ബെംഗളൂരു: ശ്രീ ശ്രീ രവിശങ്കറിന്റെ ‘ആർട്ട് ഓഫ് ലിവിംഗ്’ ഫൗണ്ടേഷൻ ബെംഗളൂരുവില്‍ വൻതോതില്‍ സർക്കാർ ഭൂമിയും ദലിത് ഭൂമിയും കൈയേറിയെന്ന പരാതികളില്‍ സമഗ്ര അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് കർണാടക സർക്കാർ.ബെംഗളൂരു റീജിയണല്‍ കമ്മീഷണറുടെ നേതൃത്വത്തിലുള്ള 11 അംഗ ഉന്നതതല സംഘത്തിനാണ് അന്വേഷണ ചുമതല. കർണാടക ലാൻഡ് റവന്യൂ ആക്ട്-1964, ലാൻഡ് ഗ്രാബ്ബിംഗ് പ്രൊഹിബിഷൻ ആക്ട്-2011 എന്നിവ പ്രകാരം റവന്യൂ വകുപ്പ് ഇതുസംബന്ധിച്ച് ഔദ്യോഗിക ഉത്തരവിറക്കി.ഹൈക്കോടതിയിലുള്ള പൊതുതാല്പര്യ ഹർജിയുടെയും മുൻപ് ലഭിച്ച പരാതികളുടെയും അടിസ്ഥാനത്തിലാണ് ആഭ്യന്തര അന്വേഷണത്തിന് സർക്കാർ തുനിഞ്ഞത്. 2025 ഒക്ടോബറില്‍ ലാൻഡ് റെക്കോർഡ്സ് വിഭാഗം നടത്തിയ പ്രാഥമിക സർവേയില്‍,ആർട്ട് ഓഫ് ലിവിംഗ് ട്രസ്റ്റിമാരും ചില സ്വകാര്യ കമ്പനികളും ചേർന്ന് വ്യാജ രേഖകളും സംശയാസ്പദമായ ലീസ് കരാറുകളും ചമച്ച് 290 ഏക്കറിലധികം സർക്കാർ ഭൂമി നേരിട്ടും പരോക്ഷമായും കൈവശപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. ഇതില്‍ എസ്സി-എസ്ടി വിഭാഗക്കാർക്ക് അനുവദിച്ച 150 ഏക്കർ ഭൂമിയും ഉള്‍പ്പെടുന്നുണ്ടെന്നാണ് ഉയർന്നുവരുന്ന ഗുരുതരമായ ആക്ഷേപം.
ഭൂമി അനുവദിച്ച രേഖകളുടെ ആധികാരികത ഉറപ്പാക്കലും വ്യാജ ആധാരങ്ങള്‍ കണ്ടെത്തലും എസ്ഐടിയുടെ പ്രധാന അന്വേഷണ പരിധിയില്‍ വരും. കൂടാതെ യഥാർത്ഥ ഭൂമിയുടമകളെയും നിയമപരമായ അവകാശികളെയും കണ്ടെത്തുക,ഉപഗ്രഹ ദൃശ്യങ്ങളുടെ സഹായത്തോടെ പ്രദേശത്തെ പരിസ്ഥിതി നാശം വിലയിരുത്തുക, കൈയേറിയെന്ന് പറയുന്ന കുളങ്ങളും മഴവെള്ളച്ചാലുകളും ഡിജിറ്റല്‍ സർവേ നടത്തുക, അനധികൃതമായി നിർമ്മിച്ച ലക്ഷ്വറി അപ്പാർട്ട്മെന്റുകളും കെട്ടിടങ്ങളും കണ്ടെത്തുക എന്നീ കാര്യങ്ങള്‍ എസ്ഐടിയുടെ മേല്‍നോട്ടത്തില്‍ നടക്കും.അതേസമയം, സംസ്ഥാന സർക്കാരിന്റെ എസ്ഐടി അന്വേഷണ തീരുമാനത്തെ ആർട്ട് ഓഫ് ലിവിംഗ് ഇന്റർനാഷണല്‍ സെന്റർ ഭാരവാഹികള്‍ സ്വാഗതം ചെയ്തു. സംഘടനയ്ക്കെതിരെ ചില താല്പര്യകക്ഷികള് നടത്തുന്ന ദുരുദ്ദേശ്യപരമായ പ്രചാരണങ്ങളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ നിഷ്പക്ഷ അന്വേഷണം സഹായിക്കുമെന്ന് അവർ വ്യക്തമാക്കി.കൈയേറ്റ ആരോപണങ്ങള്‍ പൂർണ്ണമായും തള്ളിയ സംഘടന, സർക്കാർ അനുവദിച്ച 60 ഏക്കറില്‍ വെറും 36 ഏക്കർ മാത്രമാണ് തങ്ങളുടെ കൈവശമുള്ളതെന്നും, ബാക്കി 24 ഏക്കർ സർക്കാർ ഇതുവരെ വിട്ടുനല്‍കിയിട്ടില്ലെന്നും മുൻപ് നടന്ന സർവേയില്‍ വ്യക്തമായതാണെന്നും പ്രസ്താവനയിലൂടെ അറിയിച്ചു.