മൈസൂരു : വിശ്വാസവുംകലയുംസമ്മേളിക്കുന്ന മൈസൂരു ദസറയ്ക്ക് ഞായറാഴ്ചതുടക്കമാകും. പത്തുദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് ചരിത്രനഗരമായ മൈസൂരുവിൽ ഒരുക്കങ്ങൾ പൂർത്തിയായി. രാവിലെ 10.15-ന് ചാമുണ്ഡിമലയിൽ നടക്കുന്ന ചടങ്ങിൽ സംഗീതസംവിധായകൻ ഹംസലേഖ ദസറ ഉദ്ഘാടനം ചെയ്യും. ഗവർണർ താവർചന്ദ് ഗൊത് മുഖ്യമന്ത്രി സിദ്ധരാമയ്യ, മന്ത്രിമാർ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.തിങ്കളാഴ്ച മുതൽ നഗരത്തിലെ വിവിധവേദികളിലായി സാംസ്കാരിക പരിപാടികൾ അരങ്ങേറും. ആഘോഷങ്ങൾക്ക് മുന്നോടിയായിമൈസൂരുകൊട്ടാരവും നഗരവും ശനിയാഴ്ചയോടെ ദീപാലങ്കാരങ്ങളാൽ പ്രകാശപൂരിതമായി.
ദസറയുടെ പാരമ്പര്യ ചടങ്ങുകൾക്കായി അംബാ വിലാസ് കൊട്ടാരത്തിലെ സുവർണ സിംഹാസനവും തയ്യാറായി. വിജയദശമി ദിനത്തിലാണ് ഒട്ടേറെ ആനകൾ അണിനിരക്കുന്ന ജംബുസവാരി നടക്കുക. ദസറയോടനുബന്ധിച്ച് പ്രത്യേക പുഷ്പമേളയും നടക്കും.ആഘോഷങ്ങൾ കാണാനും പങ്കെടുക്കാനുമായി രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്നായി ആയിരക്കണക്കിന് വിനോദസഞ്ചാരികൾ വരുംദിവസങ്ങളിൽ നഗരത്തിലെത്തുമെന്നാണ് പ്രതീക്ഷ.ആഘോഷത്തിന് ആവേശംപകരാൻ ഇത്തവണ വ്യോമ പ്രദർശനവും ഒരുക്കിയിട്ടുണ്ട്.
23-ന് വൈകീട്ട് നാലുമുതൽ അഞ്ചുവരെ ബിന്നി മണ്ഡപ പരേഡ് മൈതാനത്താണ് വ്യോമപ്രദർശനം നടക്കുക. ഏതാനും വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇത്തവണ പ്രദർശനം സംഘടിപ്പിക്കുന്നത്.16 മുതൽ 22 വരെ പ്രത്യേകചലച്ചിത്രമേളയും നടക്കും. വിവിധ വിഭാഗങ്ങളിലായി 112 സിനിമകളാണ് പ്രദർശിപ്പിക്കുക. യുവാക്കളുടെ കലാ കായിക മത്സരങ്ങൾ ഉൾപ്പെടുത്തിയുള്ള യുവദസറയും സംഘടിപ്പിക്കും. 18 മുതൽ 21 വരെയാണ് യുവദസറ.സംസ്ഥാനത്ത് വരൾച്ച പിടിമുറുക്കിയതിനാൽ ഇത്തവണ ചെലവുകുറച്ചുള്ള ആഘോഷമാണ് സംഘടിപ്പിക്കുകയെന്ന് സർക്കാർ നേരത്തേ വ്യക്തമാക്കിയിരുന്നു.
ടൂർ പാക്കേജൊരുക്കി കർണാടക ആർ.ടി.സി.:ബെംഗളൂരു : മൈസൂരു ദസറയോടനുബന്ധിച്ച് സഞ്ചാരികൾക്കായി ടൂർ പാക്കേജ് സൗകര്യമൊരുക്കി കർണാടക ആർ.ടി.സി. രാവിലെ മൈസൂരുവിൽനിന്ന് ആരംഭിച്ച് വൈകിട്ട് മൈസൂരുവിൽ തിരിച്ചെത്തുന്ന വിധത്തിലാണ് പാക്കേജുകൾ.20 മുതൽ 26 വരെയാകും സർവീസുകളുണ്ടാവുക. കർണാടക സാരിഗെ ബസ്, രാജഹംസ ബസ്, വോൾവൊ ബസ്, വോൾവൊ മൾട്ടി ആക്സിൽ ബസ് എന്നിവയാണ് ടൂർ പാക്കേജിനായി ഉപയോഗിക്കുന്നത്.കർണാടക ആർ.ടി.സി.യുടെ വെബ്സൈറ്റ് വഴിയും ടിക്കറ്റ് ബുക്കിങ് കൗണ്ടറുകളിലൂടെയും സീറ്റ് ബുക്ക് ചെയ്യാം.