കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുള്ള ഡ്രോണ്‍ ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.വിമാനത്താവളത്തിലെ ഒന്നാം ടെർമിനലില്‍ (Terminal 1) ഇറാൻ വിക്ഷേപിച്ച ‘ഷഹീദ്-136’ കാമികാസി (ആത്മഹത്യാ) ഡ്രോണ്‍ പതിച്ചുണ്ടായ സ്ഫോടനത്തില്‍ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെടുകയും മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 63 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മധ്യപ്രദേശ് സ്വദേശിയായ മൻസൂർ അബ്ദുല്‍ റഹ്മാൻ (55) ആണ് കൊല്ലപ്പെട്ടത്. വിമാനത്താവളത്തിനുള്ളിലെ കടകളില്‍ ജോലി ചെയ്യുന്ന ഒരു യുവതിയും രണ്ട് യുവാക്കളുമാണ് പരിക്കേറ്റ മലയാളി ജീവനക്കാർ.ആക്രമണത്തെ തുടർന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണമായി തടസ്സപ്പെടുകയും വ്യോമപാത താല്‍ക്കാലികമായി അടയ്ക്കുകയും ചെയ്തിട്ടുണ്ട്.
കൊച്ചിയും കോഴിക്കോടും ഉള്‍പ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളില്‍ നിന്നുള്ള ഇൻഡിഗോ ഉള്‍പ്പെടെയുള്ള വിമാന സർവീസുകള്‍ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്. വിമാനത്താവളത്തിന് പുറമെ കുവൈത്തിലെ വിവിധ നയതന്ത്ര മിഷൻ ഓഫീസുകള്‍ക്ക് നേരെയും ആക്രമണമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; നിഷേധിച്ച് ഇറാൻകിഴക്ക് ദിശയില്‍ നിന്ന് താഴ്ന്നുപറന്നു വന്ന ഡ്രോണ്‍ ഒന്നാം ടെർമിനലിലേക്ക് ഇടിച്ചിറങ്ങുന്നതിന്റെയും തുടർന്നുണ്ടാകുന്ന ശക്തമായ സ്ഫോടനത്തിന്റെയും സിസിടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തകർന്ന അവശിഷ്ടങ്ങളില്‍ നിന്ന് ഇറാന്റെ ഷഹീദ് ഡ്രോണുകളില്‍ ഉപയോഗിക്കുന്ന MD550 എൻജിൻ കണ്ടെടുത്തതായി പ്രതിരോധ വിദഗ്ദ്ധർ സ്ഥിരീകരിച്ചു.എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) നിഷേധിച്ചു. തങ്ങള്‍ വിമാനത്താവളം ലക്ഷ്യമിട്ടിട്ടില്ലെന്നും, തങ്ങളുടെ മിസൈലുകളെ പ്രതിരോധിക്കാൻ യുഎസ് സൈന്യം പ്രയോഗിച്ച പേട്രിയറ്റ് വ്യോമപ്രതിരോധ മിസൈലിന് സംഭവിച്ച തകരാറാണ് ടെർമിനലില്‍ പതിക്കാൻ കാരണമായതെന്നുമാണ് ഇറാന്റെ വാദം.
യുഎസ് – ഇറാൻ പോര് കടുക്കുന്നുഖേഷ്മ് ദ്വീപിലെ കമ്മ്യൂണിക്കേഷൻ ടവർ ഉള്‍പ്പെടെയുള്ള തങ്ങളുടെ താവളങ്ങള്‍ക്ക് നേരെ യുഎസ് നടത്തിയ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയായാണ് കുവൈത്തിനും ബഹ്റൈനും നേരെ ആക്രമണം നടത്തിയതെന്നാണ് ടെഹ്റാൻ വ്യക്തമാക്കുന്നത്. മേഖലയിലെ യുഎസ് സൈനിക താവളങ്ങളെയാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്നും ഇറാൻ അവകാശപ്പെട്ടു. ഭൂരിഭാഗം ഭീഷണികളും തങ്ങള്‍ പ്രതിരോധിച്ചതായി യുഎസ് സെൻട്രല്‍ കമാൻഡ് പറഞ്ഞു.സിവിലിയൻ വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തെ വിവിധ ഗള്‍ഫ് രാജ്യങ്ങളും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും ശക്തമായി അപലപിച്ചു. പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാൻ എംബസി അധികൃതർ രംഗത്തുണ്ട്. വ്യോമയാന മന്ത്രാലയം അടിയന്തര സുരക്ഷാ പ്ലാൻ ആക്ടിവേറ്റ് ചെയ്തതായും നാശനഷ്ടങ്ങള്‍ വിലയിരുത്തിയ ശേഷം സർവീസുകള്‍ പുനഃസ്ഥാപിക്കുമെന്നും കുവൈത്ത് സിവില്‍ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.