ബെംഗളൂരു: പീഡനക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നതിനിടെ മുൻ ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണയുടെ ജയില്‍ മുറിയില്‍ നിന്ന് പിടിച്ചെടുത്ത ഫോണില്‍ ഡസൻ കണക്കിന് അശ്ലീല വീഡിയോകളെന്ന് ഫോറൻസിക് റിപ്പോർട്ട്.ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെ ജയിലില്‍ കഴിയുന്ന രേവണ്ണയുടെ പക്കല്‍ നിന്ന് കഴിഞ്ഞ മാസമാണ് ക്രൈം ബ്രാഞ്ച് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തത്. ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രല്‍ പ്രിസണിലാണ് ഇയാളെ പാർപ്പിച്ചിരിക്കുന്നത്.ആഗസ്റ്റ് 11ന് ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയില്‍ രേവണ്ണയില്‍ നിന്ന് ഫോണിനൊപ്പം ചാർജറും ഒരു പെൻഡ്രൈവും നോട്ട്ബുക്കും പിടിച്ചെടുത്തിരുന്നു.

ഈ ഫോണും പെൻഡ്രൈവും ഉടൻ തന്നെ പരിശോധനാസംഘം ഫോറൻസിക് ലാബിലേക്ക് അയച്ചിരുന്നു. ഇതിന്റെ ഫലമാണ് ഇന്ന് പുറത്തുവന്നത്. പിടിച്ചെടുത്ത ഫോണില്‍ ഡസൻ കണക്കിന് അശ്ലീല വീഡിയോകളും, പെൻഡ്രൈവില്‍ വെബ് സീരീസുകളുമായിരുന്നെന്നാണ് റിപ്പോർട്ട്.വിഐപി തടവുകാർക്ക് പ്രത്യേകം സംവിധാനങ്ങളൊരുക്കിയതിന്റെ പേരില്‍ നേരത്തേയും ബെംഗളൂരു സെൻട്രല്‍ ജയിലില്‍ വിവാദങ്ങളുണ്ടായിരുന്നു. മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവ ഗൗഡയും കേന്ദ്ര മന്ത്രിയായ എച്ച്.ഡി കുമാരസ്വാമിയുടെ അനന്തരവനുമാണ് പ്രജ്വല്‍ രേവണ്ണ. ഫോണ്‍ എങ്ങനെ ലഭിച്ചു, ഡൗണ്‍ലോഡ് ചെയ്ത തീയതി, നിലവിലുള്ള മറ്റ് കേസുകളുമായുള്ള ബന്ധം എന്നിവ അടക്കം വ്യക്തമാകുന്നതിനായി വിദഗ്ധ ഫോറൻസിക് പരിശോധനയുടെ ഫലം ഉടൻ പുറത്തുവന്നേക്കും.
ജയിലിനുള്ളില്‍ നിരോധിത വസ്തുക്കള്‍ കൈവശം വെച്ചതിന് പ്രജ്വല്‍ രേവണ്ണയ്ക്കും ഒപ്പമുണ്ടായിരുന്ന പ്രതാപ് റായ് എന്ന തടവുകാരനുമെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.ഹാസൻ ജില്ലയില്‍ രജിസ്റ്റർ ചെയ്ത ആദ്യ ബലാത്സംഗ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രജ്വല്‍ രേവണ്ണ, തന്റെ ശിക്ഷ റദ്ദാക്കണമെന്നും ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നല്കിയ ഹർജി കർണാടക ഹൈക്കോടതി തള്ളിയിരുന്നു. കുറ്റകൃത്യത്തിന്റെ ഗൗരവവും മറ്റ് ലൈംഗികാതിക്രമ കേസുകളുടെ വിചാരണ ബാക്കിയുള്ളതും കണക്കിലെടുത്താണ് കോടതി ജാമ്യം നിഷേധിച്ചത്. ഇതിന് തൊട്ടുപിന്നാലെയാണ് ജയിലിനുള്ളിലെ പുതിയ വിവാദം പുറത്തുവന്നിരിക്കുന്നത്.