ബെംഗളൂരു: യെദിയൂരപ്പ് മന്ത്രിസഭയുടെ വിപുലീകരണത്തോടനുബന്ധിച്ച് തന്റെ വകുപ്പുകളിൽ നിന്നും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് എടുത്ത് മാറ്റിയതിൽ പ്രതിഷേധമറിയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി ഡോ. കെ സുധാകർ. സംസ്ഥാനത്ത് മികച്ച രീതിയിൽ നടക്കുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇത് തടസമാകുമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിരോധ കുത്തിപ്പടക്കമുള്ള കാര്യങ്ങളുടെ ചുമതല ആരാണ് നിർവഹിക്കേണ്ടതെന്ന കാര്യത്തിൽ അവ്യക്ത ഉടലെടുക്കുമെന്നും മന്ത്രി പറഞ്ഞു. കുത്തിവെപ്പുകൾ നടത്തുന്ന മെഡിക്കൽ കോളേജുകൾ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലും മറ്റ് ആശുപത്രികൾ ആരോഗ്യവകുപ്പിന് കീഴിലുമാണ് ഉള്ളത്.
മന്ത്രിസഭാ വികസനത്തിന്റെ പേരിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ മന്ത്രിമാർക്ക് വകുപ്പുകൾ വിഭജിച്ച് നൽകിയത്. മന്ത്രി ജെ സി മധു സ്വാമിക്കാണ് പുതുതായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുകൾ നൽകിയത്. നേരത്തെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡോ. സുധാകറിനും ആരോഗ്യ വകുപ് ശ്രീരാമുലുവിനുമായിരുന്നു. കോവിഡ് പ്രവർത്തനങ്ങളുടെ ചുമതലകളിൽ ശ്രീരാമുലുവിന് വീഴ്ച വന്നതിനെ തുടർന്ന് ആരോഗ്യ വകുപ്പ് കൂടി സുധാകറിനെ മുഖ്യമന്ത്രി ഏൽപ്പിക്കുകയായിരുന്നു.