ന്യൂഡല്‍ഹി: ട്രെയിനിലെ കിടക്കവിരികള്‍ ഷാള്‍ പോലെ ധരിച്ച് യുവാക്കള്‍. ട്രെയിനുകളില്‍നിന്ന് കിടക്കവിരി മോഷണം പോകുന്നത് വർധിക്കുന്നുവെന്ന റിപ്പോർട്ടുകള്‍ക്കിടെയാണ് മൂന്ന് പുരുഷന്മാർ കിടക്കവിരി ഷാള്‍പോലെ അണിഞ്ഞ് റോഡരികിലെ ഒരു കടയില്‍ നില്ക്കുന്ന ദൃശ്യങ്ങള്‍ വൈറലായത്.വെസ്റ്റേണ്‍ റെയില്‍വേയുടെ മുദ്രയുള്ള കിടക്കവിരികളാണ് മൂന്നുപേരും ധരിച്ചിരുന്നത്. അതിനാല്‍, വെസ്റ്റേണ്‍ റെയില്‍വേ ഓപ്പറേറ്റ് ചെയ്യുന്ന ട്രെയിനില്നിന്നാകും ഇത് എടുത്തതെന്ന് കരുതുന്നു. അതേസമയം, പ്രചരിക്കുന്ന വീഡിയോയിലുള്ളവർ ആരാണെന്നോ എവിടെവെച്ചാണ് ഈ വീഡിയോ ചിത്രീകരിച്ചതെന്നോ ഇതുവരെ വ്യക്തമല്ലെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട്ചെയ്തു.

ട്രെയിനുകളിലെ എസി കോച്ചുകളില്‍ യാത്രക്കാർക്ക് നല്കുന്ന കിടക്കവിരികളും മറ്റും യാത്രക്കാർ മോഷ്ടിച്ചകൊണ്ടുപോകുന്ന സംഭവങ്ങള്‍ നേരത്തേയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഓരോ രാത്രിയും രാജ്യത്തെ വിവിധ ട്രെയിനുകളിലായി ഏകദേശം എട്ട് ലക്ഷം യാത്രക്കാർക്കാണ് റെയില്‍വേ കിടക്കവിരി നല്‍കുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും യാത്രയ്ക്ക് ശേഷം ഇത് തിരികെ ഏല്‍പ്പിക്കും. എന്നാല്‍ ആയിരത്തില്‍ ഒരു യാത്രക്കാരൻ കിടക്കവിരി കൈക്കലാക്കി കടന്നുകളയുന്നതായാണ് റിപ്പോർട്ട്. 2022 ജനുവരി മുതല്‍ 2026 മേയ് വരെയുള്ള കാലയളവില്‍ ഇന്ത്യൻ റെയില്‍വേയില്‍നിന്ന് ബെഡ്റോളിലെ 1.27 കോടി സാധനങ്ങള്‍ മോഷണംപോയെന്നാണ് വിവരാവകാശപ്രകാരം നേരത്തേ ലഭിച്ച മറുപടി. ഇതില്‍ 41.13 ലക്ഷം കിടക്കവിരികളും 46.54 ലക്ഷം ഫെയ്സ് ടവലുകളഉം 23.59 ലക്ഷം തലയണകവറുകളും 12.95 ലക്ഷം ബ്ലാങ്കറ്റുകളും 2.76 ലക്ഷം തലയണകളും ഉള്‍പ്പെടുന്നു. ഇതിലൂടെ മാത്രം ഇക്കാലയളവില്‍ 104.51 കോടി രൂപയുടെ നഷ്ടമാണുണ്ടായതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.