Home തിരഞ്ഞെടുത്ത വാർത്തകൾ യുവാവിനെ പിടിച്ചിരുത്തി ചുണ്ടിൽ ലിപ്സ്റ്റിക് തേച്ച് യുവതി; അമ്പരന്ന് യാത്രക്കാർ, കാര്യമറിഞ്ഞപ്പോൾ കൈയ്യടി

യുവാവിനെ പിടിച്ചിരുത്തി ചുണ്ടിൽ ലിപ്സ്റ്റിക് തേച്ച് യുവതി; അമ്പരന്ന് യാത്രക്കാർ, കാര്യമറിഞ്ഞപ്പോൾ കൈയ്യടി

by ടാർസ്യുസ്

മുംബൈ: ട്രെയിൻ യാത്രയ്ക്കിടെ സഹയാത്രികയോട് അതിക്രമം കാണിച്ച യുവാവിനെ വ്യത്യസ്തമായ രീതിയില്‍ ‘കൈകാര്യം ചെയ്ത് ‘ യുവതികളുടെ സംഘം.മഹാരാഷ്ട്രയില്‍ ട്രെയിനിനുള്ളില്‍ വെച്ച്‌ യുവതിയെ ഉപദ്രവിച്ച പ്രതിയുടെ മുഖത്ത് ലിപ്സ്റ്റിക് പുരട്ടിയും കൈകളില്‍ വളകള്‍ അണിയിച്ചുമട്ടാണ് യാത്രക്കാരായ സ്ത്രീകള്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ നിലവില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.മഹാരാഷ്ട്രയിലെ ബദ്നേരയ്ക്കും അകോളയ്ക്കും ഇടയില്‍ സർവീസ് നടത്തുന്ന ട്രെയിനിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. യാത്രയ്ക്കിടെ യുവാവ് സഹയാത്രികയായ യുവതിയോട് മോശമായി പെരുമാറുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതോടെ അതിക്രമത്തിന് ഇരയായ യുവതിയും ട്രെയിനിലുണ്ടായിരുന്ന മറ്റ് സ്ത്രീകളും ചേർന്ന് ഇയാളെ ചോദ്യം ചെയ്തു.തുടർന്ന് ഒത്തുകൂടിയ യുവതികള്‍ പ്രതിയെ സീറ്റില്‍ ബലമായി പിടിച്ചിരുത്തുകയും, തങ്ങളുടെ കൈവശമുണ്ടായിരുന്ന ലിപ്സ്റ്റിക് എടുത്ത് ഇയാളുടെ ചുണ്ടിലും മുഖത്തും തേക്കുകയുമായിരുന്നു.

ഇതിനുപുറമെ ഇയാളുടെ കൈകളില്‍ വളകള്‍ അണിയിക്കുകയും ചെയ്തു. സ്ത്രീകളെ ഉപദ്രവിക്കുന്ന പുരുഷന്മാർക്കെതിരെയുള്ള പ്രതീകാത്മകമായ പ്രതികരണമായാണ് യുവതികള്‍ ഈ വേറിട്ട പ്രതിഷേധം നടത്തിയത്.സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇന്റർനെറ്റില്‍ വൈറലായതോടെ വലിയ രീതിയിലുള്ള ചർച്ചകള്‍ക്കാണ് ഇത് വഴിതുറന്നിരിക്കുന്നത്. സ്ത്രീകളോട് അതിക്രമം കാണിക്കുന്ന പൂവാലന്മാർക്കും സാമൂഹികവിരുദ്ധർക്കും നല്‍കാൻ പറ്റിയ മികച്ച മാതൃകാപരമായ ശിക്ഷയാണിതെന്നാണ് ഒരു വിഭാഗം ആളുകള്‍ അഭിപ്രായപ്പെടുന്നത്.അതേസമയം, നിയമം കൈയിലെടുക്കുന്നതിന് പകരം ഇത്തരം അതിക്രമങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ റെയില്‍വേയുടെ ഔദ്യോഗിക ഹെല്‍പ്പ് ലൈൻ നമ്പറുകളിലോ പോലീസിലോ ഉടനടി വിവരം അറിയിച്ച്‌ നിയമപരമായ സഹായം തേടുകയാണ് ചെയ്യേണ്ടതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group