കൊച്ചി ലുലുമാളില്‍ ഇന്‍ഡ്യന്‍ പതാകയെ അപമാനിച്ചുവെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ചെന്ന പരാതിയില്‍ ബി ജെ പി പ്രവര്‍ത്തകയ്‌ക്കെതിരെ നടപടി. ശകുന്തള നടരാജനെതിരെ കര്‍ണാടക പൊലീസ് കേസെടുത്തു. ചോദ്യം ചെയ്യുന്നതിനായി ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് ഇവര്‍ക്ക് നോടീസ് അയച്ചിട്ടുണ്ട്.
പോസ്റ്റിലൂടെ ജനങ്ങളെ പ്രകോപിപ്പിക്കാനുള്ള ശ്രമമാണ് നടന്നത്. ചിത്രം പ്രശ്നമുണ്ടാക്കാന്‍ മനഃപൂര്‍വം എടുത്തതാണെന്നും എഡിറ്റ് ചെയ്തതാണെന്നും പൊലീസ് സൂചിപ്പിച്ചു. ബി ജെ പി പ്രവര്‍ത്തക പങ്കുവെച്ച പോസ്റ്റ് വ്യാജവുമാണെന്ന് വസ്തുത പരിശോധന വിഭാഗം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശകുന്തളയ്‌ക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തത്.
മറ്റൊരു രാജ്യത്തെ പതാകയേക്കാള്‍ ഉയര്‍ത്തിക്കെട്ടേണ്ടത് ഇന്‍ഡ്യന്‍ പതാകയാണെന്ന് മനസിലാക്കാനുള്ള സാമാന്യ ബുദ്ധിപോലുമില്ലാതായല്ലോയെന്ന് പറഞ്ഞ് ‘ലുലു മാള്‍ ബഹിഷ്‌കരിക്കുക’ എന്ന ഹാഷ് ടാഗോടെയാണ് ശകുന്തള ചിത്രം പ്രചരിപ്പിച്ചത്. പോസ്റ്റില്‍ അവര്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെ ടാഗ് ചെയ്യുകയും ചെയ്തിരുന്നു.
ലോകകപ് ക്രികറ്റിനോടനുബന്ധിച്ച് ലുലു മാളില്‍ വിവിധ രാജ്യങ്ങളുടെ പതാകകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഒരേ ഉയരത്തിലാണ് പതാകകള്‍ കെട്ടിയിരുന്നത്. എന്നാല്‍ ഒരു പ്രത്യേക ആംഗിളില്‍ ഒരു സൈഡില്‍നിന്നും ഇതിന്റെ ചിത്രം എടുക്കുമ്പോള്‍ ഇന്‍ഡ്യന്‍ പതാക, പാകിസ്താന്റെ പതാകയേക്കാള്‍ താഴ്ന്നതായി തോന്നും. ഇതാണ് ബി ജെ പി വിവാദമാക്കാന്‍ കരുവാക്കിയത്.