ബാരല്‍ എഥൈല്‍ അസറ്റേറ്റും 1.62 ലക്ഷം രൂപ വിലവരുന്ന ഏഴ് ബാരല്‍ മിക്സഡ് സൈലീനും ഉള്‍പ്പെടെ ആകെ 17.65 ലക്ഷം രൂപയുടെ രാസവസ്തുക്കളാണ് ഇവർ കൈപ്പറ്റിയത്.എന്നാല്‍ രാസവസ്തുക്കള്‍ യഥാർഥത്തില്‍ മരപ്പണി ആവശ്യങ്ങള്ക്കായിരുന്നില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. ഇവ അനധികൃതമായി പ്രവർത്തിക്കുന്ന മയക്കുമരുന്ന് നിർമ്മാണ കേന്ദ്രങ്ങളിലേക്ക് വഴിതിരിച്ചുവിട്ടിരിക്കാമെന്നാണ് ജോധ്പൂർ പോലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തില്‍ രാസവസ്തുക്കളുടെ അന്തിമ ഉപയോഗവും അവ എവിടേക്കാണ് എത്തിച്ചതെന്നും കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.തട്ടിപ്പ് വിശ്വസനീയമാക്കുന്നതിനായി പ്രതികള്‍ വ്യാജ ആധാർ, പാൻ കാർഡുകള്‍, സ്ഥാപനത്തിന്റെ ലെറ്റർഹെഡുകള്‍, വിസിറ്റിങ് കാർഡുകള്‍ എന്നിവ ഉപയോഗിച്ചതായും പോലീസ് കണ്ടെത്തി. പേയ്മെന്റ് നടത്തിയതായി തെളിയിക്കുന്നതിനായി വ്യാജ ഫോണ്‍പേ സ്ക്രീൻഷോട്ടുകളും കൃത്രിമ യുടിആർ നമ്പറുകളും വിതരണക്കാരന് അയച്ചതായും അന്വേഷണത്തില്‍ വ്യക്തമായി. എന്നാല്‍ അക്കൗണ്ടില്‍ പണം എത്തിയിട്ടില്ലെന്ന് പിന്നീട് പരിശോധിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്.ജൂലൈ 27-ന് മറ്റൊരു ഓർഡറിന്റെ പേയ്മെന്റ് പരിശോധിക്കുന്നതിനിടെയാണ് വിതരണക്കാരനായ നിർമിത് അജ്മേരയ്ക്ക് സംശയം തോന്നിയത്. പ്രതികള്‍ നല്‍കിയതായി അവകാശപ്പെട്ട തുക തന്റെ കറന്റ് അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഓഗസ്റ്റ് 13-ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടർന്ന് മുംബൈ നോർത്ത് സോണ്‍-2 സംഘവും ജോധ്പൂർ ഈസ്റ്റ് ഡിവിഷൻ പോലീസും ചേർന്ന് അന്വേഷണം ആരംഭിച്ചു.സൈബർ വിവരങ്ങള്‍, മൊബൈല്‍ ടവർ ലൊക്കേഷൻ വിവരങ്ങള്‍, നേരിട്ടുള്ള നിരീക്ഷണം എന്നിവയുടെ സഹായത്തോടെയാണ് പ്രതികളെ കണ്ടെത്തിയത്. പ്രതികളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനായി ജില്ലാ ടാസ്ക് ഫോഴ്സിലെ രണ്ട് ഉദ്യോഗസ്ഥർ പ്രദേശവാസികളെന്ന വ്യാജേന രണ്ട് ദിവസത്തോളം നിരീക്ഷണം നടത്തിയതായും പോലീസ് അറിയിച്ചു. ഗ്രാമത്തില്‍ നിന്ന് പുറത്തേക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരെയും പിടികൂടിയത്.ഇതേ രീതിയില്‍ അഞ്ച് സംസ്ഥാനങ്ങളിലായി 39 രാസവസ്തു വിതരണ സ്ഥാപനങ്ങളെ പ്രതികള്‍ ലക്ഷ്യമിട്ടിട്ടുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരികയാണ്. തട്ടിപ്പിലൂടെ കൈപ്പറ്റിയ രാസവസ്തുക്കളുടെ ഉറവിടവും അവ എത്തിച്ചേർന്ന സ്ഥലങ്ങളും കണ്ടെത്തുന്നതിനുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.