ബെംഗളൂരു: അധ്യാപകരുടെ നിരന്തരമായ മാനസിക പീഡനത്തിലും പരസ്യമായ അപമാനത്തിലും മനംനൊന്ത് ബിഹാർ സ്വദേശിയായ 23-കാരൻ ബെംഗളൂരുവില്‍ ജീവനൊടുക്കി.ബാങ്കിങ് പരീക്ഷാ പരിശീലനത്തിനായി മണിപ്പാല്‍ അക്കാദമിയില്‍ ചേർന്ന് പഠിക്കുകയായിരുന്ന ചുന്നു കുമാറാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഏതാനും പരീക്ഷകളില്‍ പരാജയപ്പെട്ടതിനെ തുടർന്ന് ക്ലാസ് മുറികളില്‍ വെച്ച് അധ്യാപകർ ചുന്നുവിനെ പരസ്യമായി അപമാനിക്കുകയും അമിതമായ പ്രൊജക്റ്റ് ജോലികള്‍ നല്‍കി മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി സഹപാഠികള്‍ പോലീസിനെ അറിയിച്ചു.മെയ് 18-ന് പരീക്ഷ എഴുതിക്കൊണ്ടിരിക്കെ പകുതിക്കുവെച്ച് ഇറങ്ങിപ്പോയ ചുന്നുവിനെ പിന്നീട് ഹോസ്റ്റല്‍ മുറിയില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ അക്കാദമി അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ചുന്നുവിന്റെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. മരണവിവരം പോലീസിനെ അറിയിക്കുന്നതിന് മുൻപ് തന്നെ അക്കാദമി മാനേജ്‌മെന്റ് മൃതദേഹം മുറിയില്‍ നിന്നും മാറ്റിയെന്നും, സംഭവത്തെക്കുറിച്ച് പുറത്തുപറയാതിരിക്കാൻ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുന്നതായും പരാതിയിലുണ്ട്. ആത്മഹത്യാ പ്രേരണ, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍, മാനസിക പീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി അക്കാദമിയിലെ വകുപ്പ് മേധാവി ചന്ദ്രശേഖർ കനാഹിയ, അധ്യാപിക സുനിതാശ്രീ ജഗ്താപ് ഉള്‍പ്പെടെയുള്ളവർക്കെതിരെ കർണാടക പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.