മൈസൂരു: ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയായ എൻഎച്ച് 275ന്റെ റിംഗ് റോഡ് ജംഗ്ഷനിലെ അധിക നിർമ്മാണ പ്രവർത്തനങ്ങള്‍ക്കായി മരങ്ങള്‍ മുറിച്ചുനീക്കുന്ന നടപടി ആരംഭിച്ചു.63.67 കോടി രൂപ ചെലവില്‍ ദേശീയപാത അതോറിറ്റിയാണ് അധിക നിർമ്മാണ പ്രവർത്തനങ്ങള്‍ നടത്തുന്നത്. ഓരോ ദിവസവും ഒന്നിലധികം മരങ്ങള്‍ മുറിച്ചുനീക്കുന്നുണ്ട്.ഇതോടൊപ്പം ബന്നിമന്റപിലെ പാർക്കുകളിലേക്ക് ചില മരങ്ങള്‍ മാറ്റി നട്ടുപിടിപ്പിക്കുന്ന ജോലികള്‍ക്കും തുടക്കമായി. റിംഗ് റോഡ് ജംഗ്ഷനിലെ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായാണ് ഈ അധിക നിർമ്മാണ പ്രവർത്തനങ്ങള്‍ നടത്തുന്നത്.

ആകെ 350 മരങ്ങള്‍ മുറിച്ചുനീക്കുന്നതിനായി എൻഎച്ച്എഐ വനംവകുപ്പിന്റെ അനുമതി തേടിയിരുന്നു.22 ഇനങ്ങളില്‍പ്പെട്ട മരങ്ങളാണ് ഇതില്‍ ഉള്‍പ്പെട്ടിരുന്നത്. ഇതില്‍ 278 മരങ്ങള്‍ മാറ്റി നട്ടുപിടിപ്പിക്കാനും ഏഴ് മരങ്ങള്‍ സംരക്ഷിക്കാനും 65 മരങ്ങള്‍ മുറിച്ചുനീക്കാനുമാണ് മൈസൂരു ടെറിട്ടോറിയല്‍ ഡിവിഷൻ ഡെപ്യൂട്ടി കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ് കെ പരമേഷ് അനുമതി നല്‍കിയത്. നിർമ്മാണ പ്രവർത്തനങ്ങള്‍ക്ക് ആവശ്യമായ സ്ഥലത്ത് വരുന്ന മരങ്ങളാണ് ഇതിന്റെ ഭാഗമായി നീക്കം ചെയ്യുന്നത്.മൈസൂരു ഭാഗത്ത് നിന്ന് എൻഎച്ച് 275ല്‍ ഫ്ലൈഓവറും നാല് വരി റാംപുകളും നിർമ്മിക്കുന്നതാണ് പദ്ധതിയിലെ പ്രധാന ഭാഗം. 1008 മീറ്ററാണ് ഈ പദ്ധതിയുടെ നീളം. ഇതിന് പുറമെ മൈസൂരു റിംഗ് റോഡിന് കീഴിലൂടെ 750 മീറ്റർ നീളമുള്ള അണ്ടർപാസും നിർമിക്കും.
ഈ നിർമ്മാണ പ്രവർത്തനങ്ങള്‍ക്കായി ഫൗണ്ടൻ സർക്കിള്‍ റോഡില്‍ 19 മരങ്ങളും ബന്നിമന്റപം റോഡിലെ പാർക്കില്‍ 256 മരങ്ങളും ഹുൻസൂർ റോഡിലെ മീഡിയനില്‍ 52 മരങ്ങളും നഞ്ചൻഗുഡ് റോഡിലെ മീഡിയനില്‍ 20 മരങ്ങളും നീക്കം ചെയ്യേണ്ടതായി വന്നിട്ടുണ്ട്.നേരത്തെ പദ്ധതിയുടെ വിശദാംശങ്ങള്‍ പരിശോധിച്ച വിദഗ്ധർ വനംവകുപ്പ്, എൻഎച്ച്എഐ ഉദ്യോഗസ്ഥർക്കൊപ്പം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പാർക്കുകളിലെ കുറഞ്ഞത് 20 മരങ്ങളെങ്കിലും സംരക്ഷിക്കാൻ കഴിയുന്ന തരത്തില്‍ പദ്ധതിയുടെ രൂപകല്‍പ്പനയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താമെന്നും അവർ നിർദ്ദേശിച്ചിരുന്നു.എന്നാല്‍ ആവശ്യമായ എല്ലാ അനുമതികളും ഇതിനകം ലഭിച്ചുകഴിഞ്ഞതിനാല്‍ ഈ ഘട്ടത്തില്‍ പദ്ധതിയുടെ രൂപകല്‍പ്പനയില്‍ മാറ്റം വരുത്താൻ കഴിയില്ലെന്നാണ് എൻഎച്ച്എഐ ഉദ്യോഗസ്ഥർ അറിയിച്ചത്.
ഇതിനെ തുടർന്ന് മൈസൂരു ടെറിട്ടോറിയല്‍ ഡിവിഷൻ ഡെപ്യൂട്ടി കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ് മരങ്ങള്‍ മാറ്റിനടുന്നതിനും മുറിച്ചുനീക്കുന്നതിനുമുള്ള അനുമതി നല്‍കുകയായിരുന്നു.മരങ്ങള്‍ പരമാവധി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകരും ഹരിതപ്രവർത്തകരും എൻഎച്ച്എഐ ഉദ്യോഗസ്ഥരുമായി നിരന്തരം ചർച്ച നടത്തിയിരുന്നു. മരങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നിർദേശങ്ങള്‍ പരിഗണിക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ തന്നെ പദ്ധതിയുടെ ഭാഗമായി മരങ്ങള്‍ മുറിച്ചുനീക്കുന്ന ജോലികള്‍ ആരംഭിച്ചിരിക്കുകയാണ്.