ബെംഗളൂരു: കർണാടകത്തിൽ സ്കൂൾ, കോളേജ്വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമേകി മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യ ബസ് പാസ് അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് ഈ ചരിത്ര തീരുമാനം കൈക്കൊണ്ടത്. ലിംഗഭേദമന്യേ എല്ലാ വിദ്യാർത്ഥികൾക്കും ഇതിൻ്റെ പ്രയോജനം ലഭിക്കും.നേരത്തെ സൗജന്യ ബസ് യാത്ര പെൺകുട്ടികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. പെൺകുട്ടികൾക്ക് മാത്രം എന്തുകൊണ്ട് സൗജന്യ യാത്ര എന്ന ചോദ്യം വിദ്യാർത്ഥികളിൽ നിന്ന് ഉയർന്ന പശ്ചാത്തലത്തിലാണ് പദ്ധതി മുഴുവൻ വിദ്യാർത്ഥികൾക്കുമായി വ്യാപിപ്പിക്കാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇത് യുവാക്കളുടെ കാലഘട്ടമാണെന്നും അവരുടെ കാഴ്ചപ്പാടുകളെ മാനിച്ചാണ് ഇത്തരമൊരു തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതി നടപ്പിലാക്കുന്നതിനായി വിദ്യാർത്ഥികൾ പ്രത്യേകമായി അപേക്ഷിക്കേണ്ടതുണ്ട്.
ഇതിന്റെ പ്രായോഗിക വശങ്ങളെക്കുറിച്ച് ഗതാഗത വകുപ്പുമായി ഉടൻ ചർച്ച നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.സംസ്ഥാനത്തെ ഉദ്യോഗാർത്ഥികൾക്കായി മറ്റൊരു നിർണ്ണായക പ്രഖ്യാപനവും മുഖ്യമന്ത്രി നടത്തി. തൊഴിൽ അന്വേഷിക്കുന്നവർ സർക്കാരിൽ രജിസ്റ്റർ ചെയ്യണമെന്നും പ്രമുഖ കമ്പനികളുമായി ചർച്ച നടത്തി അവർക്ക് ജോലി ലഭ്യമാക്കാനുള്ള ക്രമീകരണങ്ങൾ സർക്കാർ ചെയ്യുമെന്നും അദ്ദേഹം ഉറപ്പുനൽകി. ജനങ്ങൾ തന്നിൽ വലിയ വിശ്വാസമാണ് അർപ്പിച്ചിരിക്കുന്നതെന്നും രാഷ്ട്രീയ അനുഭവസമ്പത്തിൻ്റെ പശ്ചാത്തലത്തിൽ ജനക്ഷേമത്തിനായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.ബെംഗളൂരുവിലെ ലോക്ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് കർണാടകത്തിന്റെ 24-ാമത് മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ശിവകുമാറിനൊപ്പം 13 മന്ത്രിമാരും ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. യുവാക്കൾക്കും വിദ്യാർത്ഥികൾക്കും വലിയ മുൻഗണന നൽകുന്ന സൂചനകളാണ് ആദ്യ മന്ത്രിസഭാ യോഗ തീരുമാനത്തിലൂടെ പുതിയ സർക്കാർ നൽകുന്നത്.