ഉഡുപ്പി: ദക്ഷിണ റെയില്‍വേയുടെ പാലക്കാട് ഡിവിഷന് കീഴിലുള്ള മംഗളൂരു റെയില്‍വേ മേഖലയെ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം പുനഃപരിശോധിക്കില്ലെന്ന് ഉഡുപ്പി-ചിക്കമഗളൂരു എം.പി കോട്ട ശ്രീനിവാസ് പൂജാരി വ്യക്തമാക്കി.കേരള സർക്കാരില്‍ നിന്നും രാഷ്ട്രീയ നേതാക്കളില്‍ നിന്നും ഉയരുന്ന എതിർപ്പുകള്‍ക്കും സമ്മർദ്ദങ്ങള്‍ക്കും മുന്നില്‍ റെയില്‍വേ മന്ത്രാലയം വഴങ്ങില്ലെന്ന് റെയില്‍വേ സഹമന്ത്രി വി. സോമണ്ണ ഫോണിലൂടെ ഉറപ്പുനല്‍കിയതായി അദ്ദേഹം പറഞ്ഞു.ഓഗസ്റ്റ് 21-നാണ് മംഗളൂരു മേഖലയെ മൈസൂരു ഡിവിഷന്റെ ഭാഗമാക്കിക്കൊണ്ടുള്ള നിർണ്ണായക ഉത്തരവ് പുറത്തുവന്നത്. തീരുമാനം മാറ്റുമെന്ന തരത്തിലുള്ള ആശങ്കകള്‍ കർണാടകത്തിലെ ജനങ്ങള്‍ക്ക് വേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മംഗളൂരുവിനെ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുമായി സംയോജിപ്പിക്കുന്നത് തീരദേശ കർണാടകത്തിന് മാത്രമല്ല, സംസ്ഥാനത്തെ ചരക്ക്-യാത്രാ ട്രെയിൻ ഗതാഗതത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കാനും കൂടുതല്‍ വരുമാനം കൊണ്ടുവരാനും സഹായിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ചരിത്രപരമായ ഈ തീരുമാനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനും വി. സോമണ്ണയ്ക്കും ശ്രീനിവാസ് പൂജാരി നന്ദി അറിയിച്ചു.പ്രാദേശിക ജനപ്രതിനിധികളുടെ ദീർഘകാലമായുള്ള ശ്രമങ്ങളുടെ ഫലമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. കൊങ്കണ്‍ റെയില്‍വേ കോർപ്പറേഷൻ ലിമിറ്റഡിനെ (KRCL) ഇന്ത്യൻ റെയില്‍വേയില്‍ ലയിപ്പിക്കാനും ട്രാക്കുകളുടെ ഇരട്ടിപ്പിക്കല്‍ വേഗത്തിലാക്കാനും തുടർന്നുള്ള ശ്രമങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ, ദക്ഷിണ കന്നഡ എം.പി ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട ബെംഗളൂരുവില്‍ വെച്ച് കേന്ദ്രമന്ത്രി വി. സോമണ്ണയെ നേരില്‍ കണ്ട് ജനങ്ങളുടെ നന്ദി അറിയിച്ചു.